2009-06-04 10:43:33

ആര്‍ച്ചുബിഷപ്പ് ഫൊര്‍ത്തുണാത്തൊ ബല്‍ദേല്ലി അപ്പസ്തോലിക് പെനിറ്റെ൯ഷ്യറിയുടെ പുതിയ തലവ൯.


അപ്പസ്തോലിക് പെനിറ്റെ൯ഷ്യറിയുടെ പുതിയ തലവ൯ - മേജര്‍ പെനിറ്റെ൯ഷ്യറി - ആയി ആര്‍ച്ചുബിഷപ്പ് ഫോര്‍ത്തുണാത്തൊ ബല്‍ദേല്ലിയെ പതിനാറാം ബനഡിക്ട് മാര്‍പാപ്പ നാമനിര്‍ദ്ദേ‌ശം ചെയ്തു. ഇറ്റലി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ പത്തുവര്‍ഷം ഫ്രാ൯സില്‍ അപ്പസ്തോലിക് നുണ്‍ഷ്യോയായിരുന്നു. 1983-ല്‍ മെത്രാനായി അഭിഷിക്തനായ, 73 വയസ്സു പ്രായമുള്ള ആര്‍ച്ചുബിഷപ്പ് ബല്‍ദേല്ലി ഡൊമിനിക്ക൯ റിപ്പബ്ലിക്ക്, പെറു എന്നീ രാജ്യങ്ങളിലും വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്പസ്തോലിക് പെനിറ്റെ൯ഷ്യറിയുടെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജെയിംസ് ഫ്രാ൯സീസ് സ്റ്റാഫോര്‍ഡ്, കാന൯ നിയമം വ്യവസ്ഥചെയ്തിരിക്കുന്ന പ്രായപരിധി എത്തിയതിനെ തുടര്‍ന്നു, സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ട് തല്‍സ്ഥാനത്ത് ആര്‍ച്ചുബിഷപ്പ് ഫൊര്‍ത്തുണാത്തൊ ബല്‍ദേല്ലിയെ നിയമിക്കുകയായിരുന്നു മാര്‍പാപ്പ.
കര്‍ദ്ദിനാള്‍ സ്റ്റാഫോര്‍ഡിനെ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ 2003-ല്‍ ആണു മേജര്‍ പെനിറ്റെ൯ഷ്യറിയായി നാമനിര്‍ദ്ദേശം ചെയ്തത്. അമേരിക്ക൯ ഐക്യനാടുകളിലെ ഡെ൯വര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരിക്കവേ, 1996-ല്‍ അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡണ്ടായി നിയമിതനായ അദ്ദേഹം 1998-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.
സാര്‍വ്വത്രിക കത്തോലിക്കാസഭയുടെ കേന്ദ്രഭരണ സംവിധാനമായ റോമ൯ കൂരിയായുടെ മൂന്നു കോടതികളില്‍ ഒന്നാണ് അപ്പസ്തോലിക് പെനിറ്റെ൯ഷ്യറി. ഇതിനു രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നു ദണ്ഡവിമോചന സംബന്ധിയായി കാര്യങ്ങള്‍ക്കും, മറ്റേത് ആന്തരികതല, അതായതു മനഃസാക്ഷിയെ സംബന്ധിക്കുന്ന, അനുരഞ്ജന കൂദാശ, പാപമോചനം ഇത്യാദി കാര്യങ്ങള്‍ക്കുവേണ്ടിയും ഉള്ളവയാണ്.
മോചനം നല്കുന്നത് അപ്പസ്തോലിക സിംഹാസനത്തിനു മാത്രമായി സംവരണം ചെയ്യപ്പ‍െട്ടിരിക്കുന്ന പാപങ്ങളുടെ, ഉദാഹരണമായി കുമ്പസാരരഹസ്യം നേരിട്ടു വെളിപ്പെടുത്തല്‍, ശുദ്ധതയ്ക്കെതിരായ പാപത്തിലെ പങ്കാളിയുടെ പാപമോചനം തുടങ്ങിയവ, ഈ വിഭാഗത്തിന്‍റെ അധികാരത്തില്‍പ്പെടുന്നു.
മാര്‍പാപ്പ ദിവംഗതനാകുമ്പോള്‍ അധികാരം നഷ്ടമാകാത്ത ചുരുക്കംചില റോമ൯കൂരിയാവിഭാഗതലവന്മാരില്‍ ഒരാളാണ് മേജര്‍ പെനിറ്റെ൯ഷ്യറി എന്ന വസ്തുത ആ കോടതി കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൗരവവും മൃദുല സ്വഭാവവും വിളിച്ചോതുന്നു.
 







All the contents on this site are copyrighted ©.