2009-10-03 08:28:17

മാര്‍പാപ്പ ആഗോളമിഷന്‍ ഞായര്‍ 2009 പ്രമാണിച്ചു നല്കുന്ന സന്ദേശം.

 


സാര്‍വ്വത്രിക കത്തോലിക്കാസഭ ഒക്ടോബര്‍ 18 ഞായറാഴ്ച ആചരിക്കുന്ന എണ്‍പത്തിമൂന്നാം ലോകമിഷ൯ ദിനം പ്രമാണിച്ചു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ നല്കുന്ന സന്ദേശം.
ജനതകള്‍ അവിടുത്തെ പ്രകാശത്തില്‍ സഞ്ചരിക്കും. – വെളിപാട് 21, 24
അഭിവന്ദ്യ സഹോദര മെത്രാന്മാരേ, പ്രിയ വൈദികരേ, സ്നേഹമുള്ള ദൈവജനമേ,
എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍ (മത്തായി 28, 17) ‌എന്ന ക്രിസ്തുവിന്‍റെ പ്രേഷിതാഹ്വാനത്തെപ്പറ്റി കൂടുതല്‍ ആഴമായൊരവബോധം, വിശുദ്ധ പൗലോസപ്പസ്തോലനെ അനുകരിച്ച് നിങ്ങള്‍ക്കോരോരുത്തര്‍ക്കും നല്കുവാനാണ് ഈ മിഷന്‍ ഞായറാഴ്ച ഞാന്‍ നിങ്ങളെ അഭിസംബോധനചെയ്യുന്നത്.
ജനതകള്‍ അവിടുത്തെ പ്രകാശത്തില്‍ സഞ്ചരിക്കും – വെളിപാട് 21, 24.
ചരിത്രത്തിലൂടെ എല്ലാ ജനതകളും ദൈവത്തിങ്കലേയ്ക്ക് പ്രയാണംചെയ്യുമ്പോള്‍, സഭയുടെ ദൗത്യം എല്ലാവരെയും സുവിശേഷപ്രഭയാല്‍ പ്രശോഭിതരാക്കണമെന്നും, അങ്ങിനെ ദൈവത്തില്‍ ലീനമായിരിക്കുന്ന പൂര്‍ണ്ണത പ്രാപിക്കുവാന്‍ എല്ലാവര്‍ക്കം ഇടയാകണമെന്നുമാണ്. സഭയില്‍ തെളിയുന്ന ക്രിസ്തുവെളിച്ചത്തിന്‍റെ ശോഭയാല്‍ ജനതകളെ നിറച്ച് എല്ലാവരും ദൈവത്തന്‍റെ സ്നേഹനിര്‍ഭരമായ പിതൃത്വത്തില്‍ ഒരുകുടുംബമായി തീരുന്നതിനുള്ള തീക്ഷ്ണമായ ആഗ്രഹവും അഭിവാഞ്ഛയും ക്രൈസ്തവ മക്കളായ നമ്മിലുണ്ടാവണം.
ഈ കാഴ്ചപ്പാടിലാണ് ലോകത്തിന്‍റെ നാനാദിക്കിലും വ്യാപിച്ചിരിക്കുന്ന ക്രൈസ്തവമക്കള്‍
പ്രവര്‍ത്തിക്കുന്നതും കഷ്ടതകള്‍ സഹിക്കുന്നതും ചിലപ്പോള്‍, പീഡനങ്ങളുടെ തേങ്ങലുകളില്‍ തങ്ങളുടെ ജീവിതങ്ങള്‍ സമര്‍പ്പിക്കുന്നതും. സമാദരണീയരായ എന്‍റെ മുന്‍ഗാമികള്‍ നിരന്തരമായി സമര്‍ത്ഥിച്ചിട്ടുള്ളതുപോലെ ഞാനും ആവര്‍ത്തിച്ചു പറയുകയാണ്, സഭ ലോകത്ത് പ്രവര്‍ത്തിക്കുന്നത് തന്‍റെ‍ അധികാരം സ്ഥാപിക്കുവാനോ മേല്‍ക്കോയ്മ ഉറപ്പിക്കുവാനോ അല്ല മറിച്ച്, എല്ലാവരേയും ലോകരക്ഷകനായ ക്രിസ്തുവിങ്കലേയ്ക്ക് ആനയിക്കുവാനാണ്. മാനവരാശി മുഴവന്‍റെയും വിശിഷ്യാ, കഷ്ടതകള്‍ സഹിക്കുന്നവരുടെയും ഒറ്റപ്പെട്ടിരിക്കുന്നവരുടെയും സേവനത്തിനായി നമ്മെത്തന്നെ സമര്‍പ്പിക്കാനാണ് ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നത്.
