2009-11-11 18:37:37

രാഷ്ട്രങ്ങള്‍ മതസൗഹാര്‍ദ്ദത്തിനായി പരിശ്രമിക്കണം -- ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മീലിയോരെ


10 നവംമ്പര്‍ 2009
ലോകരാഷ്ട്രങ്ങള്‍ മതസൗഹാര്‍ദ്ദത്തിനായി കൂടുതല്‍ പരിശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ 64ാമത്തെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മീലിയോരെ അഭ്യര്‍ത്ഥിച്ചു.
മതം ഒരു മയക്കുമരുന്നാണെന്ന ചിന്ത മാറി, അത് പാവങ്ങള്‍ക്ക് പോഷണമാണെന്ന് അംഗീരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ സ്ഥായിയായ ലോകസമാധാനം കൈവരിക്കുവാന്‍ വിവിധ മതങ്ങള്‍ക്കുള്ള പങ്കു പരിഗണിച്ച്, തുറന്ന സംവാദത്തിലൂടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരധാരണ വളര്‍ത്തുന്നതിന് ലോകരാഷ്ട്രങ്ങള്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകത ആര്‍ച്ചുബിഷപ്പ് മീലിയോരെ ചൂണ്ടിക്കാട്ടി.

ജനനേതാക്കളും രാഷ്ടീയ സംവിധാനങ്ങളും മതങ്ങളെ ചൂഷണംചെയ്യാതിരുന്നാല്‍ ജീവന്‍ പരിരക്ഷിക്കുന്നതിനും മനുഷ്യന്‍റെ ആത്മീയത വളര്‍ത്തുന്നതിനും, പാവങ്ങളെ കരുത്തരാക്കുന്നതിനും, ആദര്‍ശങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനും, സമൂഹ്യ അസമത്ത്വങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ലോകനേതാക്കള്‍ അവരുടെ സാധാരണ ഉത്തരവാദിത്വങ്ങള്‍ക്കുമപ്പുറം ഒരാത്മീയ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച് ജനങ്ങളെ സമഗ്രമായ പുരോഗതിയിലേയ്ക്കും സമാധാനപൂര്‍ണ്ണമായ ജീവിതാന്തരീക്ഷത്തിലേയ്ക്കും നയിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മീലിയോരെ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.