2009-11-03 16:18:57

നവംമ്പര്‍ മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
സൃഷ്ടി സംരക്ഷിക്കപ്പെടണം – ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


 ഈ ലോകത്തു ജീവിക്കുന്ന സകല മനുഷ്യരും, പ്രത്യേകിച്ച് രാഷ്ടീയ-സാമ്പത്തിക മേഖലകളില്‍ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ ദൈവത്തിന്‍റെ സൃഷ്ടി സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്താതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ ഈ മാസത്തിലെ പൊതുനിയോഗത്തിലൂടെ മാര്‍പാപ്പ സഭാമക്കളോട് ആഹ്വാനംച‍െയ്യുന്നു.

ഈ പ്രപഞ്ചം ദൈവത്തിന്‍റെ സൃഷ്ടിയാണ്. അത് എല്ലാവര്‍ക്കുമായി നല്കപ്പെട്ടിരിക്കുന്ന ദൈവീകദാനമാണ്. അതില്‍ അന്തര്‍ലീനമായ ഒരു ക്രമമുണ്ട്. സൃഷ്ടിയില്‍ ദൈവം സംവിധാനം ചെയ്തിരിക്കുന്ന സന്തുലിതാവസ്ഥയെ മാനിച്ചുകൊണ്ട് മനുഷ്യന്‍റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പ്രകൃതിസമ്പത്ത് ഉപയോഗിക്കാവുന്നതാണ്. ആകയാല്‍ സൃഷ്ടിയെ അല്ലെങ്കില്‍ പരിസഥിതിയെ സംരക്ഷിക്കുക എന്നത് സ്രഷ്ടാവായ ദൈവത്തോടുള്ള മനുഷ്യന്‍റെ കടപ്പാടാണ്.

പരിസ്ഥിതിയുടെ സംരക്ഷണം, അതിന്‍റെ സുസ്ഥിരമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവ ഇന്ന് മനുഷ്യകുലത്തിന്‍റെ ഏറെ ഉത്കണ്ഠാജനകമായ പ്രശ്നങ്ങളാണ്.
മനുഷ്യന്‍റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ധാര്‍മ്മിക വിവക്ഷകള്‍ ലോകത്തിലെ ഒരു രാജ്യത്തിനും, വ്യവസായ മേഖലയ്ക്കും അവഗണിക്കാവുന്നതല്ല. ഒരു ചെറിയ സ്ഥലത്തായാലും വലിയ പ്രദേശത്തായാലും മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആഗോളവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
അതിനാല്‍ മനുഷ്യന്‍ പരിസ്ഥിതിയോടു കാണിക്കുന്ന അവഗണനയുടെ പരിണതഫലങ്ങള്‍ അനുഭവവേദ്യമാകുന്നത് തൊട്ടടുത്തുള്ള ഒരു സ്ഥലത്തോ ജനങ്ങള്‍ക്കോ മാത്രമല്ല, വ്യാപകമായ മനുഷ്യസഹവര്‍ത്തിത്വത്തിനുതന്നെ അത് ഹാനികരമായിത്തീരുകയും, മനുഷ്യാന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. സുരക്ഷിതമായ ചുറ്റുപാടുകളില്‍ ജീവിക്കുവാനുള്ള മനുഷ്യാവകാശത്തിന്‍റെ ധ്വംസനം കൂടിയാണ് പരിസ്ഥിതിയോടു മനുഷ്യന്‍ കാണിക്കുന്ന അവജ്ഞയും ക്രൂരതയും.

ദൈവം നല്കിയ മനോഹരമായ പ്രകൃതിയെ മനുഷ്യന്‍ നശിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന പരിസ്ഥിതിപരിണാമത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കണ്ടി വരുന്നത് പാവപ്പെട്ട രാജ്യങ്ങളായിരിക്കും എന്നത് ഒരു സത്യമാണ്.

