2009-09-02 08:53:14

അധികൃതസന്തോഷമാണ് പ്രേഷിതത്വത്തിന്‍െറ ചാലകശക്തിയെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


ദൈവത്തെ അറിയുകയും, അവിടത്തെ തിരുഹിതം സന്തോഷദായകമാകുകയും ചെയ്യുമ്പോള്‍ മാത്രമേ ക്രൈസ്തവര്‍ യഥാര്‍ത്ഥപ്രേഷിതരാകുകയുള്ളൂയെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. റീഗന്‍സ്ബുര്‍ഗു യൂണിവേഴ്സിറ്റിയിലെ തന്‍െറ മുന്‍ വിദ്യാര്‍ത്ഥികളോടെത്തുള്ള ത്രിദിനസമ്മേളനത്തിന്‍െറ സമാപനദിനമായിരുന്ന ഞായറാഴ്ച അവരോടെത്ത് അര്‍പ്പിച്ച ദിവ്യബലിമധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ. യേശുവിന്‍െറ സ്വരം ശ്രവിക്കുന്നതിനും, ദൈവം എപ്രകാരം നമ്മെ സമീപിക്കുന്നുവെന്ന് അറിയുന്നതിനും ആയി ബൈബിള്‍ വര്‍ദ്ധമാനമായ തീക്ഷ്ണതയോടെ വായിക്കുവാന്‍ തന്‍െറ പൂര്‍വ്വവിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു- മനുഷ്യനായുള്ള ദൈവത്തിന്‍െറ നിയമം വി.ലിഖിതത്തില്‍ നാം കാണുന്നു. ആ നിയമത്തെ ഭാരമുള്ള ഒരു നുകമായോ, ഏതെങ്കിലും തരത്തിലുള്ള അടിമത്വമായോ കാണരുത്. മറിച്ച് വിജ്ഞാനത്തിന്‍െറയും, അറിവിന്‍െറയും വരമാരിയായി വേണം കരുതുവാന്‍. കൃപ തന്നെയായ ആ നിയമമാണ് നാം എങ്ങനെയുള്ളവരായിരിക്കണമെന്നും, എപ്രകാരം ജിവിക്കണമെന്നും നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുക. ദൈവം നമ്മെ ശ്രവിക്കുന്നു. ഒരു പിതാവിനെ പോലെ നമുക്ക് അവിടുത്തെ സമീപിക്കാനാവും. ഈ യാഥാര്‍ത്ഥ്യങ്ങളാണ് നമുക്ക് അധികൃതസന്തോഷമേകുക. ദൈവികനിയമം അവിടത്തെ സൗഹൃദത്തിന്‍െറ പ്രകടനമാണ്. നമ്മെ സ്വതന്ത്രരാക്കുകയും, വിശുദ്ധീകരിക്കുകയും, ഒപ്പം നമുക്ക് ശക്തി നല്‍കുന്നതുമാണ് അവിടത്തെ വചനം. ദൈവമനുഷ്യസംഗമം തുടര്‍ന്നു പരാമര്‍ശവിഷയമാക്കിക്കൊണ്ട് പ.പിതാവ് പറഞ്ഞു പാപത്താല്‍ വൃണിതരായി നമ്മെത്തന്ന‍െ അപ്പോള്‍ നാം കാണും. എങ്ങനെ വിശുദ്ധീകൃതരാകമെന്ന സമസ്യയായിരിക്കും ആ അവസരത്തില്‍ നമ്മില്‍ ഉയരുക. വിജ്ഞാനമാണ് നമ്മെ പവിത്രീകരിക്കുക. വിജ്ഞാനം മനുഷ്യനില്‍ നിന്നല്ല ഉരുത്തിരിയുക.. പക്ഷെ ദൈവദാനമായ അതിനെ നമുക്ക് സ്വീകരിക്കാനാവും. ദൈവവുമായി സ്നേഹത്തിന്‍െറയും, സൗഹൃദത്തിന്‍െറയും ആയ സംവാദം സ്ഥാപിച്ചുകൊണ്ട് അവിടുന്നാല്‍ സ്പര്‍ശിക്കപ്പെടുന്നതിനു് എത്രമാത്രം നാം വിട്ടുകൊടുക്കുമോ അതിനു് ആനുപാതികമായി അവിടുന്നു സ്നേഹിക്കുന്നതു പോലെ നമുക്കും സ്നേഹിക്കാനാവും. അതാണ് പ്രേഷിതത്വത്തിന്‍െറ ചാലകശക്തി







All the contents on this site are copyrighted ©.