2009-06-02 15:35:47

സഭ എല്ലാവിധ അക്രമങ്ങളെയും എതിര്‍ക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി


കത്തോലിക്കാ സഭ എല്ലാവിധ അക്രമങ്ങളെയും എതിര്‍ക്കുന്നുവെന്നും, ഏതു കാര്യസാധ്യത്തിനും അവള്‍ സമാധാനപരമായ ഉപാധികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂയെന്നും അമേരിക്കന്‍ ഐക്യനാടുകളിലെ ഫിദാദല്‍ഫിയാ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ ജസ്റ്റിന്‍ റിഗാലി. ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ മുന്‍ പന്തിയിലായിരുന്ന ആ നാട്ടിലെ ഡോക്ടര്‍ ജോര്‍ജ്ജ് റ്റില്ലര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചുകൊണ്ട് അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍െറ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മറ്റിയുടെ കാര്യദര്‍ശി ആയ അദ്ദേഹം പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അത് പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍ റ്റില്ലര്‍ കൊല്ലപ്പെട്ടതിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ അപലപനം അറിയിക്കുന്ന പ്രതിഷേധക്കുറിപ്പില്‍ അദ്ദേഹം ഇപ്രകാരം തുടരുന്നു- ഞങ്ങളുടെ മെത്രാന്‍ സംഘവും, അതിന്‍െറ എല്ലായംഗങ്ങളും ഗര്‍ഭച്ഛിദ്രവും, അതിനെ എതിര്‍ക്കുന്നവരുടെ അക്രമപരമായയെല്ലാ നീക്കങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ അക്രമങ്ങളെയും പലവുരു ശക്തമായും, പരസ്യമായും അപലപിച്ചിട്ടുണ്ട്. ഞങ്ങള്‍ നിലക്കൊള്ളുന്ന തത്വങ്ങള്‍ക്ക്, ഗര്‍ഭധാരണത്തിന്‍െറ പ്രഥമനിമിഷം മുതല്‍ സ്വാഭാവിക മരണം വരെ ജീവനെ ആദരിക്കുന്ന സംസ്ക്കാരത്തിനായുള്ള ഞങ്ങളുടെ ശ്രമത്തിന് വിരുദ്ധമാണ് അത്തരം കൊലപാതകങ്ങള്‍. ഡോക്ടര്‍ റ്റില്ലറിനായും, അദ്ദേഹത്തിന്‍െറ കുടുംബത്തിലെ അംഗങ്ങള്‍ക്കായും ഞങ്ങള്‍ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ലക്ഷൃമെന്തായാലും ആ കൊലപാതകം അങ്ങേയറ്റം ഗര്‍ഹണീയമാണെന്നും, അക്രമങ്ങള്‍ ഒരിക്കലും ഒരു പ്രശ്നപരിഹരണത്തിനും ഉപകരിക്കുകയില്ലെന്നും, വ്യക്തികളുടെ ആശയങ്ങളും പ്രായവും പ്രവര്‍ത്തനശൈലിയും എന്തു തന്നെയാലും എല്ലാവരുടെയും ജീവന്‍ ആദരണീയവും സംരക്ഷിക്കപ്പെടണ്ടതും ആണെന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവന്‍െറ സംരക്ഷണാര്‍ത്ഥം നിലക്കൊള്ളുന്ന വിവിധ പ്രസ്ഥാനങ്ങള്‍ പറയുന്നു.







All the contents on this site are copyrighted ©.