2009-07-21 15:27:33

വെനസ്വേല ചര്‍ച്ച ചെയ്യുന്ന ലിംഗസമത്വബില്ലിനു് എതിരെ മെത്രാന്മാര്‍ ശബ്ദമുയര്‍ത്തുന്നു.


 
വിവാഹത്തെയും, കുടുംബത്തെയും കടന്നാക്രമിക്കുന്ന വെനസ്വേലയുടെ ലിംഗസമത്വബില്ലിന്‍െറ അപകടങ്ങളെ പറ്റി അവിടത്തെ മെത്രാന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു. എല്ലാ ജനതകളുടെയും അടിസ്ഥാനമായി പരിഗണിക്കപ്പെടുന്ന വിവാഹത്തിനും, കുടുംബത്തിനും നല്‍കപ്പെടുന്ന ആദരവിനെയും സംരക്ഷണത്തെയുയും ആശ്രയിച്ചായിരിക്കും സമൂഹത്തിന്‍െറ ഭാവിയെന്ന് മെത്രാന്‍ സംഘത്തിന്‍െറ സമ്പൂര്‍ണ്ണസമ്മേളനാന്തരം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അവര്‍ പറയുന്നു.,സമത്വത്തിന്‍െറയും, ഐക്യദാര്‍ഢ്യത്തിന്‍െറയും, എല്ലാവരുടെയും മനുഷ്യവകാശങ്ങളോടുള്ള ആദരവിന്‍െറയും ആയ തത്വങ്ങള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷൃം ബില്ല് അവതരിപ്പിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അത് നാടിന്‍െറ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന അടിസ്ഥാനയവകാശങ്ങളും ഘടനയും ധ്വംസിക്കുന്നതും, സാമൂഹികസാമ്പത്തിക ധാര്‍മ്മിക അധപതനത്താല്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് കുടുതല്‍ ദോഷം ചെയ്യുന്നതും ആയ വ്യവസ്ഥകള്‍ ആ ബില്ലിലുണ്ട്. സമൂഹത്തെ താങ്ങി നിറുത്തുന്ന തുണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാഹവും, കുടുംബവും സാമൂഹികസാമ്പത്തികപ്രത്യയശാസ്ത്രനൈയാമിക സാഹചര്യങ്ങളാല്‍ ഭീഷണിപ്പെടുത്തപ്പെടുമ്പോള്‍ സമൂഹത്തിലെ സ്ഥാപനങ്ങള്‍ അതിനെതിരെ ശബ്ദമൂയര്‍ത്തുകയും, അവയുടെ സംരക്ഷണത്തിനാവശ്യമായ പ്രതിവിധികള്‍ സ്വീകരിക്കുകയും വേണം, മെത്രാന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ആ പുതിയ ബില്ല് ശ്രദ്ധാപൂര്‍വ്വകം പഠനവിഷയമാക്കുവാന്‍ വിശ്വാസികളെ തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്ന അവര്‍ മനുഷ്യന്‍െറ ഔന്നിത്യപോഷണത്തിനു് ഉതകുന്നവയെ പ്രോല്‍സാഹിപ്പിക്കുവാനും, മാനവികയവകാശത്തെയും, സമൂഹത്തിന്‍െറ സ്വാഭാവിക സംവിധാനങ്ങളായ കുടുംബത്തെയും വിവാഹത്തെയും ബലഹീനമാക്കുന്നവയെ നിരാകരിക്കുവാനും അവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.