ആധുനീകലോകത്തിലെ സുവിശേഷപ്രഘോഷണ സംരംഭങ്ങള്‍ ക്രിസ്തീയ സമൂഹത്തിനുവേണ്ടി മാത്രമല്ല, അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും എന്നാല്‍, സനാതന സത്യങ്ങളുടെയും സ്വന്തം അസ്തിത്വത്തിന്‍റെയും അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള അവബോധം നഷ്ടമായിരിക്കുന്നതുമായ (Redemptoris Missio 2), ഇന്നത്തെ മാനവരാശിക്കു മുഴുവനുവേണ്ടിയുമുള്ള സേവനമാണെന്നോര്‍ക്കണം
(Evangelii Nunciandi n.1 ).
1. എല്ലാമനുഷ്യരും രക്ഷയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു
എല്ലാറ്റിന്‍റേയും ഉറവിടമായ ദൈവത്തിങ്കലേയ്ക്ക് തിരിയാനുള്ള മൗലികമായൊരു വിളി മാനവരാശിക്കു മുഴുവനുമുണ്ട്. കാരണം സകലതും ക്രിസ്തുവില്‍ നവീകരിക്കുന്നതുവഴി മാത്രമേ ദൈവത്തില്‍ അതിന്‍റെ പൂര്‍ണ്ണത കണ്ടെത്താനാവുകയുള്ളൂ. ഇന്നു പൊതുവെ നാം കാണുന്ന ഭിന്നത, വിഘടത, ശത്രുത, സംഘര്‍ഷം എന്നിവയ‍െല്ലാം ക്രിസ്തുവിന്‍റ‍െ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കപ്പെടുകയും സൗഖ്യമാക്കപ്പെടുകയും വേണം. അങ്ങിനെ സര്‍വ്വതും ഐക്യത്തിലേയ്ക്ക് നയിക്കപ്പെടണം.
എല്ലാം തന്നില്‍ ഏകീകരിക്കുകയും നവീകരിക്കുകയും, നിത്യമായ ദൈവീകാനന്ദത്തിലേയ്ക്ക് ഏവരേയും വിളിക്കുകയുംചെയ്യുന്ന, ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റേയും മഹത്വീകരണത്തിന്‍റേയും, ഒരു നവമായ തുടക്കം നമുക്ക് കാണാനാവും. മനുഷ്യയാതനകള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറം പുതുജീവന്‍റെ പ്രത്യാശ പരത്തിക്കൊണ്ട് ഒരു നവസൃഷ്ടിയുടെ ആസന്നഭാവി ലോകത്ത് തെളിഞ്ഞുവരുന്നുണ്ട്.
എല്ലാ ജനതകളിലേയ്ക്കും ആളിപ്പടരുന്നൊരു പ്രത്യാശ പരത്തുക എന്നതാണ് സഭയുടെ ദൗത്യം. അങ്ങിനെ, എല്ലാ ജനതകളും ദൈവമക്കളായിത്തീരുന്നതിനു വേണ്ടിയാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരെ വിളിക്കുകയും വിശുദ്ധീകരിക്കുകയും ദൈവരാജ്യം പ്രഘോഷിക്കുന്നതിനായി പറഞ്ഞയക്കുകയും ച‍െയ്തത്.