സ്വാര്‍ത്ഥവും അനൗചിത്യപൂര്‍ണ്ണവുമായ പരിസ്ഥിതിയുടെ ഉപയോഗവും ക്രമാധികമായ പ്രകൃതിസമ്പത്തിന്‍റെ ശേഖരവും വികസനത്തിന്‍റെ വിപരീത ഫലങ്ങളാണ്.
മനുഷ്യന്‍റെ പുരോഗതി സാങ്കേതികവും സാമ്പത്തികവുമായ വശങ്ങളെ മാത്രം കേന്ദ്രീകരിച്ചായാല്‍, ധാര്‍മ്മികവും ആത്മീയവുമായ പുരോഗതി ഇല്ലാതാകുകയും, സമഗ്രമായ പുരോഗതിയുടെ സ്ഥാനത്ത് നശീകരണ പ്രവണതകളുടെ ഒരഴിഞ്ഞാട്ടമുണ്ടാകുകയും ച‍െയ്യും. മനുഷ്യപുരോഗതിയുടെ ശരിയായ മാനങ്ങള്‍ കൈവരിക്കണമെങ്കില്‍ പരിസ്ഥിതിയുടെ യഥാര്‍ത്ഥമായ ധാര്‍മ്മിക വ്യവസ്ഥിതികള്‍ മനുഷ്യന്‍ സംരക്ഷിക്കണം. ഈ കടപ്പാട് പ്രകൃതിയോടും പരിസ്ഥിതിയോടും മാത്രമല്ല, അടുത്തും അകലെയുമുള്ള കാലത്തിലും കാലങ്ങള്‍ക്കപ്പുറവുമുള്ള നമ്മുടെ സഹോദരങ്ങളോടും സ്രഷ്ടാവിനോടുതന്നെയുമുള്ള ഒരാത്മീയ ബന്ധത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമാണ്.




ആഗോള താപനവും അന്തരീക്ഷ മലിനീകരണവും
ഇന്ന് ലോകം ശ്രദ്ധിച്ചിട്ടുള്ള ആഗോളതാപനം മനുഷ്യന്‍റെ നിലനില്പിന് ഒരു ഭീഷണിയാണെന്ന് കാലാവസ്ഥാ വ്യതിയനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയുണ്ടായ താപവര്‍ദ്ധനവ്
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ 5 ഡിഗ്രി സെന്‍റിഗ്രെയ്ഡോളവും, ചിലയിടങ്ങളില്‍ അതിലേറെയും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം.
ആഗോളതാപനത്തിന്‍റെ ഇന്നോളും മനസ്സിലാക്കിയ പ്രത്യാഘാതങ്ങള്‍ ആശങ്കാവഹമാണ്.
1960-നു ശേഷം ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വരള്‍ച്ച എന്നിവ നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങള്‍ക്ക് കാരണം ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശനാശ പ്രതിസന്ധിയാണ്. അതായത് നാം സാധാരണ കണ്ടുകൊണ്ടിരുന്ന ജന്തുക്കളില്‍ പലതിനെയും ഇപ്പോള്‍ കാണുന്നില്ല. വളരെ സാധാരണമായിരുന്ന ചില ഇനം പക്ഷികളും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഉഭയജീവികളില്‍, അതായത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കളില്‍ പല ഇനങ്ങളും, സസ്യജാലങ്ങളില്‍ പല വര്‍ഗ്ഗങ്ങളും പാടെ കാണാതായിരിക്കുന്നു.

ആഫ്രിക്കയിലെ ആമസോണ്‍ വനങ്ങള്‍ ലോകപ്രസിദ്ധമാണ്. എന്നാല്‍ 2030-ാമാണ്ടോടെ അതിന്‍റെ നല്ലൊരു ശതമാനവും വനനശീകരണ പ്രക്രിയയിലൂടെ അപ്രത്യക്ഷമാകുമെന്നാണ് ശാസ്തീയമായ കണക്കുകള്‍ പറയുന്നത്. അത് തീര്‍ച്ചയായും ആഗോളവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

