2009-06-02 10:12:04

സഭ കര്‍ത്താവിന്‍റെ അരൂപിയാല്‍ അനവരതം രൂപവല്‍ക്കരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു - മാര്‍പാപ്പ.


പരിശുദ്ധാരൂപി ആണ് സഭയുടെ ആത്മാവ്. അവിടുത്തെ കൂടാതെ അത് ഏതുനിലയിലേക്കു തരംതാഴുമായിരുന്നേനേം? തീര്‍ച്ചയായും അത് ഒരു വ൯ ചരിത്ര പ്രസ്ഥാനമോ, സങ്കീര്‍ണ്ണവും കെട്ടുറപ്പുള്ളതുമായ ഒരു സാമൂഹ്യ വ്യവസ്ഥാപനമോ, ലോകോപകാരിയായ ഒരു ഏജ൯സിയോ ആയിരുന്നേനേം. വാസ്തവത്തില്‍, വിശ്വാസാന്യഥാ വീക്ഷണത്തില്‍ സഭ ഇതൊക്കെ മാത്രമാണുതാനും. എന്നാല്‍, യഥാര്‍ത്ഥത്തില്‍, അതിന്‍റെ തനിസ്വഭാവത്തില്‍, അതുപോലെ, ചരിത്രത്തിലെ അതിന്‍റെ അധികൃത സാന്നിദ്ധ്യത്തില്‍, അതു തന്‍റെ കര്‍ത്താവിന്‍റെ അരൂപിയാല്‍ അനവരതം രൂപവല്‍ക്കരിപ്പെടുന്നതും നയിക്കപ്പെടുന്നതുമാണ്. സഭ ഒരു സജീവ ശരീരമാണ്. അതിന്‍റെ ചേതന അദൃശ്യനായ ദൈവാരൂപിയുടെ ഫലമാണ്.
പന്തക്കുസ്താഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍ ഒരുമിച്ചുകൂടിയ ആയിരക്കണക്കിനു തീര്‍ത്ഥാടകരോടും സന്ദര്‍ശകരോടുമൊത്തു ത്രികാലജപം ചൊല്ലുന്നതിനുമുമ്പു നടത്തിയ പ്രഭാഷണത്തിലാണു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഇവ പറഞ്ഞത്.
ആഗോള വ്യാപകയായ സഭ പന്തക്കുസ്താത്തിരുനാളില്‍ തന്‍റെതന്നെ ജനനത്തിന്‍റെ, പെസഹാത്തിരുനാളിന്‍റെ അമ്പതാംപക്കം, യഹൂദമഹോത്സവമായ പന്തക്കുസ്താദിനത്തില്‍, ജറുസലെമില്‍വച്ചു പരിശുദ്ധാത്മാവിനാല്‍ സ്നാനം ഏറ്റതിന്‍റെ രഹസ്യം വീണ്ടും ജീവിക്കുന്നെന്നു പാപ്പാ അനുസ്മരിച്ചു. പിതാവിനോടും പുത്രനോടും ഒരുമിച്ചു പ്രപഞ്ചത്തെ സൃഷ്ടിച്ച, ഇസ്രായേല്‍ ജനതയുടെ ചരിത്രത്തെ നയിക്കുകയും പ്രവാചകന്മാര്‍ മുഖാന്തരം സംസാരിക്കുകയും, കാലസംപൂര്‍ണ്ണതയില്‍ പരിത്രാണകര്‍മ്മത്തില്‍ സഹകരിക്കുകയും ചെയ്ത, പരിശുദ്ധാരൂപി പന്തക്കുസ്താദിനത്തില്‍ നവജാത സഭയുടെമേല്‍ ഇറങ്ങി ആവസിക്കുകയും, പാപത്തിന്‍റെയും മരണത്തിന്‍റയും മേല്‍ ദൈവികസ്നേഹം വരിച്ച വിജയം പ്രഘോഷിക്കാ൯ അയച്ചുകൊണ്ട് അവളെ പ്രേഷിതയായി നിയോഗിക്കുകയും ചെയ്തുവെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു.







All the contents on this site are copyrighted ©.