ഈ ദൗത്യത്തിലാണ് മനുഷ്യന്‍റെ ജീവിതത്തെ നാം മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും. ഈ ആഗോളദൗത്യം സഭാജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായി എന്നും മാറേണ്ടതാണ്. ജനതകളുടെ അപ്പസ്തോലനായ വിശുദ്ധ പൗലോസിനെപ്പോലെ നമുക്കേവര്‍ക്കും, സുവിശേഷപ്രഘോഷണം പ്രഥമവും അനിര്‍വാര്യവുമായ ഉത്തരവാദിത്വമായിരിക്കണം.
2. തീര്‍ത്ഥാടക സഭ
അതിരുകളില്ലാതെ എല്ലാവരോടും സുവിശേഷം പ്രഘോഷിക്കുവാനുള്ള തന്‍റെ ഉത്തരവാദിത്വത്തെപ്പറ്റി സാര്‍വ്വത്രികസഭ ഏറെ ബോധവതിയാണ് (Evangelii Nunciandi 53). ഈ ലോകത്ത് ക്രിസ്തുവിന്‍റെ സേവനം തുടരുക എന്നത്, പ്രത്യാശയുടെ വിത്തുപാകാന്‍ വിളിക്കപ്പെട്ട സഭയുടെ കടമയാണ്.
സഭയുടെ ദൗത്യത്തിന്‍റെയും സേവനത്തിന്‍റെയും തോത്, ഈ ലോകജീവിതത്തിലെ മനുഷ്യന്‍റെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങളെ മാത്രം സ്പര്‍ശിക്കുന്ന ഒന്നല്ല മറിച്ച്, നിത്യരക്ഷ ലക്ഷ്യമാക്കുന്നതും ദൈവരാജ്യത്തില്‍ മാത്രം സഫലീകൃതമാകുന്നതുമാണ് (Evangelii Nunciandi 27).
ദൈവരാജ്യം യുഗാന്ത്യോന്മുഖവും ഈ ലോകത്തിന്‍റേതല്ലാത്തതുമാണ് (യോഹന്നാന്‍ 18, 36), അതേസമയം
അത് ഈ ലോകത്തിലും അതിന്‍റെ ചരിത്രത്തിലും, നീതിയുടേയും സമാധാനത്തിന്‍റേയും, യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റേയും മാത്രമല്ല, ഓരോ മനുഷ്യാന്തസ്സിന്‍റേയും ചാലകശക്തിയാണ്. സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ഈ ലോകത്തെ രൂപാന്തരപ്പെടുത്താന്‍ സഭ ആഗ്രഹിക്കുന്നു.
അങ്ങിനെ പ്രഭമങ്ങിയ ഈ ലോകത്തെ പ്രകാശിപ്പിക്കുവാനും തുടര്‍ന്ന് മനുഷ്യന് ജീവിക്കാനും അദ്ധ്വാനിക്കാനുംവേണ്ട ആത്മീയശക്തിപകരുവാനും, അതുവഴി ദൈവീകവെളിച്ചം ഈ ഭൂമിയില്‍ കൂടുതല്‍ പ്രശോഭിക്കുവാനും ഇടയാകും (Deus Caritas Est 39). ഈ സന്ദേശംവഴി സഭയിലെ എല്ലാ അംഗങ്ങളെയും സ്ഥാപനങ്ങളെയും സേവനത്തിന്‍റേയും ശുശ്രൂഷയുടേയും ദൗത്യത്തില്‍ പങ്കുചേരാന്‍ ഞാന്‍ ക്ഷണിക്കുകയാണ്.
3. ജനതകള്‍ക്കായുള്ള പ്രഘോഷണദൗത്യം
ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയിലേയ്ക്ക് മനുഷ്യാവതാരം ചെയ്ത യേശുവിലൂടെ
എല്ലാവരേയും ക്ഷണിക്കക എന്നതാണ് സഭയുടെ ദൗത്യം.
