2009-05-28 11:49:39

കത്തോലിക്കാസഭ അവളുടെ പുരോഹിതരില്‍ അഭിമാനിക്കുന്നു, കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഹുമ്മേസ്.


കത്തോലിക്കാസഭ അവളുടെ വൈദികരില്‍ അഭിമാനംകൊള്ളുകയും, അവരെ സ്നേഹിക്കുകയും, ആദരിക്കുകയും, ശ്ലാഘിക്കുകയും, അവരുടെ അജപാലന ശുശ്രൂഷയും ജീവിത സാക്ഷൃങ്ങളും നന്ദിപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യുന്നുവെന്നു വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാ൯ സംഘത്തിന്‍റെ തലവ൯ കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഹുമ്മേസ് പറഞ്ഞു. വാസ്തവത്തില്‍ വൈദികര്‍ ഉന്നതരായിരിക്കുന്നത് അവരുടെ ദൗത്യംകൊണ്ടു മാത്രമല്ല അവര്‍ ആര്‍ ആയിരിക്കുന്നു എന്നതുകൊണ്ടുമാണെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഇന്നു ചില പുരോഹിതര്‍, ഖേദകരമാംവിധം, ഗൗരവാവഹങ്ങളും ദൗര്‍ഭാഗ്യകരങ്ങളുമായ ചുറ്റുപാടുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന സത്യം അംഗീകരിച്ച കര്‍ദ്ദിനാള്‍ അതിനെപ്പറ്റി അന്വേഷണം നടത്തുകയും, ജുഡീഷ്യല്‍ നടപടികള്‍ എടുക്കുകയും, കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കുകയും ചെയ്യേണ്ടതാവശ്യമാണെന്നു പറഞ്ഞു. പുരോഹിതര്‍ക്കായുള്ള സംഘത്തിന്‍റെ തലവ൯ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: "എന്നാല്‍ അവര്‍ പുരോഹിത ഗണത്തിന്‍റെ നിസ്സാരമായ ഒരു ഭാഗംമാത്രമാണെന്ന് ഓര്‍മ്മിക്കേണ്ടതും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. വൈദികരില്‍ ബഹുഭൂരിപക്ഷവും സമഗ്രവ്യക്തിത്വത്തിന്‍റെ ഉടമകളും വിശുദ്ധ ശുശ്രൂഷയ്ക്കു സമര്‍പ്പിതരുമാണ്. തങ്ങളുടെ വിളിയും ദൗത്യവും സാക്ഷാല്‍ക്കരിക്കുന്നതിനുവേണ്ടി സ്വന്തം അസ്തിത്വം പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുന്ന പ്രാര്‍ത്ഥനയുടെയും അജപാലന ഉപവിയുടെയും മനുഷ്യരാണവര്‍. പലപ്പോഴും വ്യക്തിപരമായി വ൯ ത്യാഗം അനുഷ്ഠിച്ചും യേശു ക്രിസ്തുവിനോടും, സഭയോടും, ജനത്തോടുമുള്ള യഥാര്‍ത്ഥ സ്നേഹത്തോടും, പാവപ്പെട്ടവരോടും സഹനവിധേയരോടുമുള്ള ഐക്യദാര്‍ഢ്യത്തിലും അവര്‍ സദാ കര്‍മ്മനിരതരാണ്. ഇക്കാരണത്താലാണു സഭ അവളുടെ പുരോഹിതരില്‍ അഭിമാനിക്കുന്നത്".
കത്തോലിക്കാസഭയില്‍, യേശുവിന്‍റ തിരുഹൃദയത്തിന്‍റെ തിരുനാളും വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാര്‍ത്ഥനാദിനവുമായ, ജൂണ്‍ 19-ന് ഉദ്ഘാടനംചെയ്യപ്പെടുന്ന വൈദിക വത്സരം പ്രമാണിച്ചു സാര്‍വ്വത്രികസഭയിലെ വൈദികര്‍ക്കു നല്കിയ ഒരു കത്തിലാണ് കര്‍ദ്ദിനാള്‍ ക്ലാവുദിയൊ ഹുമ്മേസ് ഇവ പറഞ്ഞിരിക്കുന്നത്. ഫ്രാ൯സില‍െ ആഴ്സ് ഇടവകയുടെ വികാരിയായിരുന്ന വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ നൂറ്റിയമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചു ഒരു പ്രത്യേക വൈദിക വത്സരം ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ മാര്‍ച്ചു 16-ന്, വൈദികര്‍ക്കുവേണ്ടിയുള്ള സംഘത്തിന്‍റെ സംപൂര്‍ണ്ണ സമ്മേനത്തില്‍ സംബന്ധിച്ചിരുന്നവരെ അഭിസംബോധനചെയ്യവേ, ആണ് പ്രഖ്യാപിച്ചത്.
വൈദിക വത്സര പ്രഖ്യാപനത്തിനു, വിശിഷ്യ വൈദികരില്‍നിന്നു, വളരെ ഊഷ്മളമായ ഒരു സ്വാഗതമാണു ലഭിച്ചതെന്നു കര്‍ദ്ദിനാള്‍ ഹുമ്മേസ് തന്‍റെ കത്തില്‍ അനുസ്മരിക്കുന്നു. ഈ പ്രത്യേക വര്‍ഷം ആഗോളസഭയില്‍ - രൂപതകളിലും, ഇടവകകളിലും, പ്രാദേശിക സമൂഹങ്ങളിലും - സമുചിതമായി ആഘോഷിക്കാ൯, തങ്ങളുടെ വൈദികരെ സ്നേഹിക്കുകയും അവര്‍ സന്തുഷ്ടരും, വിശുദ്ധരും സന്തോഷചിത്തരുമായിരിക്കാ൯ ആഗ്രഹിക്കുകയും ചെയ്യുന്ന, കത്തോലിക്കാ വിശ്വാസികള്‍ നിശ്ചയദാര്‍ഢ്യത്തോടും, ആത്മാര്‍ത്ഥതയോടും, ആവേശത്തോടുംകൂടെ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എഴുതുന്നു.
വൈദിക വത്സരം പൗരോഹിത്യത്തിന്‍റെ തനിമ, കത്തോലിക്കാ പൗരോഹിത്യത്തിന്‍റെ ദൈവശാസ്ത്രം അതുപോലെ, സഭയിലും സമൂഹത്തിലും പുരോഹിതരുടെ വിളിയുടെയും ദൗത്യത്തിന്‍റെയും അസാധാരണ അര്‍ത്ഥം എന്നിവ ആഴത്തില്‍ ഗ്രഹിക്കുന്നതിനുള്ള സന്ദര്‍ഭമായിത്തീരുമെന്നു വൈദികര്‍ക്കായുള്ള വത്തിക്കാ൯ സംഘത്തിന്‍റെ പ്രീഫെക്ട് വൈദികര്‍ക്ക‍ുള്ള തന്‍റെ കത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ‍







All the contents on this site are copyrighted ©.