2009-07-10 10:32:39

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാമത്തെ ചാക്രീയലേഖനം ‘സത്യത്തിലെ സ്നേഹം’ സംഗ്രഹം


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാമത്തെ ചാക്രീയലേഖനം -സത്യത്തിലെ സ്നേഹം- ഈ മാസം ഏഴാം തീയതി പ്രകാശിതമായി. ആമുഖവും, സമാപനവും കുടാതെ ആറു അദ്ധ്യായങ്ങളുണ്ട് ആ ചാക്രീയലേഖനത്തിന് .ജനതകളുടെ പുരോഗതി എന്ന ചാക്രീയലേഖനത്തിന്‍െറ സന്ദേശം, നമ്മുടെ ഇക്കാലത്തെ മാനവപുരോഗതി, ദ്രാതൃത്വവും സാമ്പത്തികവികസനവും പൗരസമൂഹവും, ജനങ്ങളുടെ വികസനം അവകാശങ്ങളും കടമകളും പരിസ്ഥിതി, മാനവകുടുംബത്തിന്‍െറ സഹകരണം, ജനതകളുടെ പുരോഗതിയും സാങ്കേതികവിദ്യയും എന്നതാണ് ആ ആറു അദ്ധ്യായങ്ങളുടെ ശീര്‍ഷങ്ങള്‍ യഥാക്രമം.

യേശു തന്നെ സാക്ഷൃമേകിയ സത്യത്തിലെ സ്നേഹമാണ് എല്ലാ വ്യക്തികളുടെയും, മാനവകുലം മുഴുവന്‍െറയും അധികൃതവികസനത്തിന്‍െറ പിന്നിലെ മുഖ്യചാലകശക്തി എന്ന വാക്കുകളോടെയാണ് കത്തോലിക്കാലോകത്തെയും സന്മനോഭാവുമുള്ള എല്ലാ ജനതകളെയും അഭിസംബോധന ചെയ്യുന്ന ‘സത്യത്തിലെ സ്നേഹം’ എന്ന ചാക്രീയലേഖനം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആരംഭിക്കുക. സഭയുടെ സാമൂഹികപ്രബോധനത്തിന്‍െറ ഹൃദയമാണ് ഉപവിയെന്ന് ആമുഖത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ സ്നേഹം തെറ്റായി വ്യാഖ്യാനിക്കപ്പെടുവാനും, ധാര്‍മ്മികതയില്‍ നിന്ന് വേര്‍പ്പെടുത്തുപ്പെടുവാനും ഉള്ള അപകടസാദ്ധ്യത കാണുന്ന പ.പിതാവ് ഇപ്രകാരം മുന്നറിയിപ്പു നല്‍കുന്നു- സത്യത്തിന്‍െറ അഭാവത്തിലെ ക്രൈസ്തവ സ്നേഹം സദ്വവികാരങ്ങളുടെ ഒരു ശേഖരമായി, സാമൂഹികസംസക്തിയായി തരംതാഴാം. അത് അതില്‍ തന്നെ അത്ര പ്രസക്തിയുള്ള ഒന്നല്ല. വികസനത്തിന് സത്യം ഒരു അനിവാര്യഘടകമാണ്. അതില്ലെങ്കില്‍ സാമൂഹികപ്രവര്‍ത്തനം വ്യക്തിപരമായ താല്പര്യങ്ങളുടെയും, അധികാരത്തിന്‍െറ തത്വശാസ്ത്രത്തിന്‍െറയും സേവനാര്‍ത്ഥമുള്ള ഒന്നായി മാറാം. സാമൂഹികശിഥീലികരണത്തിനു് അത് വഴിത്തിരിയിട്ടെന്നും വരാം. സത്യത്തിലെ ഉപവിയില്‍ നിന്നു് ഉരുത്തിരിയുന്ന ധാര്‍മ്മികപ്രവര്‍ത്തനത്തെ നയിക്കുന്ന രണ്ട് വ്യവസ്ഥകളാണ് നീതിയും, പൊതുനന്മയും. ഓരോ ക്രൈസ്തവനും തന്‍െറ വിശ്വാസത്തിനു് അനുയോജ്യമായും, നഗരത്തില്‍ അവനുള്ള സ്വാധീനത്തിനു അനുസൃതമായും ഉപവിപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ വിളിക്കപ്പെടുകയാണ്. ഉപവിയാല്‍ പ്രേരിതമായ പൊതുനന്മയ്ക്കായുള്ള പ്രതിബദ്ധതയ്ക്ക് വെറും ഭൗതികവും രാഷ്ട്രീയവും ആയ ലക്ഷൃങ്ങളാല്‍ പ്രേരിതമായവയെക്കാള്‍ മൂല്യമുണ്ട്. ഉപവിയാല്‍ നിവേശിതവും, നിലനിര്‍ത്തപ്പെടുന്നതുമായ മനുഷ്യന്‍െറ ഐഹികപ്രവര്‍ത്തനങ്ങള്‍ മനുഷ്യകുടുംബചരിത്രത്തിന്‍െറ ലക്ഷൃമായ ദൈവത്തിന്‍െറ സാര്‍വ്വത്രികനഗരത്തിന്‍െറ നിര്‍മ്മിതിക്ക് വലിയ സംഭാവനയേകുവാന്‍ പ്രാപ്തമാണ്. യുക്തിയുടെയും, വിശ്വാസത്തിന്‍െറയും പ്രകാശത്താല്‍ ദീപ്തമായ ഉപവിയിലേ മനുഷ്യോചിതവും, മാനവീകരിക്കുന്നതുമായ മൂല്യങ്ങളോടുകുടിയ വികസന ലക്ഷൃങ്ങള്‍ ഉന്നം വച്ചു നീങ്ങാനാവൂ. അധികൃതവികസനം ഉദര്‍ശനം ചെയ്യുന്ന വസ്തുവകകളുടെയും വിഭവങ്ങളുടെയും പങ്കുവക്കല്‍ സാങ്കേതികപുരോഗതിയും ഉപയോഗബന്ധങ്ങളും ഉറപ്പുനല്‍കില്ല. തിന്മയെ നന്മകൊണ്ട് അതിജീവിക്കുന്ന സ്നേഹത്തിന്‍െറ ശക്തിക്ക് മാത്രമേ അത് ഉറപ്പു നല്‍കാനാവൂ. സ്നേഹത്തിനു് അര്‍ത്ഥവും, മൂല്യവും നല്‍കുന്ന പ്രകാശമാണ് സത്യം. സഭയ്ക്ക് സാങ്കേതികപരിഹരണ ഉപാധികളെന്നും നല്‍കുവാനില്ല. അതു പോലെ രാജ്യങ്ങളുടെ രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാന്‍ അവള്‍ ആഗ്രഹിക്കുന്നുമില്ല. എന്നാലും മനുഷ്യനെ, അവന്‍െറ ഔന്നിത്യത്തെ, അവന്‍െറ വിളിയെ മാനിക്കുന്ന സമൂഹത്തിന് സത്യത്തിന്‍െറ ഒരു ദൗത്യം അവള്‍ക്ക് നിര്‍വഹിക്കാനുണ്ട്.

