2009-07-03 16:42:51

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ ചെക് റിപ്പബ്ലിക്കില്‍


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ തീയതികളില്‍ ചെക് റിപ്പബ്ലിക്കില്‍ ഇടയസന്ദര്‍ശനം നടത്തും. ആ ത്രിദിന അപ്പസ്തോലികപര്യടനത്തില്‍ പാപ്പാ പ്രാഗ്, ബ്രനോ, സ്തറ ബോള്‍സ്സ്ലാവ് എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച റോമില്‍ നിന്ന് പ്രാദേശികസമയം രാവിലെ 9.20 ന് ചെക് റിപ്പബ്ലിക്കിലേയ്ക്ക് തിരിക്കുന്ന പാപ്പാ 11.30 ന് പ്രാഗിലെ സ്തറ റൂസ്വിനേ അന്താരാഷ്ട്രാവിമാനത്താവളത്തിലെത്തും. സ്വീകരണ സ്വാഗത ചടങ്ങുകള്‍ക്കു ശേഷം പാപ്പാ പ്രാഗിലെ ഉണ്ണിഈശോയുടെ നാമത്തിലെ ദേവാലായം സന്ദര്‍ശിക്കും. പിന്നീട് പാപ്പാ അന്നാടിന്‍െറ പ്രസിഡന്‍റ്, രാഷ്ട്ര പൗരാധികാരികള്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കുടിക്കാഴ്ചകള്‍ നടത്തും. വൈദികരും, സന്ന്യസ്തരും, വൈദികവിദ്യാര്‍ത്ഥികളും, അല്മായപ്രസ്ഥാനങ്ങളിലെ അംഗങ്ങളും ഒത്തുള്ള സായംക്കാലപ്രാര്‍ത്ഥനയാണ് പ്രഥമദിനത്തിലെ പാപ്പായുടെ അവസാനയിനം. പിറ്റെ ദിവസം ഞായറാഴ്ചത്തെ പാപ്പായുടെ പരിപാടികള്‍ ബ്രനോ വിമാനത്താവളത്തിലെ ദിവ്യബലിയോടെയാണ് ആരംഭിക്കുക. പ.കുര്‍ബാനയ്ക്ക് ശേഷം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രാഗിലേയ്ക്ക് മടങ്ങും. വിവിധക്രൈസ്തവവിഭാഗങ്ങളും, വിദ്യാഭ്യാസലോകവും ആയുള്ള പ്രത്യേകം പ്രത്യേകം കുടിക്കാഴ്ചകളാണ് പാപ്പായുടെ അജന്തായിലെ അന്നത്തെ ഉച്ച കഴിഞ്ഞുള്ള പരിപാടികള്‍. ചെക് റിപ്പബ്ലിക്കിലെ ഇടയസന്ദര്‍ശനത്തിന്‍െറ സമാപനദിനമായ ഇരുപത്തിയെട്ടാം തീയതി രാവിലെ സ്തറ ബോസ്സലാവില്‍ പ.പിതാവ് ദിവ്യബലി അര്‍പ്പിക്കും. തദനന്തരം പാപ്പാ യുവലോകത്തെ പ്രത്യേകം അഭിസംബോധന ചെയ്യുകയും, അവര്‍ക്ക് ഒരു സന്ദേശം നല്‍കുകയും ചെയ്യും. പിന്നിട് നടക്കുന്ന വിടവാങ്ങല്‍ യാത്രയപ്പ് ചടങ്ങുകള്‍ക്കു ശേഷം പ.പിതാവ് റോമിലേയ്ക്ക് മടങ്ങും. പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പതിമൂന്നാം വിദേശഇടയസന്ദര്‍ശനമാണ് ചെക് റിപ്പബ്ലിക്കിലെ പര്യടനം.







All the contents on this site are copyrighted ©.