2009-08-26 18:00:16

ദൈവികകാരുണ്യത്തിന്‍െറ വിശുദ്ധരും വിജ്ഞരും ആയ സാക്ഷികള്‍ ഇന്നാവശ്യമെന്ന്, പാപ്പാ.


ദൈവികകാരുണ്യത്തിന്‍െറ വിശുദ്ധരും വിജ്ഞരും ആയ സാക്ഷികളെയെയും, മനസ്സാക്ഷി പരിശീലകരെയും എക്കാലത്തെക്കാളുപരി ഇന്നാവശ്യമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. ഇറ്റലിയിലെ ബര്‍ലേത്തായില്‍ നടക്കുന്ന അറുപതാം ദേശിയ ആരാധനക്രമവാരത്തിനായി പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഇറ്റലിയിലെ ആരാധനക്രമക്കാര്യങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്‍െറ പ്രസിഡന്‍റ് ബിഷപ്പ് ഫെലിച്ചേ ദെ മോള്‍ഫേത്തായ്ക്ക് അയച്ച സന്ദേശത്തിലാണ് അത് കാണുന്നത്. ‘കാരുണ്യം നമുക്ക് ആഘോഷിക്കാം ദൈവവുമായി രമ്യതപ്പെടുവിന്‍’ എന്ന സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയത്തിന്‍െറ പ്രസക്തി ഇന്ന് വളരെ കാലോചിതമാണെന്ന് പ.പിതാവ് ശ്ലാഘിക്കുന്നതായി പറയുന്ന സന്ദേശം ഇപ്രകാരം തുടരുന്നു സഭാത്മക പശ്ചാത്തലത്തില്‍ എപ്പോഴും അനുരഞ്നകുദാശ വളരെ ശക്തിമത്തും അര്‍ത്ഥവത്തും ആയ ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ചേര്‍ക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവജീവിതത്തിന്‍െറ അനുതാപജനിതകപ്രക്രിയയെ അധികരിച്ച അവബോധം ആഴപ്പെടുത്തുകയാണല്ലോ സമ്മേളനത്തിന്‍െറ ലക്ഷൃം. മതപരമായ ചടങ്ങുകള്‍ക്ക് ഉപരി ദൈവശാസ്ത്ര, ആത്മീയ, അജപാലന മനോഭാവങ്ങള്‍ രുപീകരിക്കപ്പെടുകയാണെങ്കില്‍ അത് വളരെ ഉപകാരപ്രദവും ഒപ്പം ശ്രദ്ധേയവും ആയിരിക്കും. അജപാലനശുശ്രൂഷയില്‍ വിശ്വാസികളുടെ മനസ്സാക്ഷിരൂപീകരണം സുപ്രധാനമായ ഒന്നാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് വളരെയധികം പേര്‍ക്ക് പാപബോധം കൈമോശം വരുന്നു. അതിനു ആനുപാതികമായി വര്‍ദ്ധമാനമാകുന്ന കുറ്റബോധം നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ ജനങ്ങള്‍ ഉപശമനമാഗ്ഗങ്ങളെയാണ് ആശ്രയിക്കുക. മനസ്സാക്ഷിരൂപീകരണത്തിന് സഹായകമായ ആത്മീയവും, അജപാലനപരവും ആയ ഉപാധികള്‍ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ കുദാശകളെയും പോലെ അനുരഞ്നകുദാശയ്ക്കും മതബോധനമാവശ്യമാണ്. മതബോധനത്തോടെപ്പം വിജ്ഞാനപ്രദമായ പ്രഘോഷണവും കുടെയാകുമ്പോള്‍ അത് വളരെ പ്രയോജനപ്രദമായിരിക്കും. വിശ്വാസികളുടെ മനോഭാവവും, അജപാലനയാവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള വിവിധ തരത്തിലുള്ള പ്രഘോഷണങ്ങള്‍ക്ക് സഭാചരിത്രം സാക്ഷൃമേകുന്നുണ്ട്. ധാര്‍മ്മികമനസ്സാക്ഷിയുടെ രൂപീകരണം ജീവിതപക്വത, കുദാശകളുടെ ആചരണം ഇവയ്ക്കായുള്ള ഉചിതമായ പരിശീലനത്തോടെപ്പം വിശ്വാസികളുടെ ആത്മീയാനുഭവങ്ങള്‍ പരിപോഷിപ്പിക്കുവാനും ശ്രദ്ധയാവശ്യമാണ്. അതിനാല്‍ ഇന്ന് വിശുദ്ധിയും, വിജ്ഞാനവും ഉള്ള ആത്മപിതാക്കന്മാര്‍ വളരെയാവശ്യമാണെന്ന് അനുസ്മരിപ്പിക്കുന്ന പാപ്പാ വിശുദ്ധ ജോണ്‍ വിയാനിയുടെ മാതൃകയില്‍ നിന്ന് ഉത്തേജനവും, പ്രചോദനവും നുകര്‍ന്ന് ദൈവികകാരുണ്യത്തിന്‍െറ യോഗ്യരായ ശുശ്രൂഷകരും, മനസ്സാക്ഷിയുടെ ഉത്തരവാദിത്വമുള്ള പരിശീലകരും ആയിരിക്കുവാനുള്ള തങ്ങളുടെ ദൗത്യത്തെ പറ്റിയുള്ള ബോധ്യം സദാ ഹൃദയത്തില്‍ സജീവമായി പുലര്‍ത്തുവാന്‍ വൈദികരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
 







All the contents on this site are copyrighted ©.