ചാക്രീയലേഖനത്തിന്‍െറ ഒന്നാം അദ്ധ്യായത്തിന്‍െറ പ്രതിപാദ്യവിഷയം പൗലോസ് ആറാമന്‍ പാപ്പായുടെ ജനതകളുടെ പുരോഗതി എന്ന ചാക്രീയലേഖനത്തിന്‍െറ സന്ദേശമാണ്. നിത്യജീവിതത്തിന്‍െറ വീക്ഷണം ഇല്ലാത്ത ഈ ലോകത്തിലെ പുരോഗതി പ്രാണനില്ലാത്തതായിരിക്കുമെന്ന് ആ ചാക്രീയലേഖനത്തില്‍ പോള്‍ ആറാമന്‍ പാപ്പാ മുന്നറിയിപ്പു നല്‍കുന്നു. ദൈവത്തെ കുടാതെയുള്ള പുരോഗതി മനുഷ്യത്വമില്ലാത്തതായിരിക്കും. സ്വാതന്ത്ര്യവും, നീതിയും ഉറപ്പാക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലെ സുവിശേഷത്തിന്‍െറ അനിവാര്യത ഊന്നി പറയുന്ന പാപ്പാ മനുഷ്യജീവന്‍ എന്ന ചാക്രീയലേഖനത്തില്‍ ജീവന്‍െറ ധാര്‍മ്മികതയും, സാമൂഹിക ധാര്‍മ്മികതയും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുന്നു. സഭ ഇന്നും ആ ബന്ധം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. ‘വിളി’ എന്ന ആശയം ജനതകളുടെ പുരോഗതി എന്ന ചാക്രീയലേഖനത്തില്‍ വിശദീകരിക്കുന്ന പാപ്പാ പുരോഗതിയെ ഒരു വിളിയായി അവതരിപ്പിക്കുന്നു. കാരണം അത് സര്‍വ്വാതിശായിയായ ഒരു ആഹ്വാനത്തില്‍ നിന്നാണ് ഉരുത്തിരിയുക. ആ ആഹ്വാനം ശുപാര്‍ശ ചെയ്യുക സമഗ്രവികസനമാണ്. അതായത് എല്ലാ മനുഷ്യരുടെയും, മുഴുവന്‍ മനുഷ്യന്‍െറയും ഉന്നതി പരിപോഷിപ്പിക്കപ്പെടണം. വിശ്വാസം ആനുകുല്യങ്ങളെയോ അധികാരത്തിന്‍െറ സ്ഥാനമാനങ്ങളെയോ ആശ്രയിക്കുന്നില്ല. മറിച്ച് ക്രിസ്തുവിനെ മാത്രമാണ് അതാശ്രയിക്കുക. അവികസനത്തിന്‍െറ കാരണങ്ങള്‍ മുഖ്യമായും ഭൗതികമല്ലെന്ന് പറയുന്ന പോള്‍ ആറാമന്‍ പാപ്പാ അവ ഇച്ഛാശക്തിയിലെയും ചിന്തകളിലെയും വികലതകളും, സര്‍വ്വോപരി വ്യക്തികളുടെയും ജനതകളുടെയും ഇടയിലെ ദ്രാതൃത്വമില്ലായ്മയും ആണെന്ന് ചൂണ്ടിക്കാട്ടുന്നു. സമൂഹം കുടുതല്‍ കുടുതല്‍ ആഗോളവല്‍ക്കരിക്കപ്പെടുമ്പോള്‍ അത് നമ്മെ അയല്‍വാസികളാക്കുന്നു. എന്നാല്‍ ദ്രാതൃത്വചൈതന്യം ഉളവാക്കുന്നതില്‍ അത് പരാജയപ്പെടുകയാണ്. അതിനാല്‍ കുടുതല്‍ മാനവികതയുടെ ഫലങ്ങള്‍ നല്‍കുന്ന സാമ്പത്തികശാസ്ത്രത്തിനു് രുപമേകുന്ന പ്രക്രിയയ്ക്കായി പ്രതിബദ്ധമാകുവാന്‍ നമ്മെത്തന്നെ സജ്ജമാക്കുകയാവശ്യമാണ്.
