2009-11-07 06:51:02

പൗരോഹിത്യ-സമര്‍പ്പിത ജീവിത ദൈവവിളികള്‍ സ്വീകരിച്ചിട്ടുള്ളവരുടെ ജീവിത നവീകരണം അനിവാര്യമാണെന്ന് കൊച്ചി രൂപതയുടെ മെത്രാന്‍ ജോസഫ് കരിയില്‍


( 06/11/2009 വത്തിക്കാന്‍) പൗരോഹിത്യ-സമര്‍പ്പിത ജീവിത ദൈവവിളികളോടുള്ള നിഷേധാത്മകമനോഭാവത്തില്‍ ഒരുമാറ്റം ഉണ്ടാക്കുന്നതിന് ആ വിളികള്‍ സ്വീകരിച്ചിട്ടുള്ളവരുടെ ജീവിത നവീകരണം അനിവാര്യമാണെന്ന് കൊച്ചി രൂപതയുടെ മെത്രാന്‍ ജോസഫ് കരിയില്‍ പ്രസ്താവിച്ചു.
വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പൗരോഹിത്യ-സന്യസ്ത ദൈവവിളികളോടുള്ള ജനങ്ങളുടെ മനോഭാവത്തെയും നാട്ടില്‍ ഈ ദൈവവിളികള്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരോഹിത്യജീവിതവും സമര്‍പ്പിതജീവിതവും വാക്കുകളില്‍ ഒതുങ്ങിനില്ക്കുന്നതല്ല, പ്രത്യുത, പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അഭിവന്ദ്യ ജോസഫ് കരിയില്‍ ഊന്നിപ്പറഞ്ഞു. ബലഹീനരെങ്കിലും ദൈവസഹായത്തിലാശ്രയിച്ചുകൊണ്ട് ജനത്തിനുവേണ്ടി, ലോകത്തിനുവേണ്ടി, സേവനത്തിന്‍റെ പാത തിരഞ്ഞടുത്തിരിക്കുന്നുവെന്ന ബോധ്യത്തോടുകൂടിയ പ്രവര്‍ത്തനമുണ്ടാകുമ്പോള്‍ എന്തൊക്കെ എതിര്‍ പ്രചരണങ്ങളുണ്ടായാലും നിഷ്പ്പക്ഷമതികള്‍ ഈ ദൈവവിളികളെ ആദരിക്കുമെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. സഭയുട‍െ സാമുഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റി, വിശിഷ്യ, വിദ്യഭ്യാസ-ആതുരസേവനസംരംഭങ്ങളെപ്പറ്റി പരാമര്‍ശിച്ച അദ്ദേഹം, ഈ പ്രവര്‍ത്തനങ്ങളെ തമസ്ക്കരിക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമം പല കോണുകളില്‍നിന്നും ഉണ്ടാകുന്നുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി. വിദ്യ പ്രദാനം ചെയ്യുക, പൗരക്ഷേമം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ചുമതലകളുള്ള സര്‍ക്കാര്‍ ഈ രംഗങ്ങളില്‍ നിന്ന് പടിപടിയായി പിന്നോക്കം പോകുകയും, ഈയൊരു പശ്ചാത്തലത്തില്‍ ഈ രംഗങ്ങളിലേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം കച്ചവടക്കാരായി, ജനത്തെ ഉപദ്രവിക്കുന്നവരായി ചിത്രീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ കുറ്റപ്പെടുത്തി.

ഈ അഭിമുഖം പൂര്‍ണ്ണരൂപത്തില്‍ കേള്‍ക്കാന്‍: RealAudioMP3







All the contents on this site are copyrighted ©.