2009-05-19 17:00:37

ഈശോസഭാവൈദികന്‍ മത്തയോ റിച്ചി അനുകരണാര്‍ഹനായ പ്രേഷിതനെന്ന്, പാപ്പാ


ആഴമായ വിശ്വാസത്താലും, അസാധാരണമായ സാംസ്ക്കാരികവും പണ്ഡിതോചിതവും ആയ പ്രതിഭകളാലും അനുഗ്രഹീതനായ ഒരു വ്യക്തിയായിരുന്നു ഈശോസഭാംഗമായ ഫാദര്‍ മത്തയോ റിച്ചിയെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. 1610 മെയ് പതിനൊന്നാം തീയതി ചൈനയില്‍ വച്ചു മരണമടഞ്ഞ ആ പ്രേഷിതവര്യന്‍െറ രുപതയായ ഇറ്റലിയിലെ മച്ചേറാത്താ ആസൂത്രണം ചെയ്തിരിക്കുന്ന നാനൂറാം ചരമവാര്‍ഷികാചരണത്തിന്‍െറ പ്രോല്‍ഘാടനവേളയില്‍ രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ക്ലൗദിയോ ജൂലിയോദോറിക്ക് അയച്ച സന്ദേശത്തിലാണ് അത് കാണുന്നത്. ഫാദര്‍ മത്തിയോ റിച്ചി തന്‍െറ ജീവിതത്തിന്‍െറ സുദീര്‍ഘവര്‍ഷങ്ങള്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദത്തിനായി ചെലവഴിച്ചെന്നും, ചൈനയിലെ മഹത്തായ ജനതയുടെയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ അക്ഷീണം പരിശ്രമിച്ചെന്നും സന്ദേശത്തില്‍ പാപ്പാ ശ്ലാഘിക്കുന്നു. ചൈനക്കാരോടും, അവരുടെ സംസ്ക്കാരത്തോടും, മതപാരമ്പര്യങ്ങളോടും കാട്ടിയ ആദരവും ഔല്‍സുക്യവും ആണ് അദ്ദേഹത്തിന്‍െറ അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ക്ക് നൂതനത്വവും, പ്രവാചകപരിവേഷവും നല്‍കിയത് പാപ്പാ സന്ദേശത്തില്‍ തുടരുന്നു- അദ്ദേഹം സംവാദത്തിന്‍െറയും, മറ്റുള്ളവരുടെ വിശ്വാസത്തോടുള്ള ആദരവിന്‍െറയും മാതൃകയാണ്. ചൈനയിലെ 25 വര്‍ഷം ദീര്‍ഘിച്ച സേവനക്കാലത്ത് തന്‍െറ അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സൗഹൃദരുപമേകി. അവിടത്തെ ജനതയുടെ രീതികളും, സംസ്ക്കാരവും, പാരമ്പര്യങ്ങളും ആദരിച്ചുകൊണ്ടു തന്നെ ആ സുവിശേഷവല്‍ക്കരണശൈലിയോട് അദ്ദേഹം അന്ത്യം വരെ വിശ്വസ്തത കാട്ടി. ആ മഹാപ്രേഷിതന്‍െറ മാതൃക പിന്‍തുടര്‍ന്ന് വിവിധസംസ്ക്കാരങ്ങളിലും, മതങ്ങളിലും നിന്നുമുള്ളവര്‍ അംഗങ്ങളായിരിക്കുന്ന നമ്മുടെ സമൂഹങ്ങളും സ്വീകാര്യതയുടെയും പരസ്പരാദരവിന്‍െറയും ചൈതന്യത്തില്‍ വളരട്ടെയെന്നു് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം സമാപിപ്പിക്കുന്നത്. ഇറ്റലിയിലെ മച്ചേറാത്തായില്‍ 1552 ഒക്ടോബര്‍ ആറാം തീയതിയാണ് ഫാദര്‍ മത്തയോ റിച്ചി ജനിച്ചത്.



 







All the contents on this site are copyrighted ©.