2009-06-09 09:24:08

പരിശുദ്ധ ത്രിത്വം അവിരതം സ്വയം നല്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന ജീവന്‍റെ അക്ഷയ ഉറവിടമാണെന്നു മാര്‍പാപ്പ.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാളിലെ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തില്‍നിന്ന്:
ഇന്നു നാം യേശു വെളിപ്പെടുത്തിയ പരിശുദ്ധ ത്രിത്വത്തെപ്പറ്റി ധ്യാനിക്കുന്നു. ദൈവം ഏക ആളത്തത്തിലുള്ള ഐക്യത്തിലല്ല, മറിച്ച് ഏക സത്തയുടെ ത്രിത്വത്തില്‍ സ്നേഹമാണെന്ന് അവിടുന്നു നമുക്കു വെളിപ്പെടുത്തിത്തന്നു. ത്രിത്വം സ്രഷ്ടാവും കരുണാനിധിയുമായ പിതാവാണ്; നമുക്കുവേണ്ടി മനുഷ്യനായി അവതരിക്കുകയും, മരിക്കുകയും, പുനരുത്ഥാനം ചെയ്യുകയും ചെയ്ത ഏകജാതനാണ്; സകലത്തെയും, പ്രപഞ്ചത്തെയും ചരിത്രത്തെയും, കാലസംപൂര്‍ണ്ണതയിലെ ഒന്നിപ്പിക്കലേക്കു നയിക്കുന്ന പരിശുദ്ധാരൂപിയാണ്. മൂന്നു വ്യക്തികള്‍ ഏക ദൈവമാണ്. കാരണം പിതാവ് സ്നേഹമാണ്, പുത്ര൯ സ്നേഹമാണ്, അരൂപി സ്നേഹമാണ്. ദൈവം സ്നേഹം മാത്രമാണ്. ഏറ്റവും പരിശുദ്ധവും, അനന്തവും, നിത്യവുമായ സ്നേഹമാണ്. ത്രിത്വം പ്രാഭവമാര്‍ന്ന ഒരു ഏകാന്തതയല്ല, മറിച്ചു സ്വയം നല്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന ജീവന്‍റെ അക്ഷയ സ്രോതസ്സാണ്.
ഈ യാഥാര്‍ത്ഥ്യത്തെപ്പറ്റി, മഹാ പ്രപഞ്ചത്തെയോ - നമ്മുടെ ഭൂമി, മറ്റു ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ആകാശഗംഗകള്‍ എന്നിവയെയോ - സൂക്ഷ്മ പ്രപഞ്ചത്തെയോ - കോശങ്ങള്‍, അണു, കണിക എന്നിവയെയോ - നിരീക്ഷിച്ചാല്‍ നമുക്ക് ഒട്ടൊക്കെ ഉള്‍ക്കാഴ്ച ലഭിക്കുന്നു. അസ്തിത്വമുള്ള സര്‍വ്വത്തിന്‍റെയും മേല്‍ പരിശുദ്ധ ത്രിത്വത്തിന്‍റ "നാമം" ഒരുവിധത്തില്‍, മുദ്രിതമാണ്. കാരണം, ആയിരിക്കുന്നവയെല്ലാം, കണികവരെയും, മറ്റെന്തിനോടോ ബന്ധപ്പെട്ട് അസ്തിത്വം ഉള്ളവയാണ്. അങ്ങനെ ദൈവവുമായുള്ള അവയുടെ ബന്ധം, ആത്യന്തികമായി സൃഷ്ടിപരമായ സ്നേഹം, പ്രകാശിതമാകുന്നു, സര്‍വ്വവും സ്നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്നതും, സ്നേഹത്തോട് ആഭിമുഖ്യമുള്ളതും, സ്നേഹത്താല്‍ ചലിപ്പിക്കപ്പെടുന്നതുമാണ്; സ്വാഭാവികമായും അതു മനഃസാക്ഷിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും വ്യത്യസ്ത നിലകള്‍ അനുസരിച്ചായിരിക്കും. "കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!" (സങ്കീ.8,2) എന്ന് സങ്കീര്‍ത്തക൯ ഉദ്ഘോഷിക്കുന്നു. "നാമ"ത്തെപ്പറ്റി പറയുമ്പോള്‍ ബൈബിള്‍ ദൈവത്തെത്തന്നെ, അവിടുത്തെ യഥാര്‍ത്ഥ തനിമ, സൃഷ്ടിമുഴുവനിലും പ്രകാശിക്കുന്ന തനിമ, വിവക്ഷിക്കുന്നു. സൃഷ്ട പ്രപഞ്ചത്തിലെ ഓരോ അസ്തിത്വവും, അതു സ്ഥിതിചെയ്യുന്നു എന്ന വസ്തുതയും അതിന്‍റെ ഘടനാതന്തുക്കളും കൊണ്ടുതന്നെ സര്‍വ്വാതിശായിയായ ഒരു മൂലകാരണത്തിലേക്കു, സ്വയം നല്കുന്ന നിത്യവും അനന്തവുമായ ജീവനിലേക്കു, ചുരുക്കത്തില്‍, സ്നേഹത്തിലേക്കു വിരല്‍ ചൂണ്ടുന്നു. "അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്ക്കുന്നു"(അപ്പ.17,28) എന്നു വിശുദ്ധ പൗലോസ് ആഥ൯സിലെ അരിയോപ്പാഗസിലെ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. പരിശുദ്ധ ത്രിത്വത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടരാണു നാം എന്നതിന് ഏറ്റവും ശക്തമായ തെളിവ് സ്നേഹം മാത്രമാണു നമ്മെ ആഹ്ലാദിപ്പിക്കുന്നത് എന്നതാണ്. കാരണം പരസ്പര ബന്ധത്തിലാണു നാം ജീവിക്കുന്നത്; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണു നാം ജീവിക്കുന്നത്. ജീവശാസ്ത്രത്തിലെ ഒരു സാദൃശ്യത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍റെ "ജനോം" പരിശുദ്ധ ത്രിത്വത്താല്‍, സ്നേഹമാകുന്ന ദൈവത്താല്‍, ആഴത്തില്‍ മുദ്രിതമാണ്.
കന്യകാ മറിയം, അവളുടെ വിധേയ വിനയത്തില്‍, സ്വയം ദൈവിക സ്നേഹത്തിന്‍റെ ദാസിയായിത്തീര്‍ന്നു. അവള്‍ പിതാവിന്‍റെ തിരുമനസ്സ് അംഗീകരിക്കുകയും പുത്രനെ, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍, ഗര്‍ഭം ധരിക്കുകയും ചെയ്തു. സര്‍വ്വശക്ത൯ അവളില്‍ അവിടുത്തേക്കു യോഗ്യമായ ഒരു ആലയം സജ്ഞീകരിക്കുകയും അവളെ, സര്‍വ്വ മനുഷ്യരുടെയും കൂട്ടായ്മയുടെ ഭവനമായ, സഭയുടെ മാതൃകയും പ്രതിരൂപവും ആക്കിത്തീര്‍ക്കുകയും ചെയ്തു. പരിശുദ്ധ ത്രിത്വത്തിന്‍റെ ദര്‍പ്പണമായ മറിയം ത്രിത്വത്തിന്‍റെ രഹസ്യത്തിലുള്ള വിശ്വാസത്തില്‍ വളരാ൯ നമ്മെ സഹായിക്കുമാറാകട്ടേ.







All the contents on this site are copyrighted ©.