2009-07-09 13:21:11

ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തെ കത്തോലിക്കാ നേതാക്കള്‍ മുക്തകണ്ഠം പ്രശംസിക്കുന്നു


പതിനാറാം ബനഡിക്ട് മാര്‍പാപ്പ "കാരിത്താസ് ഇ൯ വെരിത്താത്തെ" -സത്യത്തില്‍ സ്നേഹം- എന്ന തന്‍റെ പുതിയ ചാക്രിക ലേഖനത്തിലുടെ സുവിശേഷ തത്വങ്ങള്‍ ആധുനിക സമൂഹത്തില്‍ എത്തിക്കുന്നുവെന്ന് അമേരിക്ക൯ ഐക്യനാടുകളിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷ൯ കര്‍ദ്ദിനാള്‍ ഫ്രാ൯സീസ് ജോര്‍ജ്ജ് പ്രശംസിച്ചു. സത്യം അന്വേഷിക്കുന്ന സമകാലിക ലോകത്തിന്‍റെ സാമൂഹ്യവും, സാമ്പത്തികവും, ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനു സഹായകമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഈ രേഖ നല്കുന്നുവെന്നു മെത്രാ൯സംഘത്തിന്‍റെ പേരില്‍ പുറപ്പെടുവിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം ശ്ലാഘിക്കുന്നു. മാനവ വികസനം എന്ന വിളിയെയും, അതുപോലെ, ആഗോള സമ്പദ്സംവിധാനം അധിഷ്ഠിതമായിരിക്ക‍േണ്ട ധാര്‍മ്മിക തത്വങ്ങളെയുംപ്പറ്റി അന്യൂനമായ ഒരു വിചിന്തനം "കാരിത്താസ് ഇ൯ വെരിത്താത്തെ" അവതരിപ്പിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ഫ്രാ൯സീസ് ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നു വാര്‍ത്താക്കുറിപ്പില്‍. ഈ വിശ്വ ലേഖനം മാനുഷികവും ചുറ്റുപാടുകളുടേതുമായ പരിസ്ഥിതികള്‍ തമ്മിലുള്ള ബന്ധം ദര്‍ശിക്കാനും പൊതു നന്മ, യഥാര്‍ത്ഥ മാനവ വികസനം ഇവ കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ സ്നേഹത്തെയും സത്യത്തെയും ബന്ധപ്പെടുത്താനും ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം മാനവ വികസനത്തിന്‍റെ സങ്കീര്‍ണ്ണ പ്രശ്നങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ദര്‍ശനങ്ങള്‍ ശക്തമായും സംപൂര്‍ണ്ണമായും സന്നിവേശിപ്പിക്കുന്നുവെന്നു പ്രസ്താവിച്ചു ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്സ്റ്റര്‍ അതിരൂപതയുടെ ഭരണാദ്ധ്യക്ഷ൯ ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കൊള്‍സ്. ഇംഗ്ലണ്ടിലെയും വെയ്ത്സിലെയും കത്തോലിക്കാ വിശ്വാസികള്‍ ഈ സാമൂഹ്യ ചാക്രിക ലേഖനത്തെ സഹര്‍ഷവും ഊഷ്മളതയോടും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സാമൂഹികപ്രബോധന രേഖകളുടെ നിരയില്‍, പ്രത്യേകിച്ച്, ആറാം പൗലോസ് പാപ്പാ "പോപ്പുളോരും പ്രോഗ്രെസ്സിയൊ" (ജനതകളുടെ പുരോഗതി) എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ സുതരാം വ്യക്തമായി അവതരിപ്പിച്ചിട്ടുള്ള ക്രീസ്തീയ മാനവികതയുടെ പാരമ്പര്യത്തില്‍, ഇതു സ്ഥിര പ്രതിഷ്ഠ നേടുമെന്ന് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ യഥാര്‍ത്ഥമായ മാനവ വികസനത്തിന്‍റെ തത്വങ്ങളും അതു നേരിടുന്ന വെല്ലുവിളികളും പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റ‍െ പുതിയ ചാക്രിക ലേഖനത്തില്‍ വ്യക്തമായി അവതരിപ്പിക്കുന്നുവെന്നു പ്രശംസിച്ചു സ്കോട്ട്ലന്‍ഡിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിന്‍റെ നീതി, സമാധാന കമ്മീഷന്‍റെ അദ്ധ്യക്ഷ൯ ബിഷപ്പ് പീറ്റര്‍ മോറ൯.
പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ "കാരിത്താസ് ഇ൯ വെരിത്താത്തെ" എന്ന പുതിയ ചാക്രിക ലേഖനം നീതി, പൊതു നന്മ എന്നിവ ഊന്നിപ്പറയുന്നതും ധനശാസ്ത്രം, രാഷ്ട്രതന്ത്രം, സമൂഹം എന്നിവയെപ്പറ്റി ഒരു നവീന വീക്ഷണം അവതരിപ്പിക്കുന്നതുമാണെന്ന് അന്താരാഷ്ട്ര കത്തോലിക്കാ ഉപവി സംഘടന കാരിത്തിസിന്‍റ‍െ സെക്രട്ടറി ജനറല്‍ ലെസ്ലി-ആ൯ നൈറ്റ് പ്രതികരിച്ചു. സാന്മാര്‍ഗ്ഗിക തത്വങ്ങള്‍ അവഗണിച്ചു സാമ്പത്തിക നേട്ടത്തിനായി നടത്തുന്ന നെട്ടോട്ടം എപ്രകാരം ഭൂലോക വാസികള്‍ക്കും ഭൂമിയ്ക്കും ഹാനികരമായിത്തീര്‍ന്നുവെന്ന് ഈ രേഖ ചൂണ്ടിക്കാട്ടുന്നുവെന്ന് അവര്‍ പ്രസ്താവിച്ചു. ലോക ജനത പതിറ്റാണ്ടുകളിലുടെ കൈവരിച്ച പുരോഗതി അപകട സന്ധിയിലായിരിക്കുന്ന ഒരു നിര്‍ണ്ണായക നിമിഷത്തിലാണു ഈ പുതിയ വിശ്വ ലേഖനം പ്രകാശിതമായിരിക്കുന്നതെന്നു കാരിത്താസ് ഇന്തര്‍നാസ്യൊണാലിസിന്‍റ‍െ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ വികസന,പുരോഗതികളുടെ പാതയിലേക്കു നമ്മെ പുനരാനയിക്കുന്നതിനു നയങ്ങള്‍ രൂപവത്ക്കരിക്കുന്നവര്‍ അവലംബിക്കേണ്ട മൂര്‍ത്തമായ നടപടികള്‍ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ സാമൂഹിക ചാക്രിക ലേഖനം നിര്‍ദ്ദേശിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.