2009-05-22 13:31:17

പരിശുദ്ധ സിംഹാസനത്തിന്‍റെയും വിശ്വാസാന്തര പഠനങ്ങള്‍ക്കായുള്ള ജോര്‍ദാനിയ൯ റോയല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെയും പ്രതിനിധികള്‍ ചര്‍ച്ചായോഗം ചേര്‍ന്നു.


മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെയും വിശ്വാസാന്തര പഠനങ്ങള്‍ക്കായുള്ള ജോര്‍ദാനിയ൯ റോയല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റയും പ്രതിനിധികളുടെ പ്രഥമ ചര്‍ച്ചായോഗം മേയ് 18-20 തീയതികളില്‍ ജോര്‍ദാന്‍റെ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്നു. "മതവും പൗരസമൂഹവും" എന്ന വിഷയം ചര്‍ച്ചചെയ്ത ഈ ത്രിദിന യോഗത്തില്‍, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡണ്ട് കര്‍ദിനാള്‍ ഷാ൯-ലൂയി തൗറായുടെ നേതൃത്വത്തില്‍ സംബന്ധിച്ച പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി സംഘത്തില്‍ പ്രസ്തുത പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയേര്‍ ലുയീജി ചെലാത്ത, ജോര്‍ദാനിലെയും ഇറാക്കിലെയും അപ്പസ്തോലിക് നുണ്‍ഷ്യോ മലയാളിയായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട്, ജോര്‍ദാനിലെ ഗ്രീക്ക്-മെല്‍ക്കീത്താ മെത്രാപ്പോലീത്ത യസ്സെര്‍ അയ്യാക്ക്, ജറുസലെമിലെ ലത്തീ൯ പാത്രിയര്‍ക്കീസിന്‍റെ ജോര്‍ദാനിലെ വികാരി-ജനറാള്‍ ആര്‍ച്ചുബിഷപ്പ് സലീം സയ്യേഗ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. വിശ്വാന്തര പഠനങ്ങള്‍ക്കായുള്ള ജോര്‍ദാനിയന്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ പ്രതിനിധികളുടെ നിയന്താവ് അതിന്‍റെ ഡയറക്ടര്‍ ഹസ്സ൯ അബു നുമാഹ് ആയിരുന്നു.
പരിശുദ്ധ സിംഹാസനത്തിന്‍റെയും വിശ്വാസാന്തര പഠനങ്ങള്‍ക്കായുള്ള ജോര്‍ദാനിയ൯ റോയല്‍ ഇ൯സ്റ്റിട്യൂട്ടിന്‍റയും പ്രതിനിധികളുടെ പ്രഥമ ചര്‍ച്ചായോഗത്തെപ്പറ്റി വാര്‍ത്താമാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇപ്രകാരം പറയുന്നു:
പൗരസമൂഹം എന്ന ആശയം ചര്‍ച്ചചെയ്ത യോഗത്തില്‍ സംബന്ധിച്ചവര്‍ പൊതു നന്മയ്ക്കായി അനുഭവങ്ങളും വീക്ഷണങ്ങളും കലവറയില്ലാതെ കൈമാറുന്നതിനുള്ള ഒരു വേദിയാണു സമൂഹമെന്ന് ഊന്നിപ്പറഞ്ഞു. സ്വാതന്ത്രത്തിന്‍റെ ഉത്തരവാദിത്വബോധത്തോടുകൂടിയ ഉപയോഗത്തെ സംബന്ധിച്ച വിലപ്പെട്ട ഒരു സംവാദവേദി എന്ന നിലയില്‍ പൗരസമൂഹത്തിനു നല്കാ൯ കഴിയുന്ന തനതും അത്യന്താപേക്ഷിതവുമായ സംഭാവന അംഗീകരിച്ചുകൊണ്ട്, വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരോഗ്യകരവും സമഗ്രവുമായ വികസനത്തില്‍ സമൂഹത്തിനുള്ള പ്രാധാന്യത്തെപ്പറ്റി അവര്‍ അഭിപ്രായൈക്യത്തിലെത്തി.
സമധാനപരമായ സഹവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനു പരസ്പരാദരവ്, സംവാദത്തിന്‍റെ സംസ്കാരം, അക്രമരാഹിത്യം ഇവയുടെ മൂല്യങ്ങളെപ്പറ്റി യുവജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
വംശീയവും സാംസ്കാരികവും മതപരവുമായ വൈവിദ്ധ്യങ്ങള്‍ ബഹുമാനിക്കുന്നതും മനുഷ്യാന്തസ്സിന്‍റെയും അതില്‍നിന്ന് ഉത്ഭവിക്കുന്ന മൗലികാവകാശങ്ങളുടെയും, വിശിഷ്യ, സ്വാതന്ത്ര്യം, നീതി എന്നിവയുടെ, അടിസ്ഥാനത്തില്‍ പൗരന്മാരുടെ സമത്വം അംഗീകരിക്കുന്നതുമായ ഒരു രാഷ്ട്രത്തില്‍ പ്രജാധിപത്യത്തിന്‍റെയും നിയമ വാഴ്ചയുടെയും പ്രാധാന്യം അവര്‍ ഉയര്‍ത്തിക്കാട്ടി.
പൊതുനന്മ ലക്ഷൃമാക്കി പ്രവര്‍ത്തിക്കാ൯ പൗരജനങ്ങള്‍ക്കു പ്രേരണ നല്കുക എന്ന പ്രത്യേകമായ ഒരു ധര്‍മ്മം മതങ്ങള്‍ക്കു സമൂഹത്തില്‍ അനുഷ്ഠിക്കാനുണ്ട്. ഈ ദൗത്യനിര്‍വ്വഹണത്തിന്‍റെ അടിസ്ഥാനം ദൈവത്തിലുള്ള വിശ്വാസമായിരിക്കണം; രാഷ്ട്രീയ താല്പര്യങ്ങളും അധികാരമമോഹവും അതില്‍ കടന്നുകൂടാ൯ അനുവദിക്കുകയുമരുത്. സമൂഹിക പങ്കാളിത്തം, സഹവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതില്‍ മതങ്ങളുടെ പങ്കും, അതുപോലെ അധീനാവകാശസംരക്ഷണതത്വത്തില്‍ അധിഷ്ഠിതമായ കെട്ടുറപ്പുള്ളതും ഐശ്വര്യസമൃദ്ധവുമായ ഒരു രാഷ്ട്രം പണിതുയര്‍ത്തുന്നതില്‍ അവയ്ക്കു നല്കാവുന്ന തനതായ സംഭാവനയും യോഗത്തില്‍ സംബന്ധിച്ചവര്‍ ചര്‍ച്ചചെയ്തു.
പരിശുദ്ധ സിംഹാസനത്തിന്‍റെയും വിശ്വാസാന്തര പഠനങ്ങള്‍ക്കായുള്ള ജോര്‍ദാനിയ൯ റോയല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെയും അടുത്ത ചര്‍ച്ചായോഗം രണ്ടു വര്‍ഷത്തിനുള്ളില്‍ റോമില്‍വച്ചു നടത്താനും യോഗം തീരുമാനിച്ചു.







All the contents on this site are copyrighted ©.