അതിനാല്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യം, സാഹോദര്യം, ഐക്യം, പുരോഗതി എന്നിവയുടെ പുളിമാവായ സുവിശേഷം എന്നും എവിടെയും പ്രഘോഷിക്കുവാനുള്ള നമ്മുടെ സമര്‍പ്പണം അനുദിനം നവീകകരിക്കേണ്ടതാണ്. (Ad Gentes 8).
സകല ജനങ്ങളോടും സുവിശേഷം പ്രഘോഷിക്കുക, എന്ന കര്‍ത്തവ്യം സഭയുടെ കാതലായ ദൗത്യമാണെന്ന വസ്തുത ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുവാന്‍ ഞാന്‍ ഇന്നേദിവസം ആഗ്രഹിക്കുകയാണ്. ആധുനിക ലോകത്തിലെ വിപുലവും ഉല്‍ക്കടവുമായ മാറ്റങ്ങള്‍ സഭയുടെ ഈ ദൗത്യത്തെ കൂടുതല്‍ അനിര്‍വാര്യമാക്കുന്നുണ്ട് (Evangelii Nunciadi 14). മനുഷ്യചരിത്രത്തിന്‍റെയും ഈ പ്രപഞ്ചത്തിന്‍റെതന്നെയും ലക്ഷൃവും അന്ത്യവുമാകുന്ന നിത്യരക്ഷ ഏറെ ആശങ്കാവഹമായ ഒരവസ്ഥയിലാണ്. എങ്കിലും പൗലോസപ്പസ്തോലനില്‍നിന്ന് ചൈതന്യവും പ്രചോദനവും ഉള്‍ക്കൊണ്ട്, ഇന്നത്തെ മിഷനറിമാരുടെ പ്രവര്‍ത്തനംവഴി എല്ലാ നഗരങ്ങളിലും നമുക്ക് ധാരാളം ജനങ്ങളുണ്ട്. (cf. Acts 18, 10).
ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും, ദൈവം തന്‍റെ പക്കലേയ്ക്ക് വിളിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ് (Acts 2, 39). ക്രിസ്തുവിന്‍റെ രക്ഷാകരമായ ആധിപത്യം
ഈ ഭൂമിയില്‍ പൂര്‍ണ്ണമാകുംവരെ എല്ലാവര്‍ക്കും സുവിശേഷം എന്ന ദൗത്യത്തിനായി സഭ പൂര്‍ണ്ണസമര്‍പ്പിതയായിരിക്കണം (Heb. 2, 8).
4. രക്തസാക്ഷിത്വത്തിലൂടെ സുവിശേഷവത്കരണം
സുവിശേഷവേലയ്ക്കായ് തങ്ങളുടെ ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടുള്ള ‌എല്ലാ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടിയും ഈ മിഷന്‍ ദിനത്തില്‍ ഞാന്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നു.
ദൈവരാജ്യത്തിന് സാക്ഷൃംവഹിക്കുവാനും അത് പ്രചരിപ്പിക്കുവാനുംവേണ്ടി പീഡനത്തിന്‍റേയും ജയില്‍വാസത്തിന്‍റേയും, മരണത്തിന്‍റെതന്നെയും സാഹചര്യങ്ങളില്‍ കഴിയുന്ന പ്രാദേശിക സഭകളെയും അവിടുത്തെ മിഷനറിമാരെയും ഞാന്‍ പ്രത്യേകമായി ഓര്‍ക്കുന്നു. യേശുവിന്‍റെ നാമത്തില്‍ മരണത്തിന് വിധേയരായിട്ടുള്ളവര്‍ ഈ കാലഘട്ടത്തില്‍ കുറച്ചൊന്നുമല്ല.