പോപ്പ് ബെനഡിക്ട് പതിനാറാമന്‍, ചാക്രീയലേഖനത്തിന്‍െറ രണ്ടാം അദ്ധ്യായത്തില്‍ നമ്മുടെ ഇക്കാലത്തെ മാനവികപുരോഗതി ചര്‍ച്ച ചെയ്യുന്നു. പൊതുനന്മ ലക്ഷൃം വയ്ക്കാതെ ലാഭം മാത്രം ഉന്നം വയ്ക്കുന്ന നീക്കം സാമ്പത്തികസ്ഥിതിയെ നശിപ്പിക്കുകയും, ദാരിദ്ര്യം വളര്‍ത്തുകയും ചെയ്യും. കുടുതല്‍ സാഹസികമായ സാമ്പത്തികയിടപാടുകള്‍, കുടിയേറ്റത്തിന്‍െറ വര്‍ദ്ധനവ്, കുടിയേറ്റക്കാരെ അവഗണിക്കല്‍, പ്രകൃതി വിഭവങ്ങളുടെ ചൂഷണം ചെയ്യല്‍ തുടങ്ങിയ ഇന്നത്തെ വികസനത്തിന്‍െറ വൈകൃതങ്ങളെ അപലപിക്കുന്ന പാപ്പാ ഇപ്രകാരം തുടരുന്നു- പരസ്പരബന്ധിതമായ ഈ പ്രശ്നങ്ങളുടെ മുന്‍പില്‍ ഒരു നവ മാനവികത ആവശ്യമാണ്. മേല്‍ പറഞ്ഞ പ്രതിസന്ധി നമ്മുടെ പ്രയാണം പുനര്‍ ആസൂത്രണം ചെയ്യുവാന്‍ നമ്മെ കടപ്പെടുത്തുന്നു. വികസനത്തിനു് ഇന്ന് പരസ്പരബന്ധിയായ പല തലങ്ങളുണ്ട്. ലോകസമ്പത്ത് നിരപേക്ഷം വളരുന്നു.എന്നാല്‍ അസമത്വങ്ങള്‍ വര്‍ദ്ധിക്കുന്നതായും, ദാരിദ്ര്യത്തിന്‍െറ പുത്തന്‍ പുത്തന്‍ ഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും നാം കാണുന്നു. അഴിമതി സമ്പന്നരാജ്യങ്ങളിലും, പാവപ്പെട്ട രാജ്യങ്ങളിലും പ്രകടമാണ്. ചില പരിതോവസ്ഥകളില്‍ വലിയ ബഹ്വരാഷ്ട്ര കമ്പനികള്‍ തൊഴിലാളികളുടെ അവകാശങ്ങളെ വേണ്ട വിധത്തില്‍ ആദരിക്കുന്നില്ല. അന്താരാഷ്ട്രാസഹായങ്ങള്‍ ദാതാക്കളുടെയും, സ്വീകര്‍ത്താക്കളുടെയും നിരുത്തരവാദിത്വം മൂലം പലപ്പോഴും അതിന്‍െറ ലക്ഷൃര്‍ത്ഥം ഉപയോഗിക്കപ്പെടുന്നില്ല. സമ്പന്ന രാഷ്ട്രങ്ങള്‍ ബൗദ്ധിക അറിവിന്‍െറ അവകാശങ്ങള്‍ പ്രത്യേകിച്ച് ആരോഗ്യസംരക്ഷണത്തലത്തിലെ അറിവിന്‍െറ അവകാശങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളുമായി പങ്കുവയ്ക്കാതെ മുറുകെ പിടിക്കുന്നത് അപലപനീയമാണ്. ശക്തിചേരികള്‍ നിലം പൊത്തിയതിനെത്തടര്‍ന്ന് വികസനത്തിന്‍െറ ഒരു ആഗോള പുനരാസൂത്രണത്തിന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് ഭാഗികമായേ നടന്നുള്ളൂ. ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുമ്പോള്‍ അതിനെ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിന് ഗതക്കാല പദ്ധതികള്‍ പുനപരിശോധിക്കുകയും, പുനസംവിധാനം ചെയ്യുകയും ആവശ്യമാണെന്ന് വ്യക്തമാകുന്നു. സമ്പന്നരാഷ്ട്രങ്ങള്‍ ചെലവു കുറവുള്ള രാജ്യങ്ങളില്‍ ഉല്പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കന്നത് സാമൂഹികസുരക്ഷിതത്വത്തിന് തുരങ്കം വയ്ക്കുമെന്നും, തൊഴിലാളികളടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുവാന്‍ കാരണമാകുമെന്നും പാപ്പാ മന്നറിയിപ്പു നല്‍കുന്നു. അതുപോലെ അന്താരാഷ്ട്രസംഘടനകളുടെ സ്വാധീനത്തില്‍ സാമൂഹികകാര്യങ്ങള്‍ക്കായുള്ള തുക വെട്ടിചുരുക്കുന്നതിലൂടെ പഴയതും പുതിയതുമായ അപകടങ്ങളുടെ മുന്‍പില്‍ പൗരന്മാരെ നിസ്സഹായരാക്കുകയാണ്. സാമ്പത്തിക പ്രയോജനങ്ങള്‍ക്കായി വ്യാപരവാണിജ്യസംഘടനകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതും സ്വാഗതാര്‍ഹമല്ല. സംരക്ഷിക്കുകയും, പരിപോഷിപ്പിക്കുകയും, ആദരിക്കുകയും ചെയ്യണ്ട പ്രഥമമൂലധനം മനുഷ്യനാണെന്ന് പാപ്പാ ഭരണാധികാരികളെ അനുസ്മരിപ്പിക്കുന്നു. സാംസ്ക്കാരതലത്തില്‍ പരസ്പരപ്രവര്‍ത്തനത്തിന്‍െറ സാദ്ധ്യത സംവാദത്തിന്‍റ നവംനവങ്ങളായ അവസരങ്ങള്‍ അനാവരണം ചെയ്യും. അതെ സമയം അവിടെ ദ്വിവിധ അപകടങ്ങള്‍ പതിയിരിപ്പുണ്ട്. എല്ലാ സംസ്ക്കാരങ്ങളും അടിസ്ഥാനപരമായി തുല്യമാണെന്ന് പരിഗണിക്കുന്നതാണ് ആദ്യത്തെത്. രണ്ടാമത്തെത് എല്ലാ സംസ്ക്കാരങ്ങളെയും ഒരുപോലെയാക്കുന്നതും എല്ലാ ജീവിതശൈലികളെയും