ഉത്തരദ്രുവങ്ങളിലെ മഞ്ഞുകട്ടകള്‍, ഒരിക്കലുമില്ലാത്തതുപോലെ,
ആഗോളതാപനം കൊണ്ട് ഉരുകി നദികളിലും കടലുകളിലും ജലനിരപ്പ് ഉയരുക മാത്രമല്ല, പലേയിടങ്ങളിലും വെള്ളപ്പൊക്കവും ജലപ്രളയവും ഉണ്ടാകുന്നുണ്ട്. ചിലയിടങ്ങളില്‍ കരകള്‍ മുങ്ങിപ്പോകുകയും ധാരാളം ജനങ്ങള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ അടുത്തകാലത്ത് ഫിലിപ്പീന്‍സ്, സുമാത്രാ എന്നീ രാജ്യങ്ങളിലും
ഇന്ത്യയുടെ പല ഭാഗങ്ങളിലുണ്ടായ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്‍റെയും കെടുതികള്‍ നാം ഭീതിയോടെ കണ്ടതാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 40 ദശലക്ഷം വാഹനങ്ങളുടെ സ്ഥാനത്ത് ഇന്ന് 680 ദശലക്ഷം വാഹനങ്ങളായി പെരുകിയിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നു. കൂടാതെ ലോകത്ത് 16,000-ല്‍പരം ജെറ്റുവിമാനങ്ങള്‍ വാണിജ്യ വ്യവസായ മേഖലകള്‍ക്കുവേണ്ടി പറക്കുന്നുണ്ട്. ഈ വാഹനങ്ങളത്രയും പുറത്തേയ്ക്കു വമിക്കുന്ന കാര്‍ബണ്‍ ഡയോക്സയിഡ് വാതകവും ആഗോളതാപനത്തിന് ഹേതുവാകുന്നുണ്ട്.

വനനശീകരണം, വന്‍ ദേശിയ പാതകളുടെയും അണക്ക‍െട്ടുകളുടെയും നിര്‍മ്മാണം, പട്ടണങ്ങളുടെ വിപുലീകരണം, പ്രകൃതിരമണീയമായ സ്ഥാനങ്ങള്‍ കൈയ്യേറി വമ്പന്‍
കെട്ടിട സമുച്ചയങ്ങളും സുഖവാസകേന്ദ്രങ്ങളും നിര്‍മ്മാണം, ഭൂയിടങ്ങള്‍ അശ്രദ്ധമായി ഖനികളും കൃഷിയിടങ്ങളുമാക്കിയുള്ള പരിവര്‍ത്തനം - എന്നീ പ്രതിഭാസങ്ങളും ആഗോള താപനത്തിന് കാരണമായിട്ടുണ്ട്. കായല്‍ത്തീരങ്ങളും നദികളും മലീമസമാക്കുന്നതുവഴിയാണ് ഇന്നുവരെ നാം കേള്‍ക്കാത്ത തരത്തിലുള്ള പനി, പകര്‍ച്ചവ്യാധികള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്നത്. മലിനീകരണംവഴി ഉണ്ടാകുന്ന വിഷാണുക്കളും രോഗാണുക്കളും ഭീതിജനകമാണ്. നമുക്കു ചുറ്റും കാണുന്ന ആശങ്കപരത്തുന്ന പ്രതിഭാസങ്ങള്‍ മനസ്സിലാക്കി മനുഷ്യകുലത്തിനു വന്നുചേരാവുന്ന വിപത്തുകളിലേയ്ക്ക് നാം കണ്ണുതുറക്കേണ്ടതാണ്.

പരിശുദ്ധ പിതാവ് നമുക്കു നല്കുന്ന നവംമ്പര്‍ മാസത്തെ, പ്രാര്‍ത്ഥനാനിയോഗം കണക്കിലെടുത്ത് അതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നമ്മുടെ തന്നെ ജീവിതശൈലിയും ഉപഭോഗരീതികളും ക്രമീകരിക്കുകയും പുനഃപരിശോധിക്കുകയും ച‍െയ്യേണ്ടതാണ്.
പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ അധികവും സാങ്കേതികവും ശാസ്തീയവുമായിരിക്കാം. എന്നാല്‍ അതിലേറെ ഒരു ധാര്‍മ്മികതയുള്ള മനസ്സാക്ഷിയോടെ മനുഷ്യകുലത്തിന്‍റെ, പ്രത്യേകിച്ച് പാവങ്ങളുടെ നന്മ കണക്കിലെടുത്ത് നാം പ്രകൃതിയെ പരിപാലിക്കുകയും ഉപയോഗിക്കുയും വേണം. അത് മനുഷ്യകുലത്തിന്‍റെതന്നെ ഭാവി നിലനില്പിന് തീര്‍ച്ചയായും സഹായകമാകും.

