2009-10-17 11:15:08

ഹിന്ദുക്കളും ക്രൈസ്തവരും: സമഗ്ര മാനവ പുരോഗതിയ്ക്കു പ്രതിജ്ഞാബദ്ധര്‍.


മതാന്തരസംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷ൯ കര്‍ദ്ദിനാള്‍ ഷാ൯-ലൂയി തൗറാ൯ അയച്ച ദീപാവലി സന്ദേശം.
പ്രിയ ഹിന്ദു സുഹൃത്തുക്കളേ,
1. നിങ്ങള്‍ക്ക് ഏവര്‍ക്കും, ഒരിക്കല്‍കൂടി, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നാമത്തില്‍ ആശംസ നേരുന്നതില്‍ എനിക്കു സന്തോഷമുണ്ട്: സന്തോഷപൂര്‍ണ്ണമായ ദീപാവലി. മതപരമായ ഉത്സവങ്ങള്‍ ദൈവവുമായും പരസ്പരവുള്ള നമ്മുടെ ബന്ധം പുനരുജ്ജീവിപ്പിക്കാ൯ നമുക്ക് അവസരമൊരുക്കുന്നു. വെളിച്ചത്തിന്‍റെ ഈ മഹോത്സവം, നമ്മുടെ മനസ്സുകളും ഹൃദയങ്ങളും പരമ പ്രകാശമായ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതോടൊപ്പം നമ്മുടെ മദ്ധ്യത്തിലെ സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുകയും നാമേവരിലും സന്തോഷവും സമാധാനവും നിറയ്ക്കുകയും ചെയ്യട്ടെ.
2. പൊതു ഔത്സുക്യമുള്ള വിഷയങ്ങളെപ്പറ്റി ചിന്തകള്‍ പങ്കുവയ്ക്കുന്ന, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പാരമ്പര്യം മാനിച്ചുകൊണ്ട്, ഈ വര്‍ഷം ഒരു സമഗ്ര മാനവ വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതകയെപ്പറ്റി നമുക്കു ചിന്തിക്കാമെന്നു നിര്‍ദ്ദേശിക്കാ൯ ഞാ൯ അഭിലഷിക്കുന്നു.
3. സമഗ്ര മാനവ വികസനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഓരോ വ്യക്തിയുടെയും, സമുദായത്തിന്‍റെയും, സമൂഹത്തിന്‍റെയും യഥാര്‍ത്ഥ നന്മ ലക്ഷൃമാക്കി, മനുഷ്യ ജീവിതത്തിന്‍റെ സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവും, ബൗദ്ധികവും, ആദ്ധ്യാത്മികവും, മതാത്മകവുമായ മാനങ്ങളിലെല്ലാമുള്ള മുന്നേറ്റമാണ്. ആറാം പൗലോസ് മാര്‍പാപ്പ ഇതിനെ “സംപൂര്‍ണ്ണ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും പുരോഗതി” യായി (പോപ്പുളോരും പ്രോഗ്രസ്സിയോ,42) “മനുഷ്യോചിതമായി താണ പരിതസ്ഥിതികളില്‍നിന്നു യഥാര്‍ത്ഥമായും മാനുഷികമായ പരിതസ്ഥിതികളിലേക്കുള്ള ഉയര്‍ച്ച”യായി(പോ.പ്രോ.20) അവതരിപ്പിച്ചു. “സമഗ്ര മാനവ പുരോഗതിയ്ക്കു വ്യക്തികളുടെയും ജനതകളുടെയും ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഈ അടുത്ത സമയത്തു "സത്യത്തില്‍ സ്നേഹം" എന്ന തന്‍റെ ചാക്രികലേഖനത്തിലെഴുതി (17).
4. പരസ്പരമുള്ള പങ്കുവയ്ക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും ഗൗരവബുദ്ധിയോടെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടും മാത്രമേ യഥാര്‍ത്ഥ മാനവ പുരോഗതി കൈവരിക്കാനാവൂ. ഈ ഉത്തരവാദിത്വം മനുഷ്യ ജീവികള്‍ എന്ന നിലയില്‍ സ്വാഭാവികമായും ഒരേ മനുഷ്യ കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയിലും നിര്‍ഗ്ഗളിക്കുന്നതാണ്.