അംഗീകരിക്കുന്നതുമാണ്. പട്ടിണിയെന്ന അപമാനത്തെ പറ്റി പരിതപിച്ചുകൊണ്ട് പാപ്പാ തുടരുന്നു- ആനുകാലിക അടിയന്തരാവസ്ഥയെ നേരിടാന്‍ ഉചിതമായ സാമ്പത്തിക സംവിധാനം ഇന്ന് നിലവിലില്ല.. വികസ്വരരാജ്യങ്ങളിലെ കാര്‍ഷികവിഭവങ്ങളുടെ ഉല്പാദനത്തിലും, നീതിപൂര്‍വ്വകമായ ഭൂപരിഷ്ക്കരണത്തിലും നവം നവങ്ങളായ അതെ സമയം ധാര്‍മ്മികവും കാര്യക്ഷമവും ആയ സംവിധാനങ്ങള്‍ ഉണ്ടാകണം. ഭക്ഷൃവസ്തുക്കള്‍ക്കായുള്ള അവകാശം ജലത്തിനായുള്ള അവകാശം പോലെ യാതെരു വിവേചനവും കുടാതെ എല്ലാ മനുഷ്യവ്യക്തികളുടെയും സാര്‍വ്വത്രിക അവകാശമാണെന്ന് അംഗീകരിക്കപ്പെടണം. വികസനപ്രക്രിയയില്‍ പാവപ്പെട്ട രാജ്യങ്ങളുമായുള്ള ഐക്യദാര്‍ഢ്യം ആനുകാലിക സാമ്പത്തികപ്രശ്നപരിഹരണമാര്‍ഗ്ഗത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം രാഷ്ട്രീയപ്രവര്‍ത്തകരും, അന്താരാഷ്ട്രാസംഘടനകളുടെ ഉത്തരവാദപ്പെട്ടവരും സാവകാശത്തില്‍ മനസ്സിലാക്കിവരികയാണ്. ജനതകളുടെ വികസനത്തില്‍ നിന്നും ജീവനോടുള്ള ആദരവ് വേര്‍പ്പെടുത്താനാവില്ല. ഗര്‍ദച്ഛിദ്രം കെട്ടിയേല്‍പ്പിക്കുന്നതുവരെ പോകുന്ന ജനസംഖ്യാനിയന്ത്രണപരിപാടികള്‍ ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ ഇന്ന് നടക്കുന്നു. സാമ്പത്തികമായി മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ ജനനവിരുദ്ധ മനോഭാവം ശക്തമാണ്. സംസ്ക്കാരപുരോഗതിയെന്ന നിലയില്‍ ആ വികലമായ മനോഭാവം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുവാന്‍ അവ പലപ്പോഴും ശ്രമിക്കുകയും ആണ്. മാത്രവുമല്ല ജനനനിയന്ത്രണം പ്രോല്‍സാഹിപ്പിക്കുന്ന ആരോഗ്യനയപരിപാടികളുമായി ആ വികസിതരാജ്യങ്ങളുടെ സാമ്പത്തികസഹായം ബന്ധിതമാണോയെന്നു പോലും സംശയിക്കുവാന്‍ ന്യായമുണ്ടെന്ന് തോന്നിക്കുന്നു. ദയാവധം അനുവദിക്കുന്ന നിയമം ആകുലത ഉളവാക്കുന്ന മറ്റൊരു വിഷയമാണ്. ഒരു സമൂഹം ജീവന്‍െറ നിരാകരിക്കലിന്‍െറയും, നിരോധിക്കലിന്‍െറയും ആയ പാതയിലേയ്ക്ക് നീങ്ങുമ്പോള്‍ മനുഷ്യന്‍െറ അധികൃതനന്മയ്ക്കായി ശ്രമിക്കുവാനുള്ള പ്രചോദനവും, ശക്തിയും കണ്ടെത്താനാവാതെ ഒരുത്തരം നിസ്സംഗതയില്‍ വ്യക്തികള്‍ നിപതിക്കും. വികസനവുമായി വളരെ ബന്ധപ്പെട്ട മറ്റൊരു ഘടകമാണ് മതസ്വാതന്ത്ര്യം. അക്രമം അധികൃതവികസനത്തിന്‍ മേല്‍ കടിഞ്ഞാണിടുന്നു. മതമൗലികവാദത്താല്‍ പ്രചോദിതമായ ഭീകരതയുടെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്താണ്. അതുപോലെ നിരീശ്വരത്വം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ മനുഷ്യന്‍െറ ആത്മീയമാനവികസ്രോതസ്സുകളെ ബലഹീനമാക്കുന്നതുകൊണ്ട് അതും ജനതകളുടെ വികസനത്തിനു് വിഘാതം സൃഷ്ട്രിക്കുകയാണ്. ഉപവിയിലൂടെ ഏകതാനതയിലാക്കപ്പെട്ട വിവിധ തലങ്ങളിലെ വിജ്ഞാനത്തിന്‍െറ പരസ്പരപ്രവര്‍ത്തനം വികസനത്തിനാവശ്യമാണ്. എല്ലാവര്‍ക്കും തൊഴില്‍സാധ്യത എന്ന ലക്ഷൃത്തിന് സാമ്പത്തികതിരഞ്ഞെടുപ്പു മുന്‍ഗണന നല്‍കണം. അന്താരാഷ്ട്രാമല്‍സരക്കളത്തില്‍ മുന്‍പന്തിയില്‍ സ്ഥാനം നേടുന്നതിന് തൊഴിലാളികളുടെ അവകാശസംരക്ഷണത്തെ അവഗണിക്കുന്ന ഹൃസ്വക്കാലപദ്ധതികള്‍ക്ക് രുപമേകുന്ന രീതി സ്വാഗതാര്‍ഹമല്ല. പ്രകൃതിയുടെ ആരോഗ്യപരിപാലനത്തിന് എന്ന പോലെ എന്തിന്‍െറയെയും പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന വികസനമാതൃകകള്‍ തിരുത്തിക്കറിക്കുകയാവശ്യമാണ്. സത്യത്തിലെ സ്നേഹത്തിന്‍െറ മാര്‍ഗ്ഗദര്‍ശനം കുടാതെയുള്ള ആഗോളവല്‍ക്കരണം ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്ത അപകടങ്ങള്‍ക്കും, ഭിന്നതകള്‍ക്കും വഴിത്തിരിയിടാമെന്ന് പാപ്പാ മുന്നറിയിപ്പു നല്‍കുന്നു.
