2009-10-31 13:12:25

പ്രപഞ്ചത്തിന്‍റെയു ചരിത്രത്തിന്‍റെയും യഥാര്‍ത്ഥ കേന്ദ്രം യേശു ക്രിസ്തുവില്‍ നാം അംഗീകരിക്കേണ്ടിയിരിക്കുന്നു – മാര്‍പാപ്പ.


ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം കണ്ടുപിടുത്തങ്ങളുടെ മഹായുഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ കൂടുതല്‍ അറിയാനുള്ള തൃഷ്ണയുടെയും വിസ്മയത്തിന്‍റെയും അപൂര്‍വ്വ മനോഭാവം ലോകംമുഴുവനിലുമുള്ള ജനങ്ങള്‍ പുനരാര്‍ജ്ജിക്കുന്നതിനു നിമിത്തമാകണമെന്നു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഒരു പക്ഷേ, അവയെക്കാള്‍ വലിയവയും നാനാവിധങ്ങളുമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടേതായ നമ്മുടെ ഈ യുഗത്തിനും അറിവിന്‍റെ യഥാര്‍ത്ഥമായും മനുഷ്യസ്നേഹപരമായ ഒരു സംശ്ലേഷണം കൈവരിക്കാ൯ ആധുനിക ശാസ്ത്രത്തിന്‍റെ പിതാക്കന്മാരെ ഉത്തേജിപ്പിച്ച അത്ഭുതത്തിന്‍റെയും അഭിവാഞ്ഛയുടെയുമായ ആ ഭാവം പ്രയോജനപ്രദമായിരിക്കുമെന്നു പാപ്പാ പറഞ്ഞു.
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷാചരണ പശ്ചാത്തലത്തില്‍ വത്തിക്കാ൯ വാനനിരീക്ഷണകേന്ദ്രം ഒക്ടോബര്‍ 30,31 തീയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളത്തില്‍ സംബന്ധിച്ചിരുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്രുത ജ്യോതിശാസ്ത്രജ്ഞനമാരെ 30–›ô തീയതി അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ.
“യഥാര്‍ത്ഥ അറിവ് സദാ വിജ്ഞാനോന്മുഖവും അരൂപിയുടേതായ ഉന്നത തലത്തിലേക്ക് ഉറ്റുനോക്കാ൯ നമ്മെ ക്ഷണിക്കുന്നതുമാണെന്നു വ൯ കണ്ടുപിടുത്തങ്ങളുടേതായ യുഗത്തിലെ ശാസ്ത്രജ്ഞന്മാര്‍ നമ്മെ അനുസ്മരിപ്പിക്കുന്നു”‚ പാപ്പാ തുടര്‍ന്നു. “അറിവിനെ അതിന്‍റെ പൂര്‍ണ്ണ വിമോചക വ്യാപ്തിയില്‍ മനസ്സിലാക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിനെ, തീര്‍ച്ചയായും, കണക്കുകൂട്ടലുകളം ശാസ്ത്രീയ പരീക്ഷണങ്ങളുമായി പരിമിപ്പെടുത്താവുന്നതാണ്; എന്നാല്‍ അതു മനുഷ്യനെ അവന്‍റ‍െ ആരംഭങ്ങളിലേക്കും പരമാന്ത്യങ്ങളിലേക്കും നയിക്കാ൯ പ്രാപ്തമായ വിജ്ഞാനമായിത്തീരുന്നതിനു ആത്യന്തികമായ ആ സത്യത്തെ അന്വേഷിക്കാ൯ പ്രതിജ്ഞാബദ്ധമായിരിക്കണം. ആ സത്യം പൂര്‍ണ്ണമായി ഗ്രഹിക്കാ൯ നമുക്ക് ഒരിക്കലും കഴിയുന്നില്ലെങ്കില്‍ത്തന്നെയും നമ്മുടെ യഥാര്‍ത്ഥ സന്തോ‍‍‍‍‍‍‍ഷത്തിലേക്കും സ്വാതന്ത്രത്തിലേക്കും പ്രവേശിക്കുന്നതിനുള്ള താക്കോലും, യഥാര്‍ത്ഥ മാനവികതയുടെ അളവുകോലും, ഭൗതിക ലോകവുമായും മനുഷ്യ മഹാ കുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള നീതിയുക്തമായ ഒരു ബന്ധത്തിനു മാനദണ്ഡവുമാണ്.
പ്രിയ സുഹൃത്തുക്കളേ, നാമോ, നമ്മള്‍ അധിവസിക്കുന്ന ഭൂമിയോ അല്ല, ഓരോന്നിലും അസംഖ്യം നക്ഷത്രങ്ങളോടും ഗ്രഹങ്ങളോടും കൂടിയ, കോടാനുകോടി താരസമൂഹങ്ങള്‍ ചേര്‍ന്നു രൂപംനല്കിയിരിക്കുന്ന പ്രപഞ്ചത്തിന്‍റെ കേന്ദ്രമെന്ന് ആധുനിക പ്രപഞ്ചശാസ്ത്രം സുതരാം വ്യക്തമാക്കുന്നു. ആകയാല്‍, അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വത്സാചരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു നാം പ്രത്യുത്തരങ്ങള്‍ തേടുമ്പോള്‍ – പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനം വീണ്ടും കണ്ടെത്തുന്നതിനു ആകാശങ്ങളിലേക്കു ദൃഷ്ടികള്‍ ഉയര്‍ത്തുമ്പോള്‍ – സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു സങ്കീര്‍ത്തക൯ പ്രകടിപ്പിച്ച വിസ്മയം നമ്മുടേതുമായിത്തീരുന്നു. നക്ഷത്രനിബിഡമായ ആകാശത്തെപ്പറ്റി ധ്യാനിച്ച് അത്ഭുതപരതന്ത്രനായി കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാ൯ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാ൯മാത്രം മര്‍ത്ത്യനെന്തു മേന്മയുണ്ട്?(സങ്കീ.8.4—5). അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷാചരണത്തിന്‍റെ പ്രതീക്ഷിത ഫലങ്ങളായ അത്ഭുതവും ആനന്ദാതിരേകവും വിസ്മയാവഹമായ സൃഷ്ടിയെപ്പറ്റിയുള്ള ധ്യാനത്തില്‍നിന്നു സ്രഷ്ടാവിനെയും സൃഷ്ടിയ്ക്കു ഹേതുവായ സ്നേഹത്തെയും സംബന്ധിച്ച ധ്യാനത്തിലേക്കു നയിക്കുമെന്നു ഞാ൯ പ്രത്യാശിക്കുന്നു. സമസ്തവും ആരിലൂടെ ഉണ്ടായോ ആ വചനം കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ നമ്മുടെയിടയില്‍ വസിക്കാ൯ ആഗതനായിയെന്നു ദൈവാവിഷ്കരണം നമ്മോടു പറയുന്നു. പ്രപഞ്ചത്തിന്‍റെയു ചരിത്രത്തിന്‍റെയും യഥാര്‍ത്ഥ കേന്ദ്രം പുതിയ ആദമായ ക്രിസ്തുവില്‍ നാം അംഗീകരിക്കുന്നു. ബുദ്ധിശക്തിയോടുകൂടിയവരും അനന്തമായ ഒരു ഭാഗധേയത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവരുമായ മനുഷ്യ ജീവികള്‍ എന്നനിലയിലെ നമ്മുടെ മഹത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ മാംസം ധരിച്ച വചനമായ അവിടുന്നില്‍ നാം ദര്‍ശിക്കുന്നു”.







All the contents on this site are copyrighted ©.