2009-05-14 17:04:41

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പാലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പില്‍


ആശ്വാസത്തിന്‍െറയും, പ്രത്യാശയുടെയും സന്ദേശവുമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പാലസ്തീന്‍ പ്രദേശത്തെ അയിദ അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിച്ചു. പാലസ്തീന്‍െറ ഭാവി കൈകാര്യം ചെയ്യണ്ടവരെന്ന നിലയില്‍ അതിനായി സന്നദ്ധമാകുവാന്‍ പാപ്പാ അവിടത്തെ യുവജനങ്ങളെ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിലും, കഴിവുകള്‍ വികസിപ്പിക്കുന്നതിലും അവരെ സഹായിക്കാന്‍ മാതാപിതാക്കമാരെ ഉദ്ബോധിപ്പിച്ച പ.പിതാവ് അഭയാര്‍ത്ഥികളോടായി തുടന്നു- നിങ്ങള്‍ വളരെ അപകടകരവും, ആയാസകരവുമായ സാഹചര്യത്തിലാണ്. വളരെ പരിമിതമാണ് നിങ്ങളുടെ തൊഴില്‍ സാധ്യതകള്‍. നിങ്ങള്‍ പലപ്പോഴും അസ്വസ്ഥരാകുന്നതിന്‍െറ കാരണം മനസ്സിലാക്കാനാവും. സ്ഥിരമായ ഭവനങ്ങള്‍ക്കും, സ്വതന്ത്രപാലസ്തീന്‍രാഷ്ട്രത്തിനും ആയുള്ള നിങ്ങളുടെ ന്യായമായ ആഗ്രഹങ്ങള്‍ ഇനിയും സാക്ഷാല്‍ക്കരിക്കപ്പെടാതെ അവശേഷിക്കുന്നു. ഇവിടെയും, ലോകത്തിന്‍െറ മറ്റു പലയിടങ്ങളിലും അക്രമത്തിന്‍െറയും, പ്രത്യാക്രമത്തിന്‍െറയും പ്രതികാരത്തിന്‍െറയും ആയ കെണിയില്‍ നിങ്ങള്‍ വലയുകയാണ്. ഈ വികലമായ ചക്രഗതി തകര്‍ക്കപ്പെടുവാനും, നിരന്തരമായ യുദ്ധമവസാനിക്കുന്നതിന് സമാധാനം ഇവിടെ സംസ്ഥാപിതമാകുവാനും ലോകം മുഴുവനും ആഗ്രഹിക്കുന്നു. ഇസ്രായേല്‍ക്കാരെയും, പാലസ്തീന്‍കാരെയും വേര്‍തിരിക്കുന്ന ഭിത്തിയെ പറ്റി പരാമര്‍ശിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു. വാണിജ്യത്തിനും, യാത്രയ്ക്കും, ജനതകളുടെ ചലനത്തിനും, സാംസ്ക്കാരികവിനിമയത്തിനും ആയി പുതിയ പുതിയ അതിര്‍ത്തികള്‍ തുറക്കുന്ന ഒരു ലോകത്തില്‍ ഭിത്തികള്‍ നിര്‍മ്മിക്കപ്പെടുന്നത് പരിതാപകരവും, വേദനാകരവും ആണ്. ഭിത്തിയുടെ ഇരുവശങ്ങളിലും ഉള്ളവര്‍ക്ക് ഭയത്തെയും, ധാരണമില്ലായ്മയെയും അതിജീവിക്കണമെങ്കില്‍, നഷ്ടങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പ്രതികാരം ചെയ്യുവാനുള്ള പ്രല്ലോഭനങ്ങളെ പ്രതിരോധിക്കണമെങ്കില്‍ വലിയ ധൈര്യമാവശ്യമാണ്. നീണ്ട വര്‍ഷങ്ങളിലെ യുദ്ധത്തിനു ശേഷം അനുരഞ്ജനം തേടണമെങ്കില്‍ വലിയഔദാര്യം വേണം. തങ്ങളുടെ പീഡനങ്ങള്‍ക്കും പരാതികള്‍ക്കും അപ്പുറം കടക്കുവാനും, പൊതുലക്ഷൃങ്ങള്‍ ഉന്നം വച്ച് മറ്റുള്ളവരുടെ ഔല്‍സുക്യങ്ങളും ആശങ്കകളും ഗൗരവമായി പരിഗണിക്കുവാനും, പരസ്പരധാരണയുടേതായ അന്തരീക്ഷം കെട്ടിപ്പെടുക്കുവാനും ഇരുവിഭാഗങ്ങളിലെയും ജനങ്ങള്‍ സന്നദ്ധമാകുമ്പോള്‍ മാത്രമേ സമാധാനമുണ്ടാകയുള്ളൂയെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനുരഞ്ജനത്തിലേയ്ക്കുള്ള ധീരോദാത്തവും, രചനാത്മകവും ആയ ചുവടുവയ്പിന് മനസ്സ് സന്നദ്ധമാകണം. ഓരോ വിഭാഗവും മുന്‍ഗണനാപരമായ ആനുകുല്യങ്ങള്‍ ശഠിക്കുകയാണെങ്കില്‍ അതിന്‍െറ പരിണിതഫലം പ്രശ്നകലുഷിതമായ അന്തരീക്ഷമായിരിക്കും. കലാപത്തിന്‍െറ ചക്രഗതിയില്‍ നിന്ന് സ്വതന്ത്രമാകുവാന്‍ പാലസ്തീന്‍കാരും ഇസ്രായേല്‍ക്കാരും സന്നദ്ധമാണെങ്കില്‍ മാത്രമേ അവരുടെയിടയിലെ സമാധാനസംസ്ഥാപനത്തിനായുള്ള നയതന്ത്രയത്നങ്ങള്‍ വിജയിക്കുകയുള്ളൂ. സമാധാനം ഭവനത്തില്‍, കുടുംബത്തില്‍, ഹൃദയത്തില്‍ ആണ് ആദ്യം ഉളവാകണ്ടത്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയെല്ലാവര്‍ക്കും അനുരഞ്ജനത്തിന്‍െറ സാഹസികവും, അനിവാര്യവും ആയ പാത പിന്‍തുടരുന്നതിനുള്ള ധൈര്യവും, സന്നദ്ധതയും ഉണ്ടാകുന്നതിനു് താന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പ് നല്‍കിയ പാപ്പാ ആ നാട്ടില്‍ സമാധാനം ഒരിക്കല്‍ കുടി പുഷ്പിക്കട്ടെയെന്നും, ദൈവം തന്‍െറ ജനത്തെ അനുഗ്രഹിക്കട്ടെയെനും ആശംസിച്ചു







All the contents on this site are copyrighted ©.