2009-09-04 16:40:30

ജീവന്‍െറ സംരക്ഷണാര്‍ത്ഥമുള്ള പ്രവര്‍ത്തനങ്ങളെ കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി പ്രോല്‍സാഹിപ്പിക്കുന്നു.


ജീവനെതിരെ നവംനവങ്ങളായ ഭീഷണിയുരുന്ന സാഹചര്യത്തില്‍ നഷ്ടധൈര്യരാകാതെ സന്തോഷപൂര്‍വം പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഫിലാദല്‍ഫിയാ അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി പ്രോ ലൈഫ് – ജീവനായുള്ള - പ്രസ്ഥാനത്തിന്‍െറ അംഗങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ജീവന്‍െറ സംരക്ഷണാര്‍ത്ഥമുള്ള സേവനത്തെ, അതിനെ ആദരിക്കുവാനും സ്നേഹിക്കുവാനും പരിപോഷിപ്പിക്കുവാനും ആയുള്ള ഔല്‍സുക്യത്തെ ഇന്നത്തെ സംസ്ക്കാരം പലപ്പോഴും തെറ്റിദ്ധരിക്കുകയാണെന്ന് അപലപിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു- എന്നാല്‍ ഇന്നിന്‍െറ ഏറ്റം അത്യാവശ്യമായ ഒരു സേവനമാണത്. എത്ര ആയാസകരമാണെങ്കിലും മനുഷ്യജീവബന്ധിയായ സത്യത്തിന് സന്തോഷപൂര്‍വം സാക്ഷൃം വഹിക്കുക. ക്രൈസ്തവമൂല്യങ്ങള്‍ പലപ്പോഴും വെല്ലുവിളിക്കപ്പെടുകയും, നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തില്‍ ആ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും, സംരക്ഷിക്കുവാനും ഉള്ള ശ്രമം ഒത്തിരിയേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. എന്നാല്‍ ഒരിക്കലും ഭയപ്പെടുകയോ നഷ്ടധൈര്യരാകുകയോ ചെയ്യരുത്. കാരണം ആ മൂല്യങ്ങള്‍ ദൈവത്തിലും, എല്ലാ മനുഷ്യരോടുമുള്ള അവിടത്തെ സ്നേഹത്തിലുമാണ് വേരുറപ്പെട്ടിരിക്കുന്നത്. ജിവനെതിരായ അക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം വളരെ വര്‍ദ്ധിച്ചു. അതിനാല്‍ പ്രോ ലൈഫ് പ്രസ്ഥാനത്തിന്‍െറ യത്നങ്ങള്‍ ശക്തിപ്പടുത്തേണ്ടിയിരിക്കുന്നു. കര്‍ത്താവായ യേശു ക്രിസ്തുവിന്‍െറ നാമത്തിലാണ് നാം നീങ്ങുക. അതിനാല്‍ ജീവനായുള്ള നമ്മുടെ യത്നം വിജയിക്കും. അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രോ ലൈഫ് പ്രസ്ഥാനപ്രവര്‍ത്തകരുടെ വാര്‍ഷികസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി. ആ നാട്ടിലെ 43 രുപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ സംബന്ധിച്ചു.







All the contents on this site are copyrighted ©.