2009-08-14 13:13:28

യേശുവിന്‍റെ അമ്മയായ മറിയവും പൗരോഹിത്യവും അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു - മാര്‍പാപ്പ.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഓഗസ്റ്റ് 12 ബുധനാഴ്ച കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അപ്പസ്തോലിക അരമനയുടെ അങ്കണത്തില്‍വച്ച് അനുവദിച്ച പൊതുദര്‍ശനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്: “.......... സ്വപുത്രനില്‍ മനുഷ്യനായി അവതരിക്കാ൯ നിശ്ചയിച്ച ദൈവത്തിന് ഒരു സൃഷ്ടിയുടെ സ്വതന്ത്രമായ "സമ്മതം" ആവശ്യമായിരുന്നു. ദൈവം നമ്മുടെ സ്വാതന്ത്രത്തിനു വിരുദ്ധമായി ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല. അവിടുന്ന് ഒരു സൃഷ്ടിയുടെ സ്വാതന്ത്ര്യത്തെ ആശ്രയിക്കുന്നു, സമ്മതത്തിനായി കാതോര്‍ക്കുന്നു.
മറിയത്തിന്‍റെ "സമ്മതം" എന്ന വാതിലിലൂടെയാണു ദൈവത്തിനു ലോകത്തിലേക്കു കടന്നുവരാനും, മനുഷ്യനായി അവതരിക്കാനും കഴിഞ്ഞത്. അങ്ങനെ അവള്‍ മനുഷ്യാവതാര രഹസ്യത്തിലും നമ്മുടെ രക്ഷയിലും യഥാര്‍ത്ഥമായും ആഴത്തിലും ഉള്‍ച്ചേര്‍ന്നു. ദൈവപുത്രന്‍റെ മനുഷ്യാവതാരം അതിന്‍റെ ആരംഭംമുതലേ സ്വയം ദാനമായി വിഭാവന ചെയ്യപ്പെട്ടിരുന്നു; സ്നേഹാധിക്യത്താല്‍ ലോകത്തിന്‍റെ ജീവനുവേണ്ടി അപ്പമായിത്തീരാനുള്ള കുരിശിലെ സ്വയം ദാനം, സ്വയം യാഗം വരെ. അങ്ങനെ ബലി, പൗരോഹിത്യം, മനുഷ്യാവതാരം ഇവ ഒരുമിച്ചു പോകുന്നു; ഈ രഹസ്യത്തിന്‍റെ കേന്ദ്രമായി മറിയം നിലകൊള്ളുന്നു..........യേശു തന്‍റെ കുരിശിന്‍റെ ചുവട്ടില്‍ തന്‍റെ അമ്മയും താ൯ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതുകണ്ടു. ആ ശിഷ്യ൯ യേശുവിനു പ്രേഷ്ഠനാണ് എന്നുമാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുമാണ്, അതിലുപരിയായി ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടുന്ന എല്ലാ ശിഷ്യന്മാരുടെയും, സ്നേഹിക്കപ്പെടുന്ന ശിഷ്യനാകാ൯ വിളിക്കപ്പെടുന്ന എല്ലാ വ്യക്തികളുടെയും, ആ നിലയില്‍ വിശേഷവിധിയായി പുരോഹിതരുടെയും, ഒരു പ്രതിരൂപമാണ്. യേശു മറിയത്തോടു പറഞ്ഞു: “ഇതാ, നിന്‍റെ മക൯”. ഇത് ഒരുവിധ ഒസ്യത്താണ്. അവിടുന്നു തന്‍റെ അമ്മയെ പുത്രനെ, തന്‍റെ ശിഷ്യനെ, ഭരമേല്പിക്കുന്നു: “ഇതാ, നിന്‍റെ അമ്മ”. സുവിശേഷക൯ തുടര്‍ന്ന് ഇപ്രകാരം രേഖപ്പെടുത്തുന്നു: “അപ്പോള്‍മുതല്‍ ആ ശിഷ്യ൯ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”.
വിശുദ്ധ യോഹന്നാന്‍റെ മാതൃക പിന്‍തുടര്‍ന്നുകൊണ്ട് ഓരോ പുരോഹിതനും മറിയത്തെ തന്‍റെ മുഴുവ൯ അസ്തിത്വത്തിന്‍റെയും ചാലകശക്തിയിലേക്ക്, തന്‍റെ അപ്പസ്തോല പ്രവര്‍ത്തന ചക്രവാളത്തിനു രൂപം നല്കുന്ന സര്‍വ്വത്തിലേക്കും സ്വീകരിക്കണം. അപ്പോള്‍ മറിയത്തിനു ഓരോ വൈദികനോടും സവിശേഷ മായുള്ള മാതൃനിര്‍വ്വിശേഷ സ്നേഹത്തിന്‍റെ പ്രഥമ ഉറവിടവും അടിസ്ഥാന കാരണവും അനായാസം മനസ്സിലാക്കാ൯ സാധിക്കും. ഈ സവിശേഷ സ്നേഹത്തിനു രണ്ടു കാരണങ്ങളുണ്ട്: ഒന്നാമതായി വൈദികര്‍ ണറിയത്തിനു തന്‍റെ പുത്ര൯ യേശുവിന് അനുരൂപരാണ്; രണ്ടാമതായി അവരും തന്നെപ്പോലെ ലോകത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനും, അവിടുത്തേക്കു സാക്ഷൃംവഹിക്കാനും, ലോകത്തിനു ക്രിസ്തുവിനെ നല്കാനും സമര്‍പ്പിതരും പ്രതിജ്ഞാബദ്ധരുമാണ്. ദൈവത്തിന്‍റെ പുത്രനും മറിയത്തിന്‍റെ മകനുമായ യേശുവിനോടുള്ള കൗദാശികമായ താദാത്മ്യവും സാദൃശ്യവും വഴി മഹോന്നതയും പരമ വിനീതയുമായ ഈ അമ്മയുടെ പ്രേഷ്ഠ പുത്രനായി ഓരോ പുരോഹിതനും യഥാര്‍ത്ഥമായി അനുഭവവേദ്യമാകണം.
തങ്ങളുടെ അസ്തിത്വത്തിന് ഉത്തമ മാതൃകയായി മറിയത്തെ വീക്ഷിക്കാനും “ഉന്നതനും നിത്യനുമായ പുരോഹിതന്‍റെ മാതാവും അപ്പസ്തോലന്മാരുടെ രാജ്ഞിയും സംരക്ഷകയുമായ” അവളെ വിളിച്ചപേക്ഷിക്കാനും രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് വൈദികരെ ക്ഷണിക്കുന്നു. “പുത്രസഹജമായ ഭക്ത്യാദരങ്ങളോടെ അവര്‍ അവളെ വണങ്ങുകയും സ്നേഹിക്കുയും വേണം”(വൈദികര്‍, 18).







All the contents on this site are copyrighted ©.