ദൈവനാമത്തില്‍ സമാധാനത്തിന്‍റെ സന്ദേശവാഹകരാകുക –
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ (പ്രേഷിതനിയോഗം)

എല്ലാമതസ്തരും സൗഹൃദമുള്ള ജീവിതസാക്ഷൃംവഴി ദൈവനാമത്തില്‍ സമാധാനത്തിന്‍റെ സന്ദേശവാഹകരായി തീരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഈ മാസത്തെ പ്രേഷിതനിയോഗത്തില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

മതങ്ങള്‍ തമ്മിലുള്ള എത്രയോ യുദ്ധങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ഇത് ഖേദകരമായ ഒരു സത്യമാണ്. കാരണം മതങ്ങള്‍ മനുഷ്യനെ ദൈവത്തിങ്കലേയ്ക്കും, ഒപ്പം മനുഷ്യനിലേയ്ക്കും അടുപ്പിക്കുവാനുള്ള സ്ഥാപനങ്ങളാണ്. ഇന്നത്തെ ലോകത്ത് കണ്ടുവരുന്ന അക്രമപ്രവണതകളെ മതപരമായി വ്യാഖ്യനിക്കരുത്. അവ ഓരോ കാലത്തിലും മനുഷ്യന്‍ ജീവിക്കുയും വളരുകയും ചെയ്യുന്ന സാംസ്കാരിക പരിമിതികളില്‍നിന്ന് വളര്‍ന്നുവന്നതാണെന്ന് മനസ്സിലാക്കണം. മതാത്മകബോധം അതിന്‍റെ പക്വതയിലെത്തുമ്പോള്‍ എല്ലാവരുടെയും സ്രഷ്ടാവും പിതാവുമായ ഏകദൈവത്തിലുള്ള വിശ്വാസത്തില്‍ മനുഷ്യന്‍ എത്തിച്ചേരും. അങ്ങിനെ മനുഷ്യരുടെ ഇടയിലുണ്ടാകേണ്ട ഒരു മാനവ സാഹോദര്യ മൈത്രി അംഗീകരിക്കപ്പെടും.
ദൈവവും മനുഷ്യനുമായുള്ള അഭേദ്യമായ ആത്മീയ ബന്ധമാണ് എല്ലാ മതങ്ങളും വ്യാഖ്യാനിക്കുകയും പ്രബോധിപ്പിക്കുകയും ച‍െയ്യുന്നത്. അതാണ് മതങ്ങളുടെ വിശ്വാസ പാരമ്പര്യവും.

ദൈവദാസനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സീസിന്‍റ‍െ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ സംഘടിപ്പിച്ച 1986-ലെയും 2002-ലെയും സര്‍വ്വമതസമ്മേളനങ്ങള്‍ ലോകസമാധാനവും മാനവീകതയുടെ ഐക്യവും സ്ഥാപിക്കുന്നതില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കിത്തന്നു.

സമാധാനമെന്ന മൂല്യത്തില്‍ ഒത്തിരി ഘടകങ്ങള്‍ കേന്ദ്രീകൃതമായിരുക്കുന്നു. സമാധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക ക്രമങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഏറ്റവും ആദ്യം മനുഷ്യഹൃദയത്തിലാണ് സമാധാനം വളരേണ്ടത്. കാരണം സമാധാനത്തെ പോഷിപ്പിക്കുകയും, ഭീതിപ്പെടുത്തുകയും ബലഹീനമാക്കുകയും, അല്ലെങ്കില്‍ ഞെരുക്കിക്കളയുകയും ചെയ്യുന്ന വികാരങ്ങള്‍ വിടരുന്നത് മനുഷ്യഹൃദയങ്ങളില്‍ത്തന്നെയാണ്. സ്വാര്‍ത്ഥതയുടെ സങ്കുചിത മനോഭാവം വളര്‍ത്തുന്ന മനുഷ്യയാതനകളും തെറ്റിദ്ധാരണകളും, മെല്ലെ അക്രമങ്ങളിലേയ്ക്കാണ് മനുഷ്യനെ വഴിതിരിക്കുന്നത്. അങ്ങിനെയുള്ളൊരു ലോകത്ത് സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും, സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനായി നാം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