  ദാനങ്ങളുടെ അത്ഭുതകരമായ അനുഭവങ്ങളുടെ മുന്‍പില്‍ സത്യത്തിലെ സ്നേഹം മനുഷ്യനെ നിറുത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ദ്രാതൃത്വവും സാമ്പത്തികവികസനവും പൗരസമൂഹവും എന്ന ശീര്‍ഷകത്തിലെ മൂന്നാം അദ്ധ്യായം പാപ്പാ ആരംഭിക്കുന്നത്. ഉപഭോഗ, പ്രയോജന വാദവീക്ഷണങ്ങള്‍ പലപ്പോഴും ആ ദാനങ്ങളെ അവഗണിക്കുവാന്‍, അവയുടെ നേരെ കണ്ണടയ്ക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ധാര്‍മ്മികതയുടെ സ്വാധീനത്തില്‍ നിന്ന് സാമ്പത്തികവ്യവസ്ഥിതി സ്വതന്ത്രമാണെന്ന ചിന്താഗതി സാമ്പത്തികഘടകങ്ങളെ യാതെരു തത്വദീക്ഷയും കുടാതെ നശിപ്പിക്കുവാന്‍ പോലും ഇടയാകത്തക്കവിധം ഉപയോഗിക്കുവാന്‍ മനുഷ്യനെ പ്രല്ലോഭിപ്പിക്കും. താന്‍ സ്വയം പര്യാപ്തനാണെന്നും, സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം ചരിത്രത്തിലെ തെറ്റുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനാവുമെന്നുള്ള ചിന്ത അവന്‍െറ സന്തോഷത്തെയും രക്ഷയെയും സങ്കീണ്ണകമാക്കിയിരിക്കുന്നു. സ്നേഹത്തെ പോലെ ഒരു ദാനമായ സത്യവും നമ്മെക്കാള്‍ ഉന്നതമാണ്. സത്യവും സ്നേഹവും ആരുടെയും പദ്ധതിയുടെയോ, ആഗ്രഹത്തിന്‍െറയോ ഒരു ഫലമല്ല. മറിച്ച് മനുഷ്യവ്യക്തികള്‍ക്ക് നല്‍കപ്പെടുന്ന ഒരു ദാനമാണ്. അവ എല്ലാവര്‍ക്കും നല്‍കപ്പെടുന്ന ദാനങ്ങളാകയാല്‍ സമൂഹത്തെ കെട്ടിപ്പടുക്കുന്ന ശക്തിയാണ് സത്യത്തിലെ സ്നേഹം. അതിര്‍വേലികളോ, പരിമിതികളോ ഉണ്ടാക്കാതെ അത് പ്രവര്‍ത്തിക്കും ഐക്യദാര്‍ഢ്യത്തിന്‍െറയും, പരസ്പരധാരണയുടെയും ചൈതന്യത്തിന്‍െറ അഭാവത്തില്‍ കബോളത്തിനു് അതിന്‍െറ തനതായ സാമ്പത്തികധര്‍മ്മങ്ങള്‍ ശരിയായി നിര്‍വഹിക്കാനാവില്ല. കബോളത്തിനു് അതിനെത്തന്നെ ആശ്രയിച്ച് മുന്നേറുവാനും പറ്റില്ല. അത് മറ്റു ഘടകങ്ങളില്‍ നിന്ന് ധാര്‍മ്മികോര്‍ജ്ജം ആര്‍ജ്ജിക്കുകയും, പാവപ്പെട്ടവരെ ഒരു ഭാരമായി കരുതാതെ ഒരു വിഭവമായി പരിഗണിക്കുകയും വേണം. പാവപ്പെട്ടവരുടെ മേല്‍ സമ്പന്നന്‍ ആധിപത്യം പുലര്‍ത്തുന്ന ഒരുയിടമായിരിക്കരുത് കബോളം. രാഷ്ട്രീയസമൂഹം പ്രത്യേക ഉത്തരവാദിത്വം വഹിക്കണ്ട പൊതുനന്മയ്ക്കായുള്ള അന്വേഷണം ലക്ഷൃം വയ്ക്കുന്നതായിരിക്കണം വാണിജ്യതത്വശാസ്ത്രം. കബോളം സ്വഭാവത്താല്‍ തന്നെ നിഷേധാത്മകമായ ഒരിടമല്ല. അതിനാല്‍ വെല്ലുവിളിക്കപ്പെടുന്നത് മനുഷ്യനും, അവന്‍െറ മനസ്സാക്ഷിയും, ഉത്തരവാദിത്വവുമാണ്. സുതാര്യതയുടെയും, സത്യസന്ധതയുടെയും ആയ പരമ്പരാഗത തത്വങ്ങളെ അവഗണിക്കുവാനോ, ബലഹീനമാക്കുവാനോ ആവില്ലെന്നാണ് ആനുകാലിക പ്രതിസന്ധി കാട്ടുക. അതെ സമയം സാമ്പത്തികശാസ്ത്രം രാഷ്ട്രത്തിന്‍െറ ദൗത്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നില്ലെന്നും ,നീതിപൂര്‍വ്വകമായ നിയമങ്ങള്‍ അവയ്ക്കു് ആവശ്യമാണെന്നും അനുസ്മരിക്കേണ്ടിയിരിക്കുന്നു. ചെന്തേസീമൂസ് അന്നൂസ് എന്ന ചാക്രീയലേഖനത്തിന്‍െറ ചുവടു പിടിച്ച് പാപ്പാ കബോളം, രാഷ്ട്രം, പൗരസമൂഹം എന്നീ ത്രിവിധകര്‍ത്താക്കളോടു കുടിയ ഒരു വ്യവസ്ഥിതിയുടെ ആവശ്യം ചൂണ്ടിക്കാട്ടുകയും, സാമ്പത്തികവസ്ഥിതിയുടെ സംസ്ക്കൃതി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. ഐക്യദാര്‍ഢ്യത്തില്‍ ആധാരമാക്കപ്പെട്ടിരിക്കുന്ന സാമ്പത്തികരുപങ്ങളാണ് നമ്മുക്കാവശ്യം. കബോളത്തിനും, രാഷ്ട്രീയത്തിനും ആവശ്യമായിരിക്കുന്നത് അപരരിലുള്ള ദാനങ്ങളോട് തുറവുള്ള വ്യക്തികളെയാണ്.
