2009-10-11 18:41:45

ബറാക് ഒബാമയ്ക്ക് സമാധാന നൊബേല്‍ പുരസ്കാരം ലഭിച്ചതില്‍ വത്തിക്കാ൯ സന്തുഷ്ടി പ്രകടിപ്പിച്ചു.


ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്ക൯ ഐക്യനാടുകളുടെ പ്രസിഡന്‍റ് ബറാക് ഒബാമ തെരെഞ്ഞെടുക്കപ്പെട്ട വാര്‍ത്ത, അന്താരാഷ്ട്ര തലത്തില്‍ സമാധാനം പരിപോഷിപ്പിക്കുന്നതിനു, വിശിഷ്യ ഈ അടുത്ത സമയത്ത് ആണവനിരായുധീകരണത്തിന്, അദ്ദേഹം പ്രകടമാക്കിയ പ്രതിജ്ഞാബദ്ധതയുടെ വെളിച്ചത്തില്‍, വത്തിക്കാ൯ സഹര്‍ഷം സ്വാഗതം ചെയ്തുവെന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. വളരെ പ്രധാനപ്പെട്ട ഈ അംഗീകാരം, വൈഷമ്യമേറിയ, അതേസമയം മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ, ആ യത്നം പ്രതീക്ഷമാണ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി തുടരാ൯ അദ്ദേഹത്തിനു പ്രോത്സാഹനം പകരട്ടേയെന്നു വത്തിക്കാ൯ ആശംസിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി കൈവന്ന നൊബേല്‍ പുരസ്കാരത്തെ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായി സ്വീകരിക്കുന്നുവെന്ന്, സമ്മാനവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നു വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് ബറാക് ഒബാമ പറയുകയുണ്ടായി.
ജനതകള്‍ക്കിയില്‍ ധാരണയും സഹകരണവും വര്‍ദ്ധമാനമാക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് അംഗീകാരമായിട്ടാണു പ്രസിഡന്‍റ് ബറാക് ഒബാമയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് അമേരിക്ക൯ ഐക്യനാടുകളുടെ പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള സ്ഥാനപതി മിഗേല്‍ ഹുംബേര്‍ട്ട് ദീയസ്‍ വത്തിക്കാ൯ റേഡിയോയുമായി നടത്തിയ ഒരഭിമുഖ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. നൊബേല്‍ സമാധാന പുരസ്കാര ജേതാവായതു മെച്ചപ്പെട്ട ഒരു ലോകം പണിതുയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരാ൯ പ്രസിഡന്‍റ് ഒബാമയ്ക്ക് കൂടുതല്‍ ഉത്തേജനം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 2-ന് താ൯ തന്‍റെ ആധികാരിക സാക്ഷൃപത്രങ്ങള്‍ സമര്‍പ്പിച്ച സന്ദര്‍ഭത്തില്‍ ലോകത്തെ ആണവായുധ വിമുക്തമാക്കാനുള്ള പ്രസിഡന്‍റ് ഒബാമയുടെ പ്രതിബദ്ധതയെ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പ്രശംസിച്ചിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള അമേരിക്കയുടെ പുതിയ സ്ഥാനപതി ദീയസ് വെളിപ്പെടുത്തി, വത്തിക്കാ൯ റേഡിയോയുമായുള്ള അഭിമുഖത്തില്‍.







All the contents on this site are copyrighted ©.