2009-06-13 13:18:13

ഏഷ്യയിലെ കത്തോലിക്കാ മെത്രാ൯ സംഘങ്ങളുടെ സംയുക്ത സംഘടനയുടെ സംപൂര്‍ണ്ണ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ ഫ്രാ൯സീസ് അരി൯സേ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി.


ഏഷ്യയിലെ കത്തോലിക്കാ മെത്രാ൯ സംഘങ്ങളുടെ സംയുക്ത സംഘടന - Federation of Asian Bishops’ Conferences (FABC)- യുടെ ഒ൯പതാം സംപൂര്‍ണ്ണ സമ്മേളനത്തില്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി സംബന്ധിക്കുന്നതിനു കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് അരി൯സേയെ പതിനാറാം ബനഡിക്ട് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. ദിവ്യാരാധന, കൂദാശകളുടെ ശിക്ഷണം ഇവയ്ക്കായുള്ള വത്തിക്കാ൯ സംഘത്തിന്‍റെ മു൯ പ്രീഫെക്ടാണ് കര്‍ദ്ദിനാള്‍ അരി൯സേ. എഫ്.എ.ബി.സി.യുടെ ഒ൯പതാം പൊതുസമ്മേളനം ഫിലിപ്പീ൯സിന്‍റെ തലസ്ഥാനമായ മനിലയില്‍ ഓഗസ്റ്റ് 10-16 തീയതികളില്‍ നടക്കും. "ഏഷ്യയില്‍ ദിവ്യകാരുണ്യം ജീവിക്കുക" എന്നതാണ് ഏഷ്യയിലെ മെത്രാ൯ സംഘങ്ങളുടെ 120-തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ ചര്‍ച്ചാപ്രമേയം. ഈ സമ്മേളനം ഇക്കൊല്ലം ജനുവരിയില്‍ ബാംഗ്ലൂരില്‍വച്ചു നടത്താനായിരുന്നു ആദിമ തീരുമാനം. എഫ്.എ.ബി.സി.യുടെ 1995 ജനുവരിയില്‍ മനിലയില്‍ ചേര്‍ന്ന സംപൂര്‍ണ്ണ സമ്മേളനത്തെ രണ്ടാം ജോണ്‍ മാര്‍പാപ്പ അഭിസംബോധന ചെയ്തിരുന്നു.
ഏഷ്യയിലെ കത്തോലിക്കാ മെത്രാ൯ സംഘങ്ങളുടെ സംയുക്ത സംഘടനയുടെ, ദക്ഷിണ കൊറിയയിലെ
ദയെയോണ്‍ പട്ടണത്തില്‍ 2004 ഓഗസ്റ്റ് 17-23 തീയതികളില്‍ നടന്ന, എട്ടാം പൊതുസമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം "ഏഷ്യ൯ കുടുംബം ജീവന്‍റെ ഒരു സംസ്കാരത്തിലേക്ക്" എന്നതായിരുന്നു.







All the contents on this site are copyrighted ©.