എല്ലാവര്‍ക്കും ഉപകാരപ്രദമായ മാനവഐക്യദാര്‍ഢ്യത്തിന്‍െറ യാഥാര്‍ത്ഥ്യം ഒരു കടമ നമ്മെ ബാദ്ധ്യതപ്പെടുത്തുന്നുവെന്നു അനുസ്മരിപ്പിച്ചുകൊണ്ടാണ് ജനങ്ങളുടെ വികസനം അവകാശങ്ങളും കടമകളും പരിസ്ഥിതി എന്ന നാലാം അദ്ധ്യായം ആരംഭിക്കുക. തങ്ങളോട് അല്ലാതെ മറ്റാരോടും തങ്ങള്‍ക്ക് ഒരു കടമയും ഇല്ലെന്ന് ഇന്ന് പലരും അവകാശപ്പെടുന്നു. അവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെ പറ്റി മാത്രമാണ് ഔല്‍സുക്യമുള്ളത്. അതിനാല്‍ അവകാശങ്ങള്‍ കടമകളെ എങ്ങനെ വ്യവസ്ഥ ചെയ്യുന്നുവെന്നത് വിചിന്തനവിഷയമാക്കുക വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. കടമകളുടെ ചട്ടക്കുട്ടി ല്‍ നിന്ന് വ്യക്തിപരമായ അവകാശങ്ങളെ വേര്‍പ്പെടുത്തുമ്പോള്‍ അത് ക്രൂരയ്ക്ക് കളമൊരുക്കാം.. ധാര്‍മ്മിക പശ്ചാത്തലത്തില്‍ അവകാശങ്ങളും, കടമകളും പരസ്പരം ബന്ധിതമാണ്. നേരെ മറിച്ച് അവയുടെ ആധാരം പൗരസമ്മേളനത്തിന്‍െറ ചര്‍ച്ചകളിലും, തീരുമാനങ്ങളിലും അധിഷ്ഠിതമാണെങ്കില്‍ അവ ഏതു സമയത്തും പരിവര്‍ത്തനവിധേയമാകാം. അവകാശങ്ങളുടെ അലംഘനീയതയും, വസ്തുനിഷ്ഠതയും സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്രസംഘടനകള്‍ക്കും അവഗണിക്കാനാവില്ല. ആ തലത്തില്‍ ജനസംഖ്യാവര്‍ദ്ധനവിനെ അധികരിച്ച പ്രശ്നങ്ങള്‍ ചിന്തനീയമാണ്. അവികസനത്തിന്‍െറ പ്രഥമകാരണമായി ജനസംഖ്യാവര്‍ദ്ധനവിനെ ചിത്രീകരിക്കുന്നത് സാമ്പത്തിക വീക്ഷണകോണത്തില്‍ പോലും തെറ്റാണ്. വെറും സന്തോഷത്തിന്‍െറ സ്രോതസ്സായി മാത്രം ലൈംഗികതയെ വീക്ഷിക്കുന്നതും, നിര്‍ബന്ധിത കുടുബാസൂത്രണപരിപാടികളാല്‍ അതിനെ നിയന്ത്രിക്കുന്നതും തികച്ചും നിരുത്തരവാദിത്വപരമായ ചെയ്തികളാണ്. ജീവനോടുള്ള ഉത്തരവാദിത്വപൂര്‍വ്വകമായ ധാര്‍മ്മിക തുറവ്, സമ്പന്നമായ സാമൂഹിക സാമ്പത്തിക വിഭവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുടുംബത്തിന്‍െറ കേന്ദ്രസ്ഥാനവും, സമഗ്രതയും പരിപോഷിപ്പിക്കുന്ന നയപരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ സര്‍ക്കാരുകള്‍ വിളിക്കപ്പെടുന്നു. സാമ്പത്തിക വ്യവസ്ഥിതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ധാര്‍മ്മികത, ജനങ്ങളില്‍ കേന്ദ്രീകൃതമായ ധാര്‍മ്മികത അനിവാര്യ വ്യവസ്ഥയാണ്. അന്താരാഷ്ട്രസഹകരണത്തിന്‍െറ വികസനപരിപാടികളുടെ മാര്‍ഗ്ഗദര്‍ശനതത്വവും മാനവവ്യക്തിയുടെ കേന്ദ്രസ്ഥാനമായിരിക്കണം. അന്താരാഷ്ട്രസഹകരണത്തില്‍ ഗുണഭോക്താക്കള്‍ക്കും പങ്കാളിത്വമുണ്ടായിരിക്കണം. നാലാമത്തെ അദ്ധ്യായത്തിന്‍െറ അവസാന ഖണ്ധികകള്‍ പരിസ്ഥിതിയെ പരാമര്‍ശിക്കുന്നവയാണ്. വിശ്വാസിക്ക് പ്രപഞ്ചം ഒരു ദൈവദാനമാണ്. ഉത്തരവാദിത്വപൂര്‍വ്വകം കൈക്കാര്യം ചെയ്യുന്നതിനായി ദൈവം അത് അവനെ ഭരമേല്പിച്ചിരിക്കുകയാണ്. ഊര്‍ജ്ജപ്രതിസന്ധി പരാമര്‍ശവിഷയമാക്കുന്ന പോപ്പു ബെനഡിക്ട് പതിനാറാമന്‍ ഇപ്രകാരം തുടരുന്നു ചില രാജ്യങ്ങളും പ്രബലസംഘടനകളും പുനസംസ്കരിക്കാനാവാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ സംഭരിക്കുന്നത് പാവപ്പെട്ട രാജ്യങ്ങളുടെ വികസനത്തിന് വലിയ തടസ്സം സൃഷ്ട്രിക്കുന്നു. അതിനാല്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ അത്തരം ചൂഷണം തടയുന്നതിനു് അന്താരാഷ്ട്രസമൂഹം വ്യവസ്ഥാപിതമായ ഉപാധികള്‍ കണ്ടത്തെണം. സാങ്കേതികവിദ്യയുടെ തലത്തില്‍ പുരോഗതി നേടിയിട്ടുള്ള സമൂഹങ്ങള്‍ക്ക് അവയുടെ ഗാര്‍ഹിക ഊര്‍ജ്ജവിനിയോഗം കുറയ്ക്കാനാവും. അതെസമയം ആ രാജ്യങ്ങള്‍ ഊര്‍ജ്ജത്തിന്‍െറ ഇതരസ്രോതസ്സുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. അടിസ്ഥാനപരമായി ആവശ്യമായിരിക്കുന്നത് പുതിയ ജീവിതശൈലികള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന കാര്യക്ഷമമായ മനോഭാവപരിവര്‍ത്തനമാണ്. ലോകത്തില്‍ മിക്കയിടങ്ങളിലും ഇന്ന് കാണുന്നത് സുഖാനുദോഗവാദത്തിന്‍െറയും, ഉപഭോഗവാദത്തിന്‍െറയും ആയ ഒരു ശൈലിയാണ്. അതിനാല്‍ ഇന്നത്തെ നിര്‍ണ്ണായകപ്രശ്നം സമൂഹത്തിന്‍െറ മൊത്തത്തിലുള്ള ധാര്‍മ്മികനിലപാടാണ്. ജീവനും, സ്വാഭാവികമരണത്തിനുമായുള്ള അവകാശത്തോടുള്ള ആദരവിന് കോട്ടം തട്ടുകയാണെങ്കില്‍ പ്രകൃതിയുടെ പരിസ്ഥിതിയെയും മാനുഷികപരിസ്ഥിതിയെയും അധികരിച്ച ആശയം സമൂഹത്തിന്‍െറ മനസ്സാക്ഷിക്ക് കൈമോശം വരും. സ്നേഹത്തിന്‍െറയും, സത്യത്തിന്‍െറയും ഒരു പദ്ധതി പ്രകൃതി അനാവരണം ചെയ്യുന്നു. പ്രകൃതി സൃഷ്ട്രാവിനെയും, മാനവകുലത്തോടുള്ള അവിടത്തെ സ്നേഹത്തയും പറ്റി നമ്മോട് സംസാരിക്കുന്നു. പ്രകൃതി വെളിപ്പെടുത്തുന്ന സത്യവും, സ്നേഹവും ഉല്പാദിപ്പിക്കാനാവില്ല. മറിച്ച് അവ ഒരു ദാനമെന്ന നിലയില്‍ നമ്മുക്ക് സ്വീകരിക്കാനേ സാധിക്കൂ. അവയുടെ ആത്യന്തിക ഉറവിടം മാനവകുലമല്ല. മറിച്ച് സത്യവും സ്നേഹവും തന്നെയായ ദൈവമാണ്. നമ്മുക്ക് മുന്‍പേയുള്ള പ്രകൃതി എന്താണ് നന്മയെന്നും, എന്തിലാണ് നമ്മുടെ അധികുത സന്തോഷം അടങ്ങിയിരിക്കുന്നതെന്നും വെളിപ്പെടുത്തിത്തരുന്നു. അധികൃത വിസനത്തിലേയ്ക്കുള്ള പാതയും അത് നമ്മുക്ക് കാട്ടിത്തരുന്നു.

