2009-07-12 17:08:10

മാര്‍പാപ്പ അമേരിക്ക൯ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ അമേരിക്ക൯ ഐക്യനാടുകളുടെ പ്രസിഡന്‍റ് ബറാക് ഒബാമയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച നടത്തി. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് അമേരിക്ക൯ പ്രസിഡന്‍റ് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചിസീയൊ ബര്‍ത്തോണെ, വിദേശ ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ദൊമിനിക്ക് മമ്പേര്‍ത്തി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ ഒരു വിജ്ഞാപനം അറിയിച്ചു.
സൗഹാര്‍ദ്ദപരമായി ആശയങ്ങള്‍ പങ്കുവച്ച ഈ സംഭാഷണങ്ങളില്‍ ആദ്യം എല്ലാ രാജ്യങ്ങളുടെയും ഭാവിയ്ക്കും ജനതകളുടെ യഥാര്‍ത്ഥ പുരോഗതിയ്ക്കും വ൯ വെല്ലുവിളി ഉയര്‍ത്തുന്ന, എല്ലാവര്‍ക്കും താല്‍പര്യമുള്ള , ജീവന്‍റെ സംരക്ഷണവും പരിപോഷണവും, ഒരുവന്‍റെ മനഃസാക്ഷി അനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള അവകാശം ഇത്യാദി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ജി-എട്ടു രാജ്യങ്ങളുടെ ഉച്ചകോടിയുടെ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമുള്ള വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടുവെന്നു വിജ്ഞാപനം അറിയിക്കുന്നു. പശ്ചിമേഷ്യയിലെ സമാധാനം, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം, ആഗോള സാമ്പത്തിക പ്രതിസന്ധി, ഭക്ഷൃസുരക്ഷ, മയക്കു മരുന്നുകളുടെ ക്രയവിക്രയം എന്നിവ ചര്‍ച്ചാവിഷയങ്ങളായിയെന്നു വിജ്ഞാപനത്തില്‍ കാണുന്നു. യുവജനങ്ങളെ സര്‍വ്വത്ര സഹിഷ്ണുതയുടെ മൂല്യത്തെപ്പറ്റി ബോധവല്‍ക്കരിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വിജ്ഞാപനം വെളിപ്പെടുത്തുന്നു.
അമേരിക്ക൯ ഐക്യനാടുകളുടെ പ്രസിഡന്‍റായി അധികാരമേറ്റശേഷം ആദ്യമായി മാര്‍പാപ്പയെ സന്ദര്‍ശിക്കാ൯ വത്തിക്കാനിലെത്തിയ ബറാക് ഒബാമയ്ക്കൊപ്പം ഭാര്യ മിഷേല്‍, പെണ്‍മക്കള്‍ മാലിയായും സാഷയും, മിഷേലിന്‍റെ മാതാവ് മരിയ൯ റോബി൯സണ്‍ എന്നിവരും ആറ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ഇറ്റയിലെ ലാക്വില പട്ടണത്തില്‍ ജൂലൈ 8-10 വരെ നടന്ന ജി-എട്ട് ഉച്ചകോടിക്ക് എത്തിയ യു.എസ്. പ്രസിഡന്‍റ് ഒബാമ ഉച്ചകോടി സമാപിച്ചതിനെതുടര്‍ന്നു വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 4-മണിക്കു വത്തിക്കാനിലെത്തി. അപ്പസ്തോലിക അരമനയുടെ സെന്‍റ് ദമാസസ് അങ്കണത്തില്‍ കാറിറങ്ങിയ അമേരിക്ക൯ പ്രസിഡന്‍റിനെ സ്വിസ് ഭടന്മാര്‍ ഉപചാരമര്‍പ്പിച്ചു സ്വീകരിച്ചു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പാപ്പായുടെ സ്വകാര്യ ഗ്രന്ഥശാലയിലേക്ക് ആനയിക്കപ്പെട്ട പ്രസിഡന്‍റ് ബറാക് ഒബാമയെ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഹസ്തദാനത്തോടെ സ്വാഗതംചെയ്തു. അപ്പോള്‍ പ്രസിഡന്‍റ് ഇപ്രകാരം പറഞ്ഞു: “അങ്ങേയ്ക്കു വളരെ നന്ദി. എനിക്ക് ഒരു വലിയ ബഹുമതിയാണിത്. ഇതിന് ഒത്തിരി നന്ദി.” ഏതാണ്ടു 40 മിനിട്ടു നീണ്ട രഹസ്യ കൂടിക്കാഴ്ചയുടെ അവസാനം പാപ്പാ ബറാക്‍ ഒബാമയ്ക്കു നല്കിയ സമ്മാനങ്ങളില്‍ ജൂലൈ 7-ന് പ്രകാശിതമായ "കാരിത്താസ് ഇ൯ വെരിത്താത്തെ" (സത്യത്തില്‍ സ്നേഹം) എന്ന ചാക്രിക ലേഖനത്തിന്‍റെയും വിശ്വാസ സിദ്ധാന്തങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ "ദിഞ്ഞിത്താസ് പെഴ്സോണെ" (വ്യക്തിയുടെ മഹത്വം) എന്ന രേഖയുടെയും പ്രതികളും ഉണ്ടായിരുന്നു. ഗര്‍ഭഛിദ്രം, മനുഷ്യ ക്ലോണിങ് തുടങ്ങിയവയെ കത്തോലിക്കാസഭ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്നു വിശദീകരിക്കുന്നതാണ് "വ്യക്തിയുടെ മഹത്വം" എന്ന രേഖ.
പതിനാറാം ബനഡിക്ട് മാര്‍പാപ്പയ്ക്കു യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമ വിശുദ്ധ ജോണ്‍ നെപ്പൊമക്ക് നെവുമാന്‍റെ ഭൗതികാവശിഷ്ടത്തിന്മേല്‍ 1988 മുതല്‍ 2008 വരെ ചാര്‍ത്തിയിരുന്ന ഊറാല സമ്മാനിച്ചു. പൗലോസ് ആറാമ൯ പാപ്പാ 1977 ജൂണ്‍ 19-ന് വിശുദ്ധനായി നാമകരണം ചെയ്ത നെവുമാന്‍റ‍െ ഭൗതികാവശിഷ്ടം ഫിലാദെല്‍ഫിയയില്‍ വിശുദ്ധ പത്രോസ് അപ്പസ്തോലന്‍റെ ദേവാലയത്തിലെ പ്രധാന അള്‍ത്താരയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഫിലദെല്‍ഫിയ രൂപതയുടെ നാലാമത്തെ മെത്രാനായിരുന്ന വിശുദ്ധ ജോണ്‍ നെവുമാ൯ 1860-ല്‍ ദിവംഗതനായി.
ദിവ്യരക്ഷകന്‍റെ സന്ന്യാസ സഭയില്‍ അംഗമായിരുന്ന വിശുദ്ധന്‍റെ ഭൗതിക ശരീരത്തിന്മേല്‍ ചാര്‍ത്തിയിരുന്ന ഊറാല 2008-ല്‍, പകരം പുതിയ ഒന്നു ചാര്‍ത്തുന്നതിനായി, നീക്കം ചെയ്തത് പ്രസ്തുത സന്ന്യാസ സഭയുടെ ബാള്‍ട്ടിമൂര്‍ പ്രവിശ്യയാണ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കു നല്കിയത്.
അതു തനിക്കു സമ്മാനിച്ച പ്രസിഡന്‍റിനോടു മാര്‍പാപ്പ കൃതജ്ഞത പ്രകാശിപ്പിക്കുകയും പുണ്യവാനായ നെവുമാ൯ ഒരു അസാധാരണ വ്യക്തിത്വത്തിന്‍റ‍െ ഉടമയായിരുന്നുവെന്ന് അനുസ്മരിക്കുകയും ചെയ്തു.
കൂടിക്കാഴ്ച കഴിഞ്ഞ് വിടവാങ്ങവേ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിനും ബനഡിക്ട് പതിനാറാമ൯ പാപ്പാ തന്‍റെ ആശീര്‍വാദം നല്കി. അതിനു നന്ദി പറഞ്ഞ ബറാക് ഒബാമ അമേരിക്ക൯ ഐക്യനാടുകളും വത്തിക്കാനും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ താ൯ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു.







All the contents on this site are copyrighted ©.