2009-10-05 17:57:18

രണ്ടാം ആഫ്രിക്ക൯ സിനഡ് ആരംഭിച്ചു.


മെത്രാന്മാരുടെ സിനഡിന്‍റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം പ്രത്യേക സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു. ഒക്ടോബര്‍ 4 ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ മുഖ്യ കാര്‍മ്മികനും കര്‍ദ്ദിനാള്‍ന്മാര്‍, ആര്‍ച്ചുബിഷപ്പന്മാര്‍, ബിഷപ്പന്മാര്‍, പുരോഹിതര്‍ എന്നിവരടക്കം 294 പേര്‍ സഹകാര്‍മ്മികരുമായിരുന്ന സമൂഹബലിയോടെ രണ്ടാം ആഫ്രിക്ക൯ സിനഡ് സാഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടു.സഹകാര്‍മ്മികരില്‍ 239 പേര്‍ സിനഡു പിതാക്കന്മാരായിരുന്നു. ദിവ്യപൂജയില്‍ ഒന്നാം വായന ഫ്രഞ്ചിലും രണ്ടാം വായന ഇംഗ്ലീഷിലും ആയിരുന്നു; പ്രതിവചന സങ്കീര്‍ത്തനം ഇറ്റാലിയനില്‍ ആലപിക്കപ്പെട്ടു. വിശ്വാസികളുടെ സാര്‍വ്വത്രിക പ്രാര്‍ത്ഥന സ്വഹീലി, പോര്‍ച്ചുഗീസ്, അമാറീക്കൊ, ഹൗസാ, ലി൯ഗാല, അറബി എന്നീ ഭാഷകളില്‍ നടത്തപ്പെട്ടു. സമൂഹബലിയിലെ മൂന്നു ഗീതങ്ങള്‍ ആലപിച്ചത് 80 അംഗ ആഫ്രിക്ക൯ ഗായകസംഘമായിരുന്നു. ഒക്ടോബര്‍ 25 വരെ ദീര്‍ഘിക്കുന്ന സിനഡു സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം "ആഫ്രിക്കയിലെ സഭ അനുരഞ്ജനം, നീതി, സമാധാനം ഇവയുടെ സേവനത്തില്‍ ..........നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്........... നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്നതാണ്.
ആഫ്രിക്കയുടെ അഗാധമായ ദൈവാവബോധം മുഴുവ൯ ലോകത്തിനും ഒരമൂല്യ നിധിയാണെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ സമൂഹബലിയിലെ സുവിശേഷ പ്രഭാഷണത്തില്‍ പറഞ്ഞു. “ആഫ്രിക്കയുടെ നിധികളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ നമ്മുടെ ചിന്തയില്‍ ആദ്യം വരുന്നത് ആ ഭൂഖണ്ഡം ഏറെ സമ്പന്നയായിരിക്കുന്നതും, നിര്‍ഭാഗ്യവശാല്‍, ചൂഷണം, സംഘര്‍ഷം, അഴിമതി എന്നിവയ്ക്കു പലപ്പോഴും കാരണമായതും ആയിക്കോണ്ടിരിക്കുന്നതുമായ വിഭവശേഷികളാണ്. എന്നാല്‍, ദൈവവചനം ആ ഭൂവിഭാഗത്തിന്‍റെ മറ്റൊരു സമ്പന്നതയിലേക്ക്, അസംസ്കൃത സാധനങ്ങളെക്കാള്‍ മനുഷ്യവര്‍ഗ്ഗത്തിന് ആവശ്യകമായ ആദ്ധ്യാത്മികവും സാംസ്കാരികവുമായ സമ്പന്നതയിലേക്കു, ശ്രദ്ധ തിരിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഈ വീക്ഷണത്തില്‍ ആഫ്രിക്ക, വിശ്വാസം പ്രത്യാശ എന്നിവയുടെ കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന മാനവകുലത്തിനു ബൃഹത്തായ ഒരു ആദ്ധ്യാത്മിക ശ്വാസകോശമായി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഈ ശ്വാസകോശവും രോഗാതുരമാകാം. അപകടകാരികളായ രണ്ടു രോഗനിദാന അണുക്കളെങ്കിലും ഇന്ന് ആ ഭൂഖണ്ഡത്തെ ബാധിക്കുന്നുണ്ട്. അവയില്‍ ഗൗരവാവഹമായതു പടിഞ്ഞാറ൯ നാടുകളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന പ്രായോഗിക ഭൗതികവാദമാണ്; ആപേക്ഷികതാവാദവും ശൂന്യതാദര്‍ശനവും അതിന് അകമ്പടി സേവിക്കുകയും ചെയ്യുന്നു. മനുഷ്യാത്മാവിനെ ബാധിക്കുന്ന ഇവ്വിധ രോഗങ്ങളുടെ മൂലകാരണങ്ങള്‍ തേടാതെ , "ഒന്നാം" എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകം ഇതുവരെയും ഇതര ഭൂഖണ്ഡങ്ങളിലെ, വിശിഷ്യ ആഫ്രിക്കയിലെ, ജനങ്ങള്‍ക്ക് ആദ്ധ്യാത്മികമായി ഹാനികരങ്ങളായ വിഷമയ വസ്തുക്കള്‍ കയറ്റി അയച്ചുകൊണ്ടിരുന്നു; ഇപ്പോഴും അതു തുടരുകയും ചെയ്യുന്നു. ഈയൊരര്‍ത്ഥത്തില്‍ കോളനിവാഴ്ച രാഷ്ട്രീയമായ തലത്തില്‍ നിലച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി ഇനിയും അവസാനിച്ചിട്ടില്ല. ഇതേ വീക്ഷണത്തില്‍, ആഫ്രിക്കയെ ബാധിക്കാ൯ സാധ്യതയുള്ള മറ്റൊരു "അണു"വിനെയും ചുണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥാപിത താല്പര്യങ്ങള്‍ കലര്‍ന്നിട്ടുള്ള മതമൗലികവാദമാണത്. ഭിന്ന മതവിഭാഗങ്ങള്‍ ആഫ്രിക്കയില്‍ പരക്കേ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ നാമത്തിലാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ദൈവികയുക്തിയ്ക്കു കടക വിരുദ്ധമായ ഒരു യുക്തിയാണ് അവര്‍ പിന്തുടരുന്നത്. അവര്‍ പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതു സ്വാതന്ത്ര്യത്തോടുള്ള സ്നേഹവും ബഹൂമാനവുമല്ല, മറിച്ച് അസഹിഷ്ണുതയും അക്രമവുമാണ്”‚ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.