2009-07-31 16:09:27

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സെപ്റ്റംബര്‍ ആറാം തീയതി വിത്തേര്‍ബോയില്‍


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സെപ്റ്റംബര്‍ ആറാം തീയതി വിത്തോര്‍ബോയില്‍ നടത്തുന്ന ഇടയസന്ദര്‍ശനത്തിന്‍െറ പരിപാടികള്‍ പ.സിംഹാസനം പ്രസിദ്ധീകരിച്ചു. സെപ്ററംബര്‍ ആറാം തീയതി ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.30 ന് കാസ്തല്‍ ഗന്തോള്‍ഫോയില്‍ നിന്ന് ഹെലികോപ്റ്ററില്‍ വിത്തേര്‍ബോയിലേയ്ക്ക് പുറപ്പെടുന്ന പാപ്പാ, 9 മണിക്ക് അവിടത്തെ ‘റോക്കി’ മുന്‍സിപ്പല്‍ കായികമല്‍സരക്കളത്തിലെത്തും. നഗരത്തിലെ വിശുദ്ധ ലോറന്‍സിന്‍െറ നാമത്തിലുള്ള ചത്വരത്തിലെ പാപ്പാമാരുടെ മുന്‍ കൊട്ടാരത്തിന്‍െറ മുന്‍പില്‍ വച്ചാണ് സ്വീകരണസ്വാഗത ചടങ്ങ്. അതിനെത്തടര്‍ന്ന് പ.പിതാവ് ആ മുന്‍ പേപ്പല്‍ ഭവനത്തിലെ കോണ്‍ക്ലേവ്ശാല സന്ദര്‍ശിക്കും. 10.15ന് വിത്തേര്‍ബോയിലെ ‘ഫൗള്‍’ താഴ്വരയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ഉച്ച കഴിഞ്ഞ് വിശുദ്ധ റോസയുടെയും, ക്വേര്‍ച്ചിയാ നാഥയുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ റോക്കിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ വിശുദ്ധ ബൊനവെന്തരായുടെ ജന്മസ്ഥലമായ ബാഞ്ഞോറേജിയോയിലേയ്ക്ക് പോകും. അവിടെ വിശുദ്ധ നിക്കോളാസിന്‍െറ കത്തീദ്രല്‍ സന്ദര്‍ശിക്കുന്ന പാപ്പാ ആ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ബൊനവന്തരായുടെ തിരുശ്ശേഷിപ്പിനു് ആദരാജ്ഞലിയര്‍പ്പിക്കും. ബാഞ്ഞോറേജിയോയിലെ പ.പിതാവിന്‍െറ അവസാന പരിപാടി വിശുദ്ധ അഗസ്തീനോസിന്‍െറ നാമത്തിലെ ചത്വരത്തില്‍ വച്ച് നഗരവാസികളുമായുള്ള കുടിക്കാഴ്ചയാണ്. അതിനു ശേഷം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഹെലി കോപ്റ്റരില്‍ വൈകുന്നേരം 6.30 ന് കാസ്തല്‍ ഗന്തോള്‍ഫോയിലേയ്ക്ക് മടങ്ങും. മാര്‍പ്പാപ്പാമാരെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തിന് ‘കോണ്‍ക്ലേവ്’ എന്ന പേര് നല്‍കപ്പെട്ടത് വിത്തേര്‍ബോയില്‍ വച്ചാണ്. 1261നും 1281നും ഇടയ്ക്ക് സഭാഭരണം നടത്തിയ എട്ടു മാര്‍പ്പാപ്പാമാരില്‍ 5 പേര്‍ വിത്തോര്‍ബോയിലെ പേപ്പല്‍ ഭവനത്തില്‍ വച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1268 ല്‍ പോപ്പ് ക്ലെമന്‍റ് നാലാമന്‍െറ മരണശേഷം പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായി വിത്തേര്‍ബോയില്‍ നടന്ന സമ്മേളനം 33 മാസം നീണ്ടു. അതില്‍ അക്ഷമരായ നഗരവാസികള്‍ കര്‍ദ്ദിനാളന്മാരെ സമ്മേളനമുറിയില്‍ അടച്ചുപൂട്ടുകയും, അവരുടെ ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 1271 ല്‍ ഗ്രിഗരി പത്താമന്‍ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണ് പാപ്പായുടെ തിരഞ്ഞെടുപ്പ് കോണ്‍ക്ലേവിലായിരിക്കണമെന്ന നിയമമുണ്ടാക്കിയത്. ‘താക്കോലിട്ടു പൂട്ടിയ മുറി’യെന്നാണ് കോണ്‍ക്ലേവ് എന്ന വാക്കിന്‍െറ അര്‍ത്ഥം.







All the contents on this site are copyrighted ©.