2009-05-26 14:43:12

പാപ്പാ വി.ബെനഡിക്ടിന്‍െറ ആദ്ധ്യാത്മികതയെ പറ്റി.


 പ്രാര്‍ത്ഥന, പ്രവര്‍ത്തനം, സംസ്ക്കാരം എന്നീ മൂന്നു വാക്കുകളില്‍ സംഗ്രഹിക്കുന്ന വി.ബെനഡിക്ടിന്‍െറ ആദ്ധ്യാത്മികത ഞായറാഴ്ച ഇറ്റലിയിലെ കസ്സിനോ പട്ടണത്തിലെ മിറാണ്ടാ മൈതാനിയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശദീകരിച്ചു. താന്‍ സ്ഥാപിച്ച സമൂഹത്തിലെ അംഗങ്ങള്‍ക്കും അതുപോലെ പ്രാദേശിക സഭയ്ക്കും വിശുദ്ധന്‍ നല്‍കിയ ഏറ്റം സുന്ദരമായ, വിലപ്പെട്ട പൈതൃകമാണ് പ്രാര്‍ത്ഥന. വിശുദ്ധന്‍ സ്ഥാപിച്ച മോന്തോ കസ്സിനോയിലെ ബെനഡിക്ടയിന്‍ ആശ്രമം സ്വര്‍ഗ്ഗത്തെ നിരന്തരം അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്‍െറ ഹൃദയത്തിലേയ്ക്ക് നമ്മെ നേരിട്ട് ആനയിക്കുന്ന നിശബ്ദ പാതയാണ് പ്രാര്‍ത്ഥന. ജീവിതത്തിലെ കൊടുങ്കാറ്റിന്‍െറ ഇടയില്‍ നമുക്ക് സമാധാനം പകരുന്ന ആത്മാവിന്‍െറ നിശ്വാസമാണത്. വി.ബെനഡിക്ടിന്‍െറ ആദ്ധ്യാത്മികതയുടെ രണ്ടാമത്തെ അച്ചുത്തണ്ട് പ്രവര്‍ത്തനം അഥവാ ജോലി ആണ്. ആശ്രമജീവിതത്തിന്‍െറ ആത്മാവിന്‍െറ സവിശേഷതയാണ് പ്രവര്‍ത്തനലോകത്തിന്‍െറ മാനവീകരണം. ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്നങ്ങള്‍ തദവസരത്തില്‍ പാപ്പാ പരാമര്‍ശവിഷയമാക്കി. ഇന്ന് വളരെയധികം തൊഴിലാളികള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. അത് കുടുംബങ്ങളെയും സമൂഹത്തെ തന്നെയും വളരെ ദോഷകരമായി ബാധിക്കുന്നു. അതില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കുന്നതിനും, തൊഴില്‍ അവസരങ്ങളും സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്തുകൊണ്ടു പാപ്പാ പറഞ്ഞു- മാന്യമായ ജോലി ലഭിക്കുവാനും, കുടുംബജീവിതം ആരംഭിക്കുവാനും സാധിക്കാതെ ബുദ്ധിമുട്ടുന്ന യുവജനങ്ങളെ പറ്റി ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു. അവരോട് ഞാന്‍ പറയുന്നു, നിങ്ങള്‍ നഷ്ടധൈര്യരാകരുത്. പ്രിയ സ്നേഹിതരെ, സഭ ഒരിക്കലും നിങ്ങളെ കൈവെടിയുകയില്ല. സിഡ്നിയിലെ ലോകയുവജനസംഗമത്തില്‍ അവിടുന്നുള്ള 25 പേര്‍ പങ്കെടുത്തിനെ അനുസ്മരിച്ചകൊണ്ടു പാപ്പാ തുടര്‍ന്നു- ആ അനുഭവത്തില്‍ നിന്ന് കരഗതമായ അസാധാരണ ആദ്ധ്യത്മികചൈതന്യത്തില്‍ നിങ്ങളുടെ സ്നേഹിതരുടെയിടയില്‍ പുളിമാവായി പ്രവര്‍ത്തിക്കുക. വി.ബെനഡിക്ടിന്‍െറ ഈ നാട്ടില്‍ നവപ്രേഷിതരാകുക. തുടര്‍ന്നു വിശുദ്ധന്‍െറ ആദ്ധ്യത്മികതയുടെ മൂന്നാമത്തെ ഘടകമായ സംസ്ക്കാരത്തെ പാപ്പാ വിചിന്തനവിഷയമാക്കി. യൂറോപ്പിലെ സംസ്ക്കാരം ദൈവത്തിനായുള്ള അന്വേഷണത്തില്‍ നിന്നും, അവിടത്തെ ശ്രവിക്കുവാനുള്ള സംലഭ്യതയില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് മോന്തോ കസ്സനിനോയിലെ അഭിലേഖാഗാരം സാക്ഷൃപ്പെടുത്തുന്നു. ഈ യാഥാര്‍ത്ഥ്യം ഇന്നും പ്രസക്തമാണ്. ഒരു നവ മാനവികതയ്ക്ക് രുപമേകുവാനുള്ള ശ്രമത്തില്‍ വിശുദ്ധന്‍െറ പൈതൃകത്തോട് വിശ്വസ്തത പുലര്‍ത്തികൊണ്ട് മനുഷ്യനും, അവന്‍െറ വ്യക്തിത്വത്തിനും, ആവശ്യത്തിലിരിക്കുന്നവര്‍ക്കും പരിഗണന നല്‍കുവാനുള്ള അവരുടെ ഔല്‍സുക്യത്തെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.