2009-10-20 15:18:41

അധികൃതസ്നേഹത്തിന്‍െറ ആവശ്യകത കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടിക്കാട്ടുന്നു


പ്രാന്തവത്കരിക്കപ്പ‍െട്ടവര്‍ക്ക് സേവനമേകുന്നതിനും, മതങ്ങളും സംസ്കാരങ്ങളും ആയി സംവാദം നടത്തുന്നതിനും അധികൃതസ്നേഹമുള്ളവര്‍ക്കേ സാധിക്കുകയുള്ളൂയെന്ന് മുംമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു.
പ്രഥമ ഭാരതപ്രേഷിത സമ്മേളനത്തിന്‍റെ സമാപനവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അധികൃതസ്നേഹത്തിന്‍റെ അനിവാര്യത കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടിയത്. സഭ അധികാരമോ പ്രശസ്തിയോ തേടുന്നില്ലായെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്വാധീനത്തിനായി അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ അവള്‍ തല്പരയല്ലെന്നും , ആവശ്യത്തിലായിരിക്കുന്നവര്‍ക്ക് സേവനമേകുവാനും, എല്ലാ ജനതകളെയും പ്രഭാപൂരിതമാക്കുന്ന യഥാര്‍ത്ഥവെളിച്ചം പ്രസരിപ്പിക്കുവാനും ആണ് അവള്‍ ശ്രമിക്കന്നതെന്ന് പ്രസ്താവിച്ചു.
മതപരിവര്‍ത്തന വിരുദ്ധനിയമം ഉണ്ടാക്കുവാനുള്ള ചില സംസ്ഥാനങ്ങളുടെ പരിശ്രമങ്ങളെ പരാമര്‍ശ വിഷയമാക്കിക്കൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു. അത്തരം നിയമത്തിന്‍റെ ആവശ്യമില്ലെന്നാണ് സഭയുടെ മറുപടി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ കത്തോലിക്കാസഭ വിശ്വസിക്കുന്നില്ല. മതപരിവര്‍ത്തനം ചെയ്യുവാനാഗ്രഹിക്കുന്ന വ്യക്തിയുടെ ആത്മാര്‍ത്ഥത വേണ്ടവിധം പരിശോധിച്ചു മനസ്സിലാക്കിയശേഷമേ സഭ അതിന് മുന്‍കൈയെടുക്കുകയുള്ളൂ. അതേസമയും ആരെങ്കിലും യേശു ക്രിസ്തുവിനെ അനുധാവനം ചെയ്യുവാനാഗ്രഹിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്യുവാന്‍ ആ വ്യക്തിക്കു് അവകാശമുണ്ട്. കാരണം അത് മനുഷ്യന്‍റെ അവകാശമാണ്, നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. ഒരുവന്‍റെ മനസ്സാക്ഷിയാകുന്ന ശ്രീകോവിലില്‍ പ്രവേശിക്കുവാന്‍ ഒരു പൗരാധികാരിക്കും അവകാശമില്ല.







All the contents on this site are copyrighted ©.