2009-10-27 16:29:09

എല്ലാമനുഷ്യവകാശങ്ങളുടെയും സാക്ഷാല്‍ക്കാരാര്‍ത്ഥം പ്രവര്‍ത്തിക്കുവാനുള്ള പ്രതിബദ്ധതയുടെ ചാലകശക്തി മനുഷ്യവ്യക്തിയുടെ ഔന്നിത്യമെന്ന്, ആര്‍ച്ചുബിഷപ്പ് ചെലസ്തീസോ മിലിയോറേ.


എല്ലാ മനുഷ്യവകാശങ്ങളുടെയും സാക്ഷാല്‍ക്കാരത്തിനായി പ്രവര്‍ത്തിക്കുവാനുള്ള ചാലകശക്തി മനുഷ്യവ്യക്തിയുടെ ഔന്നിത്യമാണെന്ന്, ഐക്യരാഷ്ട്രസഭയിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ. സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യവകാശങ്ങളുടെയും, അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ സാംസ്ക്കാരികവൈവിധ്യങ്ങള്‍ എന്നിവയുടെ പരിപോഷണത്തിന്‍െറയും സംരക്ഷണത്തിന്‍െറയും, വിവിധ തരത്തിലുള്ള വിവേചനങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന്‍െറയും പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ അടുത്തയിട ചര്‍ച്ച ചെയ്ത മനസ്സാക്ഷി സ്വാതന്ത്ര്യം എന്ന ആശയം സവിശേഷമാം വിധം വ്യക്തമാകുകയാണെന്ന് പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് തുടര്‍ന്നു- എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏതാണ്ടു എല്ലാം മതങ്ങളും തന്നെ വിവിധയിടങ്ങളില്‍ അക്രമവിധേയമാകുന്ന അപലപനീയമായ അവസ്ഥ ഇന്ന് ദൃശ്യമാണ്. ലോകത്തിന്‍െറ പല ഭാഗങ്ങളിലായി 20 കോടി ക്രൈസ്തവരെ സാംസ്ക്കാരിക നൈയാമിക ഘടനകള്‍ വിവേചനത്തിന് ഇരകളാക്കുന്നു. ആ പരിതോവസ്ഥയെ തിരുത്തിക്കുറിക്കുന്നതിന് ഇച്ഛാശക്തിയില്‍ പരിവര്‍ത്തനമുണ്ടാകണം. ജാതിമതസംസ്ക്കാരഭേദമെന്യെ എല്ലാവരെയും ആദരിക്കുവാനുള്ള ആവശ്യകതയെ അധികരിച്ച ബോധ്യം ജനങ്ങളില്‍ രൂപീകരിച്ചുകൊണ്ടു മാത്രമേ അത് സാധിക്കുകയുള്ളൂ. ചില പ്രത്യേകമതങ്ങളോട് പ്രതികാരവും, അക്രമവും ശുപാര്‍ശ ചെയ്യുന്ന പ്രവണത അസഹിഷ്ണതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ പരസ്പരധാരണയെ പരിപോഷിപ്പിക്കുന്നതിന് വിവിധ മതാനുയായികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക ഇന്നിന്‍െറ ഒരാവശ്യമാണ്. അതിന് മനസ്സിന്‍െറയും, ഹൃദയത്തിന്‍െറയും പരിവര്‍ത്തനം ഒരവശ്യവ്യവസ്ഥയാണ്. സാംസ്ക്കാരിക മത വൈവിധ്യങ്ങളോടുള്ള ആദരവിന്‍െറയും, സഹിഷ്ണതയുടെയും പ്രാധാന്യത്തെ പറ്റി കുട്ടികളെയും, യുവജനങ്ങളെയും വിദ്യാഭ്യാസത്തിലൂടെ ബോധവല്‍ക്കരിച്ചുകൊണ്ട് ആ പരിവര്‍ത്തനം നേടിയെടുക്കാനാവും. സമൂഹത്തിന്‍െറ പരിവര്‍ത്തനത്തിന് വിവിധ മതങ്ങള്‍ തമ്മിലുള്ള സഹകരണവും ആവശ്യമാണ്. ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ളിയുടെ അറുപത്തിനാലാം സമ്മേളനത്തിന്‍െറ ‘മനുഷ്യവകാശങ്ങളുടെ പരിപോഷണവും സംരക്ഷണവും’ എന്ന വിഷയത്തെ അധികരിച്ച മൂന്നാം യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ.







All the contents on this site are copyrighted ©.