2009-05-15 08:37:35

വൈദികവത്സരം പ്രമാണിച്ച് പ്രത്യേക ദണ്ഡവിമോചനം.


കത്തോലിക്കാസഭ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ നൂറ്റിയമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചു 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ ആചരിക്കുന്ന വൈദികവര്‍ഷത്തില്‍ മാര്‍പാപ്പ വൈദികര്‍ക്കും അലാമായവിശ്വാസികള്‍ക്കും പ്രത്യേക ദണ്ഡവിമോചനം അനുവദിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം അപ്പസ്തോലിക് പെനിറ്റ൯ഷ്യറി മേയ് 12-ന് പുറപ്പെടുവിച്ചു
വൈദികവത്സരം, പുരോഹിതരുടെ പവിത്രീകരണത്തിന്‍റെ ദിനമായും ആചരിക്കപ്പെടുന്ന, യേശുവിന്‍റെ തിരുഹൃദയത്തിരുനാളായ ജൂണ്‍ 19-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഉദ്ഘാടനം ചെയ്യും. വിശുദ്ധ ജോണ്‍ വിയാനിയുടെ, ആ അവസരം പ്രമാണിച്ചു ഫ്രാ൯സിലെ ബെല്ലെയ്-ആഴ്സ് രൂപതയുടെ മെത്രാ൯ റോമിലേക്കു കൊണ്ടുവരുന്ന, തിരുശേഷിപ്പു വച്ചുകൊണ്ടു മാര്‍പാപ്പാ നയിക്കുന്ന സായാഹ്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കും വൈദികവര്‍ഷം. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തിലെത്തി ക്രിസ്തുവിനോടുള്ള തങ്ങളുടെ വിശ്വസ്തയും തങ്ങള്‍ക്കു പരസ്പരമുള്ള സാഹോദര്യ ബന്ധങ്ങളും നവീകരിക്കുന്ന വൈദികരുടെ സാന്നിദ്ധ്യത്തില്‍, 2010 ജൂണ്‍ 19-ന്, പുരോഹിതവത്സരം പാപ്പാ പര്യവസാനിപ്പിക്കും.
ഈ പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗ്ഗങ്ങളും:
പരസ്യാരാധനയ്ക്കായി എഴുന്നെള്ളിച്ചു വച്ചിരിക്കുന്നതോ സക്രാരിയില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ പരിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ കാനോനാ നമസ്കാരത്തിലെ പ്രഭാതപ്രാര്‍ത്ഥനയോ സായംകാലപ്രാര്‍ത്ഥനയോ ചൊല്ലുകയും, കൂദാശകളുടെ, വിശിഷ്യ അനുരഞ്ജന കൂദാശയുടെ, പരികര്‍മ്മത്തിന്, സന്നദ്ധവും ഉദാരവുമായ ഹൃദയത്തോടെ, തങ്ങളെത്തന്നെ സമര്‍പ്പിക്കുകയും
ചെയ്യുന്ന എല്ലാ ദിവസവും വൈദികര്‍ക്ക്, കുമ്പസാരം, വിശുദ്ധ കുര്‍ബാനസ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന എന്നീ നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാം. ഈ പൂര്‍ണ്ണ ദണ്ഡവിമോചനം അവര്‍ക്കു തങ്ങളുടെ പരേതരായ പുരോഹിത സഹോദരരര്‍ക്കു പ്രയോജിപ്പിക്കാവുന്നതുമാണ്. കൂടാതെ പരിശുദ്ധമായ ജീവിതം നയിക്കുന്നതിനും തങ്ങള്‍ക്ക് ഏല്പിക്കപ്പെട്ടിട്ടുള്ള കടമകള്‍ വിശ്വസ്താപൂര്‍വ്വം നിര്‍വഹിക്കുന്നതിനും തങ്ങളെ പ്രാപ്തരാക്കുന്നതിനുംവേണ്ടി സഭ അംഗീകരിച്ചിട്ടുള്ള പ്രാര്‍ത്ഥനകള്‍ ഭക്തിപൂര്‍വ്വം ചൊല്ലുന്ന അവസരങ്ങളിലെല്ലാം വൈദികര്‍ക്കു, പരേതരായ പുരോഹിതര്‍ക്കും പ്രയോജിപ്പിക്കാവുന്ന, ഭാഗിക ദണ്ഡവിമോചനവും നേടാവുന്നതാണ്.