മാനവകുടുംബത്തിന്‍െറ സഹകരണം എന്നതാണ് ചാക്രീയലേഖനത്തിന്‍െറ അഞ്ചാമത്തെ അദ്ധായത്തിന്‍െറ ശീര്‍ഷകം. ജനതകളുടെ വികസനം ആശ്രയിച്ചിരിക്കുന്നത് സര്‍വ്വോപരി മാനവകുലം ഒരു ഏകകുടുംബമാണെന്നു് അംഗീകരിക്കുന്നതിലാണ്. പൊതുവേദിയില്‍ ദൈവത്തിന് സ്ഥാനമുണ്ടെങ്കിലേ ക്രൈസ്തവമതത്തിന് വികസനാര്‍ത്ഥം സംഭാവന ചെയ്യാനാവൂയെന്നത് വ്യക്തമാണ്. ഒരുവന്‍െറ വിശ്വാസം പരസ്യമായി ഏറ്റുപറയുവാനുള്ള അവകാശം നിരോധിക്കുന്നതിലൂടെ രാഷ്ട്രതന്ത്രം ആധിപത്യപരവും, അക്രമാസക്തവുമായ സ്വഭാവം സ്വീകരിക്കുകയാണ്. മതനിരപേക്ഷതയും മതമൗലികവാദവും, യുക്തിയും മതവിശ്വാസവും തമ്മിലുള്ള സംവാദത്തിന്‍െറ സാധ്യത ഇല്ലാതാക്കുകയാണ്. അത് കാരണമാക്കുന്ന വിടവ് മാനവവികസനത്തിനു് വലിയ പ്രശ്നങ്ങള്‍ സൃഷ്ട്രിക്കും. ക്ഷേമരാഷ്ട്രത്തിനു എതിരായ എല്ലാത്തിനും കാര്യക്ഷമായ പ്രതിവിധിയാണ് കീഴ്ഘടകങ്ങള്‍ക്ക് ചെയ്യാവുന്നത് അവര്‍ക്ക് വിട്ടുകൊടുക്കന്നത്. യഥാര്‍ത്ഥ മാനവവികസനത്തിലേയ്ക്ക് ആഗോളവല്‍ക്കരണത്തെ തിരിച്ചുവിടുന്നതിനു് ഏറ്റവും സഹായകരവുമാണ്ത്. അന്താരാഷ്ട്രാസഹായം ചിലപ്പോള്‍ ആശ്രയത്വത്തിന്‍െറ അവസ്ഥയില്‍ ജനങ്ങളെ തളച്ചിടാം. അതിനാല്‍ ഭരണാധികാരികളോടെപ്പം പൗരസമൂഹത്തിലെ ജനങ്ങളും വികസനപ്രക്രിയയില്‍ പങ്കെടുക്കണം. സമ്പന്നരാഷ്ട്രങ്ങള്‍ അവയുടെ മൊത്ത ദേശീയ ഉല്പാദനത്തിന്‍െറ നല്ല ഒരു ഭാഗം വികസനസഹായമായി നല്‍കിക്കൊണ്ട് ഏറ്റെടുത്ത കടമകളെ ആദരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തുടരുന്നു- വിദ്യാഭ്യാസത്തിനും, വ്യക്തിത്വപരിശീലനത്തിനും ജനങ്ങള്‍ക്ക് അവസരവും, സാധ്യതയും ലഭിക്കണം. ആപേക്ഷികതാവാദം എല്ലാവരെയും ഒരുത്തരം ഇല്ലായ്മയില്‍ ആഴ്ത്തും. അതിന്‍െറ ഒരു ഉദാഹരണമാണ് ലൈംഗിക വിനോദസഞ്ചാരമെന്ന വികലമായ പ്രതിഭാസം. പ്രാദേശിക സര്‍ക്കാരിന്‍െറ പിന്‍ത്തുണയോടും, വിനോദസഞ്ചാരികളുടെ മാതൃരാജ്യങ്ങളിലെ ഭരണാധികാരികളുടെ മൗനസമ്മതത്തോടും, വിനോദസഞ്ചാരസംഘാടകരുടെ പങ്കാളിത്വത്തോടും കുടിയാണ് അത് നടക്കുന്നതെന്ന വസ്തുത വേദനാജനകമാണ്. തുടര്‍ന്നു പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇന്നത്തെ വര്‍ദ്ധമാകുന്ന കുടിയേറ്റപ്രശ്നത്തിലേയ്ക്ക് കടക്കുന്നു ഒരു രാജ്യത്തിനും ഇന്നത്തെ കുടിയേറ്റപ്രതിഭാസം സ്വയം കൈക്കാര്യം ചെയ്യാനാവില്ല. എല്ലാവരാലും എല്ലാ സാഹചര്യങ്ങളിലും ആദരിക്കപ്പെടണ്ട സമൂര്‍ത്തവും, അലംഘനീയവും ആയ അവകാശങ്ങളുള്ള മനുഷ്യവ്യക്തികളാണ് എല്ലാ കുടിയേറ്റക്കാരും. വിദേശ തൊഴിലാളികളെ ഒരിക്കലും കച്ചവടചരക്കായി കരുതരുത്. ദാരിദ്ര്യവും തൊഴില്ലായ്മയും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ട്. എല്ലാവര്‍ക്കും മാന്യമായ ജോലി ലഭിക്കണം. സാമൂഹികയവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന രാജ്യങ്ങളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേകപരിഗണനയും, ഔല്‍സുക്യവും കാട്ടുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ധനക്കാര്യത്തിന്‍െറ ദുരുപയോഗം വളരെയേറെ നാശനഷ്ടങ്ങള്‍ക്ക് വഴിത്തിരിയിട്ടിരിക്കുന്ന പരിതോവസ്ഥയില്‍ അതിനെ വികസനത്തിന്‍െര ഒരു ഉപകരണമായി