സമൂഹത്ത‍െ നശിപ്പിക്കുന്ന നീചമായ സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും, അനിര്‍വാര്യമായ പരിഹാരം സംവാദമാണ്. ലോകത്തെ സമാധാനത്തിലേയ്ക്കും, സാഹോദര്യത്തിലേയ്ക്കും നയിക്കുവാനുള്ള മാര്‍ഗ്ഗവും അതുതന്നെയാണ്.
വിവിധ സംസ്ക്കാരങ്ങളും, വര്‍ഗ്ഗക്കാരും തമ്മിലുണ്ടാകുന്ന അക്രമാസ്ക്തമാകുന്ന, എന്നാല്‍ ഒരു ഫലവുമില്ലാത്ത സംഘര്‍ഷങ്ങള്‍ ഉപേക്ഷിച്ച് സമാധാനപൂര്‍ണ്ണമായ ഒരു സമൂഹം വളര്‍ത്തിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല മനസ്സുള്ള ഒരോ വ്യക്തിയുടേയും വിശ്വാസിയുടേയും കടമയാണ്.
തങ്ങളുടെ ആത്മീയവും സാംസ്ക്കാരികവും, ധാര്‍മ്മികവുമായ മുല്യങ്ങളും, നന്മകളും മനുഷ്യകുലത്തിന്‍റെ പൊതുവായ നന്മയ്ക്കുവേണ്ടി പങ്കുവയ്ക്കുക ഒരോ രാജ്യത്തെയും ജനങ്ങളുടെ ഉത്തരവാദിത്വമാണ്.
വിവിധ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ദൈവത്തിന്‍റേയും വിശ്വാസത്തിന്‍റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ വകവരുത്തുന്ന അവസ്ഥയുണ്ടാകുന്നത് ഏറെ ഖേദകരമാണ്. ഒരുക്കലും ദൈവനാമം കൊലയ്ക്കും കൊലപാതകത്തിനും ഉപയോഗിക്കരുതെന്ന് മാര്‍പാപ്പ ഈ പ്രേഷിതനിയോഗത്തില്‍ ഉപദേശിക്കുന്നു. ദൈവനാമം സമാധാന സംവാഹിയാണ്. ദൈവത്തിന്‍റെ പേരില്‍ മതങ്ങള്‍ തമ്മില്‍ കലഹിച്ച് പല കൂട്ടക്കുരുതികളും ലോകത്തു നടന്നിട്ടുണ്ട്. മതങ്ങള്‍ സംരക്ഷിക്കുന്നു എന്നു പറയുന്ന, ആദര്‍ശങ്ങള്‍ക്കു വിരുദ്ധമായി ആ മതങ്ങള്‍തന്നെ ഉയര്‍ത്തുന്ന തിന്മയുടെ മനോഭാവമാണ് മതമൗലികവാദം.
സത്യമായും ദൈവാത്മാവിന്‍റെ സ്വരം ശ്രവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവര്‍ സമാധാന കാംക്ഷികളായിരിക്കും. പീഡിപ്പിക്കപ്പെട്ടാലും വ്യാജമായി കുറ്റാരോപിക്കപ്പെട്ടാലും, ക്രിസ്തു പഠിപ്പിച്ചതുപോലെ ശത്രുവിനെ സ്നേഹിക്കുവാന്‍ അവര്‍ സന്നദ്ധരായിരിക്കും. ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനദൂതരാക്കേണമേ, എന്നു പ്രാര്‍ത്ഥിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടു ചേര്‍ന്ന് ലോകസമാധാനത്തിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.
പ്രാര്‍ത്ഥിക്കുന്ന മനുഷ്യര്‍ ഒന്നുചേര്‍ന്ന് സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സാക്ഷൃവും സന്ദേശവുമാണ് ലോകത്തിനു നല്കുന്നത്. പ്രാര്‍ത്ഥന മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, മറിച്ച് അനുരഞ്ജനപ്പെടുത്തുകയും സ്നേഹത്തില്‍ ഒന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്.







All the contents on this site are copyrighted ©.