2009-11-17 15:28:27

പ്രേഷിതപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍െറ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന്, പാപ്പാ.


സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ മൂന്നാം സഹസ്രാബ്ദത്തില്‍ സമൂഹത്തിന്‍െറ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളെ കേന്ദീകരിച്ചായിരിക്കണമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ജനതകളടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ തിങ്കളാഴ്ച ആരംഭിച്ച സംപൂര്‍ണ്ണ സമ്മേളനത്തിനായി സംഘത്തിന്‍െറ ഫ്രീഫെക്ട് കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസിന്‍െറ പേരില്‍ പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ആ ഉദ്ബോധനം. വിശുദ്ധ പൗലോസും നവ അരെയോപ്പാഗാസും എന്ന സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം, സുവിശേഷവല്‍ക്കരണവേളയില്‍ വന്‍ വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ അരെയോപ്പാഗസുകള്‍ വേണ്ട വിധത്തില്‍ കൈക്കാര്യം ചെയ്യപ്പെടണ്ടതിന്‍െറ അടിയന്തരപ്രസക്തിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മൂല്യങ്ങളെ അവഗണിക്കുന്ന ആപേക്ഷികതാവാദം കുടുംബങ്ങളിലും, വിദ്യാഭ്യാസവേദിയിലും, സമൂഹത്തിലെ ഇതരമേഖലകളിലും നുഴഞ്ഞു കയറി ആ തലങ്ങളെ ദുഷിപ്പിക്കുകയും, മനുഷ്യമനസ്സാക്ഷിയെ വികലമാക്കുകയും ചെയ്യുന്ന അവസ്ഥയും പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത്തരം കെണികള്‍ വന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടയിലും പരിശുദ്ധാത്മാവ് സദാ പ്രവര്‍ത്തനനിരതമാണെന്ന് സഭയ്ക്ക് അറിയാം. സുവിശേഷത്തിലേയ്ക്ക് നവ കവാടങ്ങള്‍ തുറക്കുകയും, ലോകമെമ്പാടും അധികൃത ആത്മീയവും അപ്പസ്തോലികവും ആയ നവീകരണത്തിനായുള്ള ഒരാഗ്രഹം വ്യാപകമാകുകയും ആണ് ഇന്ന്. ഏതെരു പരിവര്‍ത്തനക്കാലത്തെയും പോലെ ഇന്നും അജപാലനമുന്‍ഗണന ക്രിസ്തുവിന്‍െറ യഥാര്‍ത്ഥവദനം ഏവര്‍ക്കും കാട്ടിക്കൊടുക്കുകയാണ്. അതിന് ഓരോ ക്രൈസ്തവസമൂഹവും, സഭയും ഐക്യം ക്ഷമാപൂര്‍വ്വകം വളര്‍ത്തിയെടുത്തുകൊണ്ട് ക്രിസ്തുവിനോടുള്ള വിശ്വസ്തയ്ക്ക് സാക്ഷൃമേകണം. ക്രൈസ്തവൈക്യം കാര്യക്ഷമവും ഫലദായകവും ആക്കുവാനും, നമ്മുടെ ഇക്കാലത്തെ സാംസ്ക്കാരിക സാമൂഹിക വെല്ലുവിളികളെ നേരിടുവാനും അത് സഹായിക്കുമെന്ന് അനുസ്മരിപ്പിക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിജാതിയരുടെ അപ്പസ്തോലനായ വിശുദ്ധ പൗലോസിന്‍െറ ജീവിതശൈലിയും, അപ്പസ്തോലിക തീക്ഷ്ണതയും അനുകരിക്കുവാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് സന്ദേശം സമാപിപ്പിക്കുന്നത്.







All the contents on this site are copyrighted ©.