പരിവര്‍ത്തിപ്പിക്കുക ഇന്നിന്‍െറ ഒരു വലിയ ആവശ്യമാണ്. ധനക്കാര്യവിദഗദ്ധര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത ധാര്‍മ്മിക അടിസ്ഥാനം വീണ്ടും കണ്ടെത്തണം. അതുപോലെ ബലഹീനവിഭാഗത്തിന്‍െറ സംരക്ഷണത്തിന് ധനക്കാര്യവിഭാഗത്തിന്‍െറ നിയന്ത്രണവും ആവശ്യമാണ്. ഐക്യരാഷ്ട്രസഭയുടെയും, സാമ്പത്തികസ്ഥാപനങ്ങളുടെയും, അന്താരാഷ്ട്രസമ്പത്തികവ്യവസ്ഥിതിയുടെയും നവീകരണത്തിന്‍െറ അനിവാര്യത അഞ്ചാമദ്ധ്യായത്തിന്‍െറ അവസാന ഖണ്ഡികയില്‍ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.. ഐക്യദാര്‍ഢ്യത്തെയും, കീഴ്ഘടകങ്ങള്‍ക്ക് ചെയ്യാവുന്ന അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന തത്വത്തെയും ആദരിക്കുന്ന ഒരു അധികൃതലോകരാഷ്ട്രാധികാരി ഇന്നിന്‍െറ വലിയ ആവശ്യമാണ്. ആഗോളവല്‍ക്കരണത്തിന്‍െറ നടത്തിപ്പ് സുഗമവും കാര്യക്ഷമവും ആക്കുന്നതിന് ഒരു അന്താരാഷ്ട്രാസംവിധാനം പാപ്പാ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.

ജനതകളുടെ വികസനത്തെയും സാങ്കേതികവിദ്യയെയും കുറിച്ചാണ് സമാപന അദ്ധ്യായത്തില്‍ - ആറാം അദ്ധ്യായത്തില്‍- പാപ്പാ പരാമര്‍ശിക്കുക. സാങ്കേതികവിദ്യയുടെ അത്ഭുതകണ്ടുപിടുത്തങ്ങളിലൂടെ മാനവകുലത്തിന് സ്വയം പുനര്‍സൃഷ്ടിക്കാനാവുമെന്ന് നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന അഹങ്കാരചിന്തയ്ക്ക് എതിരെ പാപ്പാ മുന്നറിയ്പ്പു നല്‍കുന്നു. പരമമായ സ്വാതന്ത്ര്യം സാങ്കേതികവിദ്യയ്ക്ക് ഉണ്ടാകാനാവില്ല. വ്യക്തികളുടെയും, ജനതകളുടെയും ഔന്നിത്യം പരിപോഷിപ്പിക്കുവാന്‍ വിളിക്കപ്പെടുന്ന സാമൂഹികസമ്പര്‍ക്കമാദ്ധ്യമങ്ങള്‍ സാങ്കേതികവിദ്യയുടെ വികസനവുമായി ബന്ധിതമാണ്. ആധിപത്യത്തിനായുള്ള, സാങ്കേതികവിദ്യയും മാനവ ധാര്‍മ്മിക ഉത്തരവാദിത്വവും തമ്മിലുള്ള ഇന്നത്തെ സാംസ്ക്കാരികപോരാട്ടത്തിന്‍െറ ഒരു നിര്‍ണ്ണായക രണഭൂമിയാണ് ജീവശാസ്ത്രധാര്‍മ്മികവേദി. വിശ്വാസത്തിന്‍െറ അഭാവത്തിലെ യുക്തി അതിന്‍െറ സര്‍വ്വശക്തിയെ അധികരിച്ച മിഥ്യയില്‍ തപ്പിത്തടയാന്‍ വിധിക്കപ്പെടുന്നു. സാമൂഹികസമസ്യ നരവംശശാസ്ത്രചോദ്യമായി പരിവര്‍ത്തിച്ചിരിക്കുന്നു. ഭ്രൂണബന്ധിയായ ഗവേഷണങ്ങള്‍, ക്ലോണിങ്ങ് തുടങ്ങിയവ എല്ലാ രഹസ്യവും കൈവശമാക്കിയെന്ന് വീമ്പടിക്കുന്ന ആനുകാലികസംസ്ക്കാരം പരിപോഷിപ്പിക്കുകയാണ്. ജനനത്തെ സംബന്ധിക്കുന്ന വ്യവസ്ഥാപിതമായ വര്‍ഗ്ഗസംസ്ക്കാരശാസ്ത്രപദ്ധതികളില്‍ ആശങ്ക രേഖപ്പെടുത്തുന്ന പാപ്പാ, മാനവസംഭവങ്ങളുടെ ഭൗതികകാഴ്ചപ്പാടിനു് ഉപരി ഉയരാന്‍ ഒരു നവഹൃദയം സ്വായത്താക്കാന്‍ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ആറാം അദ്ധ്യായം അവസാനിപ്പിക്കുക.
വികസനപ്രക്രിയുടെ അനാവാര്യഘടകങ്ങളെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സമാപനത്തില്‍ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തപ്പെട്ട ക്രൈസ്തവന്‍െറ കരങ്ങള്‍ വികസനത്തിനാവശ്യമാണ്. ഒപ്പം സ്നേഹവും പൊറുക്കലും, സ്വയംനിയന്ത്രണവും, മറ്റുള്ളവരെ അംഗീകരിക്കലും, നീതിയും സമാധാനവും അതിനാവശ്യമായ ഇതരവ്യവസ്ഥകളാണ്.









All the contents on this site are copyrighted ©.