സ്വന്തം പാപങ്ങളെക്കുറിച്ചു ആത്മാര്‍ത്ഥമായി മനസ്താപപ്പെടുകയും അനുരഞ്ജന കൂദാശയിലൂടെ അവയ്ക്കു മോചനം നേടുകയും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തശേഷം ഏതെങ്കിലും ദേവാലത്തിലോ കപ്പേളയിലോ ഭക്തിപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും സഭയിലെ പുരോഹിതര്‍ക്കുവേണ്ടി പരമോന്നത നിത്യപുരോഹിതനായ യേശു ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുകയോ അവരെ വിശുദ്ധീകരിക്കുന്നതിനും അവിടുത്തെ തിരുഹൃദയത്തിന് അനുരൂപരായി രൂപവല്‍ക്കരിക്കുന്നതിനുംവേണ്ടി ഏതെങ്കിലും സല്‍ക്കര്‍മ്മം അനുഷ്ഠിക്കുകയോ ചെയ്യുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് നിര്‍ദ്ദിഷ്ട ദിനങ്ങളില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാം. വൈദികവത്സരത്തിന്‍റെ ഉദ്ഘാടന,പരിസമാപ്തി ദിവസങ്ങള്‍, വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ നൂറ്റിയമ്പതാം ചരമവാര്‍ഷികം, വൈദികവത്സര മാസങ്ങളുടെ ആദ്യവ്യാഴ്ച, വിശ്വാസികളുടെ ആദ്ധ്യാത്മിക നന്മയ്ക്കായി പ്രത്യേക സ്ഥലങ്ങളിലെ മെത്രാന്മാര്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസം ഇവയാണ് പ്രസ്തുത നിര്‍ദ്ദിഷ്ട ദിനങ്ങള്‍.
പ്രായാധിക്യം, രോഗം ഇവമൂലമോ, മതിയായ മറ്റു കാരണങ്ങളാലോ തങ്ങളുടെ വീടു വിട്ടുപോകാ൯ കഴിയാത്ത വിശ്വാസികള്‍ക്കും, ആത്മാവ് എല്ലാവിധ പാപാസക്തിയില്‍നിന്നും നിര്‍മ്മുക്തമായ അവസ്ഥയില്‍, ദണ്ഡവിമോചനം ലഭിക്കുന്നതിനുള്ള നിശ്ചിത വ്യവസ്ഥകള്‍ സാധ്യമാകുന്ന ആദ്യാവസരത്തില്‍ത്തന്നെ നിറവേറ്റും എന്ന തീരുമാനത്തില്‍, മു൯പറഞ്ഞ നിര്‍ദ്ദിഷ്ട ദിനങ്ങളില്‍ വൈദികരുടെ വിശുദ്ധീകരണത്തിനായി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ രോഗങ്ങളും സഹനങ്ങളും അപ്പസ്തോലന്മാരുടെ രാജ്ഞിയായ മറിയംവഴി ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്താല്‍ പൂര്‍ണ്ണ ദണ്ഡവിമോചനം നേടാം.
ഭക്തിപൂര്‍വ്വം "സ്വര്‍ഗ്ഗസ്ഥനായ പിതാവേ", "നന്മനിറഞ്ഞ മറിയമേ" എന്നീ പ്രാര്‍ത്ഥനകളും "ത്രിത്വസ്തുതിയും" അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കുകയോ, പൂരോഹിതര്‍ പവിത്രതയും ജീവിത വിശുദ്ധിയും കൈവരിക്കുന്നതിനുവേണ്ടി യേശുവിന്‍റ‍ തിരുഹൃദയത്തെ വണങ്ങുന്ന, സഭയുടെ ഔദ്യോഗിക അംഗീകാരമുള്ള, ഏതെങ്കിലും പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യുന്ന ഔരോ അവസരത്തിലും അല്മായ വിശ്വാസികള്‍ക്കു ഭാഗിക ദണ്ഡവിമോചനവും പ്രാപിക്കാം.
"അപരാധവിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍നിന്നു ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണു ദണ്ഡവിമോചനം. നിര്‍ദ്ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയ വിശ്വാസി അത് നേടിയെടുക്കുന്നു. പാപംമൂലമുള്ള കാലിക ശിക്ഷയെ പൂര്‍ണ്ണമായോ ഭാഗികമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ചു ദണ്ഡവിമോചനം പൂര്‍ണ്ണമോ ഭാഗികമോ ആകാം" (കത്തോലിക്കാസഭയുടെ മതബോധനം, 1741).







All the contents on this site are copyrighted ©.