പുണ്യശ്ലോകനായ എന്‍റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇപ്പോഴും നമ്മെ ഉദ്ബോധിപ്പിക്കുന്നതുപോലെ - വിസ്മയിപ്പിക്കുന്നൊരു ക്ഴ്ചപ്പാടാണ് ജൂബിലിയാഘോഷങ്ങള്‍ നമുക്കു നല്കിയത്. പ്രത്യേകിച്ച്, ഈ കാലഘട്ടംതന്നെ ധാരാളം സുവിശേഷസാക്ഷികളുള്ള ഒന്നാണെന്നും നമുക്ക് മനസ്സിലാക്കാം. ശത്രുതയും മതപീഢനങ്ങളും ധാരാളമായുള്ള ഈ കാലഘട്ടത്തിലും തങ്ങളുടെ
വിവിധങ്ങളായ ജീവിതമേഘലകളില്‍ സുവിശേഷസാക്ഷികളായി ജീവിക്കുന്ന,
പ്രത്യേകിച്ച് രക്തസാക്ഷിത്വമെന്ന പരമമായ പരീക്ഷണംപോലും സ്വീകരിക്കാന്‍ സന്നദ്ധതയുള്ള അനേകം ജനങ്ങള്‍ നമുക്കുണ്ട് (Novo Millennio Ineunte 41). ഇപ്രകാരം സുവിശേഷം പ്രഘോഷിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ ദൗത്യത്തിലുള്ള പങ്കാളിത്തം ഉറപ്പാണ്. അവരുടെ ഗുരുനാഥന്‍റെ‍ ഭാഗധേയം അവര്‍ക്കായും ഒരുക്കിയിരിക്കുന്നു.
ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല, എന്നു ഞാന് നിങ്ങളോടു പറഞ്ഞത് ഓര്‍മ്മിക്കുവിന്‍.
അവര്‍ എന്നെ പീഢിപ്പിച്ചു‍‍വെങ്കല്‍ നിങ്ങളേയും പീഢിപ്പിക്കും, (യോഹന്നാന്‍ 15, 20) എന്ന ക്രിസ്തുനാഥന്‍റെ വാക്കുകള്‍ യാഥാര്‍ത്ഥമാകുന്നു. ഏതെങ്കിലും മാനുഷികയുക്തിയുടെ അടിസ്ഥാനത്തിലോ സ്വന്തംകഴിവിലോ ആശ്രയിക്കാതെ കുരിശിന്‍റെവഴി പിന്തുടരുന്ന സഭ, ക്രിസ്തുവിന്‍റെ പാതയില്‍ ചരിക്കുകയും അവിടുത്തെ ഭാഗധേയത്തില്‍ പങ്കുചേരുകയും, പിതാവിനോടുള്ള പുത്രീതുല്യമായ അനുസരണയില്‍ മനുഷ്യകുലത്തിനു മുഴുവന്‍ ഒരു സാക്ഷിയും സഹയാത്രികയുമായിത്തീരുന്നു.
കര്‍ത്താവ് നമ്മെ അയച്ചിരിക്കുന്നത് ലോകത്തിന്‍റെ ഉപ്പും പ്രകാശവുമാകുവാനാണ്. അങ്ങിനെ വിശ്വപ്രകാശമാകുന്ന ക്രിസ്തുവിനെ ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും പ്രഘോഷിക്കുവാനാണ് വളര‍െ പൗരാണികവും അതുപോലെ സമകാലീനവുമായ യുവസഭകളെയും ഇന്നു ഞാന്‍ ഓര്‍പ്പിക്കുന്നത്. ജനതകള്‍ക്കായുള്ള ഈ പ്രഘോഷണദൗത്യം അജപാലനശുശ്രൂഷയുടെ മുന്‍ഗണനയായി നിങ്ങള്‍ എടുക്കേണ്ടതാണ്.
