2009-09-21 11:04:52

മാര്‍പാപ്പ പശ്ചിമേഷ്യയ്ക്കുവേണ്ടി മെത്രാന്മാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചു.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പശ്ചിമേഷ്യയ്ക്കുവേണ്ടി മെത്രാന്മാരുടെ സിനഡിന്‍റെ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 19 ശനിയാഴ്ച പ്രഖ്യാപിച്ചു. 2010 ഒക്ടോബര്‍ 10 മുതല്‍ 24 വരെ തീയതികളില്‍ വത്തിക്കാനില്‍ ചേരുന്ന നിര്‍ദ്ദിഷ്ട സിനഡുസമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം "പശ്ചിമേഷ്യയിലെ കത്തോലിക്കാസഭ: കൂട്ടായ്മയും സാക്ഷൃവും: വിശ്വാസികളുടെ സമൂഹം ഒരാത്മാവും ഒരു ഹൃദയവും ആയിരുന്നു(അപ്പ.4,32) എന്നതായിരിക്കുമെന്നും പാപ്പാ അറിയിച്ചു.
പതിനാറാം ബനഡിക്ട് മാര്‍പാപ്പ കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അപ്പസ്തോലിക അരമനയില്‍ വിളിച്ചുകൂട്ടിയ പൗരസ്ത്യ കത്തോലിക്കാ സഭകളിലെ പാത്രിയര്‍ക്കീസുമാരുടെയും മേജര്‍ ആര്‍ച്ചുബിഷപ്പുമാരുടെയും ഒരു യോഗത്തിലാണ് ഇവ അറിയിച്ചത്. അന്ത്യോക്യാ മാറോനീത്താ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയേര്‍ സ്ഫേയിര്‍, ബാബിലോണിയ കല്‍ദായ പാത്രിക്കീസ് കര്‍ദ്ദിനാള്‍ ഇമ്മാനുവേല്‍ മൂന്നാമ൯ ദേലി, യുക്രേനിയ൯ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാര്‍, സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, അലക്സാന്ത്രിയാ കോപ്റ്റിക്ക് പാത്രിയര്‍ക്കീസ് അന്തോണിയോസ് നഗ്വീബ്, അന്ത്യോക്യാ ഗ്രീക്ക്-മെല്‍ക്കീത്താ പാത്രിയര്‍ക്കീസ് ഗ്രെഗോറി മൂന്നാമ൯ ലഹാം, അന്ത്യോക്യാ സിറിയ൯ പാത്രിയര്‍ക്കീസ് ഇഗ്നേസ് യൂസിഫ് മൂന്നാമ൯ യൗനാ൯, സിലിച്യാ അര്‍മ്മേനിയ൯ പാത്രിയര്‍ക്കീസ് നെര്‍സേസ് ബദ്രോസ് പത്തൊമ്പതാമ൯ തര്‍മോനി, റൊമാനിയ൯ മേജര്‍ ആര്‍ച്ചുബിഷപ്പ് ലൂസിയ൯ മുറേസ൯, മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ചുബിപ്പ് മോറാ൯ മോര്‍ ബസേലിയോസ് ക്ലീമ്മിസ്, ജറുസലെമിലെ ലത്തീ൯ പാത്രിയര്‍ക്കീസ് ഫൊവാദ് ത്വാല്‍ എന്നീ സഭാതലവന്മാര്‍ സമ്മേളനത്തിനു ക്ഷണിക്കപ്പെട്ടിരുന്നു. മാര്‍പാപ്പയോടൊപ്പം വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചീസിയൊ ബര്‍ത്തോണെ, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാ൯ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയൊനാര്‍ദൊ സാന്ദ്രി എന്നിവരും സന്നിഹിതരായിരുന്നു.
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമായി, വെള്ളിയാഴ്ച സായാഹ്നത്തില്‍, പാത്രിയര്‍ക്കീസുമാരും മേജര്‍ ആര്‍ച്ചുബിഷപ്പുമാരും വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വത്തിക്കാ൯ സ്റ്റേറ്റുസെക്രട്ടറി, പൗരസ്ത്യ സഭകള്‍ക്കായുള്ള സംഘത്തിന്‍റെ പ്രീഫെക്ട് എന്നിവരോടൊത്തു സമ്മേളിച്ചിരുന്നു.







All the contents on this site are copyrighted ©.