2009-07-01 12:45:17

സെന്‍റ് പോള്‍സ് ബസലിക്കയിലെ കബറിടം വിശുദ്ധ പൗലോസിന്‍റേതാണെന്ന വിശ്വാസത്തെ ശാസ്ത്രീയ പരിശോധന സ്ഥിരപ്പെടുത്തുന്നുവെന്ന് മാര്‍പാപ്പ..


റോമിലെ സെന്‍റ് പോള്‍സ് പേപ്പല്‍ ബസലിക്കയിലെ പേപ്പല്‍ അള്‍ത്താരയുടെ അടിയിലുള്ള, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റേതെന്നു വിശ്വസിക്കപ്പെടുന്ന, ശവകുടീരത്തില്‍ന്നു ലഭിച്ച അസ്ഥിശകലങ്ങള്‍ കാല നിര്‍ണ്ണയനത്തിനുള്ള- കാര്‍ബണ്‍ ഡേറ്റിങ്- ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയത് ആ വിശ്വാസത്തെ സ്ഥിരപ്പെടുത്തുന്നുവെന്നു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പ്രസ്താവിച്ചു. ആ കബറിടത്തിലെ, നിരവധി നൂറ്റാണ്ടുകള്‍ക്കിടെ ഒരിക്കലും തുറന്നിട്ടില്ലാത്ത കല്ക്കുമ്മായ ശവപ്പെട്ടിയില്‍ ചെറിയ ദ്വാരമിട്ടു ചികയുന്ന വൈദ്യുതോപകരണം കടത്തി ശേഖരിച്ച വസ്തുക്കളില്‍ വിലപിടിപ്പുള്ള കടുത്ത ഊതനിറത്തിലുള്ള പട്ടുതുണിയുടെ തുണ്ടുകള്‍, നേര്‍ത്ത സ്വര്‍ണ്ണ പാളിയോടുകൂടിയ നാരുതുണിയുടെ ശകലങ്ങള്‍, നാരുനൂലുകള്‍ക്കൊണ്ടു നെയ്ത ഒരു നീലത്തുണിക്കഷണം എന്നിവ ഉള്‍പ്പെടുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. ചുവന്ന കുന്തുരുക്കത്തിന്‍റെ തരികളും മാംസ്യം, പൊട്ടാസ്യം ഇവ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളുടെ അംശങ്ങളും അസ്ഥിയുടെ ശകലങ്ങളും അതില്‍ കണ്ടെത്തിയെന്നും മാര്‍പാപ്പ അറിയിച്ചു. ആ അസ്ഥിനുറുങ്ങുകള്‍, അവ എവിടെനിന്നു ശേഖരിച്ചതാണെന്നു വെളിപ്പെടുത്താതെ, കാര്‍ബണ്‍ ഡേറ്റിങ് എന്ന ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഏ.ഡി. ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും മദ്ധ്യേ ജീവിച്ചിരുന്ന ഒരാളുടെതാണെന്നു കണ്ടെത്തിയെന്നു പാപ്പാ വെളിപ്പെടുത്തി. അത് ആ സമാധി വിശുദ്ധ പൗലോസ്ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കിയിരിക്കുന്നതാണെന്ന ഐകകണ്ഠ്യവും അവിതര്‍ക്കിതവുമായ പാരമ്പര്യം സ്ഥിരീകരിക്കുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ കണ്ടെത്തല്‍ നമ്മുടെ ആത്മാവിനെ വികാരഭരിതമാക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പൗലോസ്ശ്ലീഹാ വത്സരത്തിന്‍റെ സമാപനത്തോടനുബന്ധിച്ചു സെന്‍റ് പോള്‍സ് പേപ്പല്‍ ബസലിക്കയില്‍ ജൂണ്‍ 28 ഞായറാഴ്ച സായാഹ്ന പ്രാര്‍ത്ഥന നയിച്ച മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തിന്‍റെ ആരംഭത്തിലാണ് ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.