2009-08-31 17:00:56

വിവാഹത്തെ പുനര്‍നിര്‍വചിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തെ തടയുക, അമേരിക്കന്‍ ഐക്യനാടുകളിലെ നൂ ജേര്‍സിയിലെ മെത്രാന്മാര്‍ വിശ്വാസികളോട്


 
വിവാഹത്തിന്‍െറ അധികൃത അര്‍ത്ഥത്തെയും, ദൗത്യത്തെയും വളച്ചൊടിച്ച് അതിനെ വികലമായി പുനര്‍ നിര്‍വചിക്കുവാനുള്ള സര്‍ക്കാര്‍ നയത്തെ എതിര്‍ക്കുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ നൂ ജേര്‍സി സംസ്ഥാനത്തെ കത്തോലിക്കാ മെത്രാന്മാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. കുടുംബത്തെ അതിലൂടെ കുട്ടികളെയും, പൊതുനന്മയെയും ഭീഷണിപ്പെടുത്തുന്ന വെല്ലുവിളികളുടെ മുന്‍പില്‍ കത്തോലിക്കരെന്ന നിലയില്‍ നമുക്ക് നിശബ്ദരായിരിക്കാനാവില്ലന്നും, കുടുംബത്തെ സംരക്ഷിക്കുകയെന്ന ദൈവദത്തമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഒരു സംയുക്തസന്ദേശത്തില്‍ അവര്‍ അനുസ്മരിപ്പിക്കുന്നു. ശരിയായ യുക്തിയുമായി പൊരുത്തപ്പെടുന്നതും, ലോകത്തിലെ പ്രമുഖ സംസ്ക്കാരങ്ങള്‍ ആദരിക്കുന്നതുമായ സ്ത്രീപുരുഷ ബന്ധത്തില്‍ ആധാരമാക്കപ്പെട്ടിരിക്കുന്ന വിവാഹത്തെ സംരക്ഷിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്യുവാനുള്ള ക്രൈസ്തവ ഉത്തരവാദിത്വത്തെ ചൂണ്ടിക്കാട്ടികൊണ്ട് അവര്‍ തുടരുന്നു- പുരുഷനും സ്ത്രീയും തമ്മില്‍ വിത്യാസമുണ്ട്. അതെ സമയം പുരുഷന്‍ സ്ത്രീയ്ക്കും സ്ത്രീ പുരുഷനും ആയിട്ടാണ് സൃഷ്ട്രിക്കപ്പെട്ടിരിക്കുക. ലൈഗിംക അന്തരം ഉള്‍പ്പെടെയുള്ള പരസ്പരപൂരകത്വം കുട്ടികളെ ജനിപ്പിക്കുകയെന്ന ദൗത്യത്തിലേയ്ക്ക് നയിക്കുന്ന സദാ തുറവുള്ള പരസ്പരസ്നേഹത്തിന്‍െറ ഐക്യത്തിലേയ്ക്ക് അവരെ ആകര്‍ഷിക്കുന്നു. കുട്ടികളുടെയും, പൊതുനന്മയുടെയും സംരക്ഷണം പൗരാധികാരികളില്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു കടമയാണ്. ആ രണ്ടു ലക്ഷൃങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണാവശ്യം. സ്ത്രീ യും പുരുഷനും തമ്മിലുള്ള ഐക്യത്തിന് തുല്യമല്ല ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഐക്യം. ആദ്യരീതിയിലുള്ള ഐക്യം കുട്ടികളെ ഉല്പാദിപ്പിക്കുന്നതും, സ്ത്രീപുരുഷന്മാരുടെ പരസ്പരപൂരകത്വത്തെ ആദരിക്കുന്നതുമാണ്. രണ്ടാമത്തെതിനു് ആ രണ്ടു സവിശേഷതകള്‍ ഇല്ല. പ്രകൃതിനിയമത്തില്‍ ആധാരമാക്കപ്പെട്ടിരിക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ ആദരിക്കുവാനും, സംരക്ഷിക്കുവാനും വിളിക്കപ്പെടുന്ന സര്‍ക്കാര്‍ വെറും താല്‍ക്കാലിക രാഷ്ട്രീയസാമൂഹിക കാരണങ്ങളാല്‍ വിവാഹത്തെ യഥേഷ്ടം പുനര്‍നിര്‍വചിക്കുക തെറ്റായിരിക്കും. അതുപോലെ സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യമാണ് വിവാഹമെന്ന് വിശ്വസിക്കുന്നവരെ മതഭ്രാന്തരെന്ന് മുദ്ര കുത്തുന്നതും, വിവേചനങ്ങള്‍ക്കു് ഇരയാക്കുന്നതും അനീതിയായിരിക്കും.







All the contents on this site are copyrighted ©.