എല്ലാ പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപനങ്ങള്‍ക്കും ഞാന്‍‍ നന്ദിപറയുന്നു. മിഷന്‍പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിനും അതിനുവേണ്ട രൂപീകരണം നല്കുന്നതിനും, പുതിയ സഭാസമൂഹങ്ങള്‍ക്ക് സാമ്പത്തീക സഹായം എത്തിച്ചുകൊടുക്കുന്നതിനും അവര്‍ ച‍െയ്യുന്ന നിസ്തുല സേവനങ്ങള്‍ ഞാന്‍ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമെത്തിച്ചുകൊടുക്കുക മാത്രമല്ല, പരസ്പരധാരണയും പങ്കുവയ്ക്കലുംവഴി ഈ സ്ഥാപനങ്ങള്‍ സഭാസമൂഹങ്ങളില്‍ വളര്‍ത്തിയിട്ടുള്ള കൂട്ടായ്മയും ഏറെ വലുതാണ്.
5. ഉപസംഹാരം
പ്രേഷിതചൈതന്യം എന്നും സഭയുടെ തീക്ഷണതയുടെ അടയാളമാണ്. ഇത് ക്രിസ്തീയ ജീവിതത്തിന്‍റ‍െ
സത്തയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു (Redemptoris Missio 2).
എന്നിരുന്നാലും സുവിശേഷവത്ക്കരണം പ്രഥമമായും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണെന്ന് നാം
അംഗീകരിക്കണം. പ്രവര്‍ത്തന മണ്ഡലങ്ങളിലേയ്ക്കിറങ്ങുന്നതിനു മുന്‍പുതന്നെ ഓരോ പ്രാദേശികസഭയും ക്രിസ്തുവിന്‍റെ സുവിശേഷസാക്ഷിയും അവിടുത്തെ പ്രകാശവുമായിത്തീരണം, എന്നിട്ടുവേണം തങ്ങളുടെ മിഷനറിമാരെ പ്രേഷിത മേഖലകളിലേയ്ക്ക് പറഞ്ഞയയ്ക്കുവാന്‍ (Redemptoris Missio 24).
ശത്രുതയുടെയും പീഡനങ്ങളുടെയും മദ്ധ്യേ ദൈവരാജ്യം പ്രഘോഷിക്കുവാനുള്ള തീക്ഷണത സഭാസമൂഹങ്ങളില്‍ വളരാനും, പ്രേഷിതജോലിയില്‍ വ്യാപൃതരായുരിക്കുന്ന സമൂഹങ്ങളെ
സഹായിക്കുവാനുമുള്ള വിശാലഹൃദയം നമുക്കേവര്‍ക്കും തരണമേയെന്നും പരിശുദ്ധാരൂപിയോട് പ്രാര്‍ത്ഥിക്കുവാന്‍ സഭാ മക്കളേവരേയും ഞാന്‍ ആഹ്വാനംച‍െയ്യുന്നു.
പ്രത്യേകിച്ച്, പ്രതിസന്ധികളുട‍െ ഇക്കാലയളവില്‍, നമ്മുടെ ഐക്യത്തിന്‍റ‍െ‍യും കൂട്ടായ്മയു‍‍‍ട‍െ‍യും അടയാളമായി സുവിശേഷസാഹോദര്യത്തില്‍ അകമഴിഞ്ഞ് ധനസഹായം നല്കണമെന്നും ഓര്‍പ്പിക്കുന്നു. ക്രിസ്തു നാഥനെ ലോകത്തിന് നല്കിയും, മക്കളായ നമ്മളില്‍ സ്നേഹത്തിന്‍റെ പ്രകാശംവീശിക്കൊണ്ട് ലോകാവസാനംവരെ രക്ഷയുടെവാഗ്ദാനങ്ങള്‍ നേടിത്തരുന്ന സുവിശേഷതാരമായ പരിശുദ്ധ കന്യകാമറിയം പ്രേഷിതപ്രവര്ത്തനങ്ങളില്‍ നമ്മെ ഏവരെയും നയിക്കട്ടെ.
എല്ലാവര്‍ക്കും എന്‍റെ അപ്പസ്തോലികാശീര്‍വാദം.
വത്തിക്കാനില്‍നിന്ന്
29 ജൂണ്‍ 2009
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.







All the contents on this site are copyrighted ©.