5. സമഗ്ര വികസന പ്രക്രിയയില്‍ മനുഷ്യ ജീവന്‍റെ സംരക്ഷണം, മനുഷ്യ വ്യക്തിയുടെ മഹത്വത്തോടും മൗലികാവകാശങ്ങളോടുമുള്ള ബഹുമാനം എന്നിവ വ്യക്തിപരമായും സംഘമായും എല്ലാവരുടെയും കടമയാണ്.
6. അപരരോടുള്ള ആദരവില്‍, അങ്ങനെ, അവരുടെ സ്വാതന്ത്രത്തിന്‍റെ- മനഃസാക്ഷി, ചിന്താ, മത സ്വാതന്ത്ര്യങ്ങളുടെ- അംഗീകാരവും അന്തര്‍ല്ലീനമാണ്. മതാത്മക ജീവികള്‍ എന്ന നിലയിലെ പ്രഥമ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മാനിക്കപ്പെടുന്നതായി വ്യക്തികള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമേ മറ്റുള്ളവരുമായി ഇടപെടുവാനും മനുഷ്യകുലത്തിന്‍റെ പുരോഗതിയ്ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കാനും അവര്‍ക്കു സാധിക്കുകയുള്ളു. അതു വികസനത്തിന് ഉതകുന്ന കൂടുതല്‍ സമധാനപരമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുത്തുകയും ചെയ്യും.
7. സമഗ്ര മാനവ വികസനത്തിനു മനുഷ്യാവകാശങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള ഒരു രാഷ്ട്രീയ മനസ്സ് ആവശ്യകമാണ്. പുരോഗതി, സ്വാതന്ത്ര്യം, സമാധാനം ഇവ അഴിക്കാനാവാത്തവിധം പിണഞ്ഞിരിക്കുന്നവയാണ്; അവ പരസ്പര പൂരകങ്ങളുമാണ്. സ്ഥായിയായ സമാധാനവും ഏകതാന ബന്ധങ്ങളും ഉരുത്തിരിയുന്നത് സ്വാതന്ത്ര്യത്തിന്‍റെ ഒരന്തരീക്ഷത്തിലാണ്; അതുപോലെ, സമഗ്ര മാനവ പുരോഗതി സഫലമാകുന്നതു സമാധാനത്തിന്‍റെ ഒരന്തരീക്ഷത്തിലും.
സഹവര്‍ത്തിത്വം, മതമൈത്രി, ഓരോ വ്യക്തിയ്ക്കും എല്ലാവര്‍ക്കും സമഗ്ര പുരോഗതി എന്നിവയെ സംബന്ധിച്ച ഒരു യഥാര്‍ത്ഥ വീക്ഷണത്തെ തടസ്സപ്പെടുത്തുന്ന സകല തമസ്സും അകറ്റുന്നതിന് സന്മസ്സുള്ളവര്‍ എന്ന നിലയില്‍ നമുക്ക് ഒന്നുചേരാം. ദീപാവലി നമ്മുടെ സൗഹൃദം ആഘോഷിക്കുന്നതിനും നന്മ തിന്മയുടെയും, പ്രകാശം അന്ധകാരത്തിന്‍റെയും മേല്‍ വരിക്കുന്ന വിജയം നിര്‍ഭയം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നതിനും, സര്‍വ്വര്‍ക്കും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെയും സര്‍വ്വരുടെയും സമഗ്ര മാനവ വികസനത്തിന്‍റെയും ആയ ഒരു യുഗം ഉദിക്കുന്നതിനുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനു പ്രതിജ്ഞാബദ്ധരാകുന്നതിനുമുള്ള ഒരു സന്ദര്‍ഭമായിരിട്ടെ.
ഉജ്ജ്വലവും ആഹ്ലാദപൂര്‍ണ്ണവുമായ ഒരു ദീപാവലി ഒരിക്കല്‍കൂടി ആശംസിക്കുന്നു.
കര്‍ദ്ദിനാള്‍ ഷാ൯-ലൂയി തൗറാ൯
അദ്ധ്യക്ഷ൯.
ആര്‍ച്ചുബിഷപ്പ് പിയേര്‍ ലുയീജി ചെലാത്ത
കാര്യദര്‍ശി.







All the contents on this site are copyrighted ©.