2009-05-07 12:37:33

പരിശുദ്ധ സിംഹാസനം അണ്വായുധ നിര്‍വ്യാപന കരാറിനുള്ള പിന്തുണ തുടരുമെന്നു ആര്‍ച്ചുബിഷപ്പ് മില്യോരെ.


നാലു പതിറ്റാണ്ടു മുമ്പു നിലവില്‍ വന്ന അണ്വായുധ നിര്‍വ്യാപന കരാറിനു ശക്തവും തുടരുന്നതുമായ പിന്തുണ ഐക്യരാഷ്ട്രസംഘടനയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷക൯ ആര്‍ച്ചുബിഷപ്പ് ചെലെസ്തീനൊ മില്യോരെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ആണവ നിരായുധീകരണ നിര്‍വ്യാപനങ്ങളുടെ ആധാരശിലയും അതുപോലെ അന്താരാഷ്ട്ര സമാധാനം സുരക്ഷിതത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ ഒരു നിര്‍ണ്ണായക ഉപകരണവുമാണ് ആ കരാര്‍ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അതു സാര്‍വ്വത്രികവും സംപൂര്‍ണ്ണവുമായ പിന്തുണ ആവശ്യപ്പെടുന്നുവെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തില്‍ 2010 നടത്താ൯ നിശ്ചയിച്ചിരിക്കുന്ന അണ്വായുധ നിര്‍വ്യാപന കരാര്‍ പുനരവലോകന കോണ്‍ഫറ൯സിന്‍റ‍െ പ്രാരംഭ കമ്മിറ്റിയുടെ മൂന്നാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ യു.എന്നിലെ സ്ഥിരം നിരീക്ഷക൯ ആര്‍ച്ചുബിഷപ്പ് മില്യോരെ.
അണ്വായുധ നിര്‍വ്യാപന കരാര്‍ നിലവില്‍ വന്നിട്ടു 2008-ല്‍ 40 വര്‍ഷം പൂര്‍ത്തിയായെങ്കിലും , നിര്‍ഭാഗ്യവശാല്‍, 26,000-നു മേല്‍ അണ്വായുധങ്ങള്‍ ഇന്നും ലോകത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അണ്വായുധ ശേഖരം തങ്ങളുടെ പക്കലുണ്ടെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റുന്നതിനു ചില രാജ്യങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി തന്‍റെ പ്രസംഗത്തില്‍. നിരായുധീകരണം, അണ്വായുധ നിര്‍വ്യാപനം എന്നീ മേഖലകളില്‍ മൂര്‍ത്തവും, സുതാര്യവും, വിശ്വാസ്യവുമായ നടപടികള്‍ കൈക്കൊള്ളാ൯ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി അന്തര്‍ദ്ദേശിയ സമൂഹത്തെ ക്ഷണിക്കുകയും ചെയ്തു. അണ്വായുധ നിര്‍വ്യാപന കരാറിന്‍റെ മൂല്യവും പ്രസക്തിയും അണ്വായുധ വിമുക്തമായ ഒരു ലോകം എന്ന ലക്ഷൃം കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ പങ്കുചേരാ൯ എല്ലാ രാഷ്ട്രങ്ങള്‍ക്കുമുള്ള ഒരു അടിയന്തരാഹ്വാനമായി നിലകൊള്ളുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ചെലെസ്തീനൊ മില്യോരെ പ്രസ്താവിച്ചു. ലോകത്തില്‍ അണ്വായുധ ശേഖരം ഉള്ളപ്പോള്‍, സമാധാനത്തിനും, സുരക്ഷിതത്വത്തിനും മനുഷ്യാസ്തിത്വത്തിനുതന്നെയും ഭീഷണിയുയര്‍ത്തുന്ന, ഉപയോഗിക്കപ്പെടുന്നതിനോ, ഭീകരവാദികളുടെ കൈകളില്‍ എത്തിപ്പെടുന്നതിനോ ഉള്ള, അപകട സാദ്ധ്യതയും എപ്പോഴും ഉണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുകയും ചെയ്തു.
1968-ല്‍ നിലവില്‍ വന്ന 189 രാജ്യങ്ങള്‍ അംഗങ്ങളായ അണ്വായുധ നിര്‍വ്യാപന കരാറിലെ വ്യവസ്ഥകളനുസരിച്ച് അംഗ രാജ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജ൯സിയുടെ ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുകയും അണ്വായുധ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയില്ലെന്നു ഉറപ്പു വരുത്തുകയും വേണം.
തങ്ങള്‍ക്ക് അണ്വായുധ ശേഖരം ഉണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ എട്ടാണ്. അമേരിക്ക൯ ഐക്യനാടുകള്‍, റഷ്യ, ചൈന, ഫ്രാ൯സ്, ഗ്രേറ്റ് ബ്രിട്ട൯, പാക്കിസ്ഥാ൯, ഇസ്രയേല്‍ എന്നിവയാണ് ഇതര രാജ്യങ്ങള്‍.







All the contents on this site are copyrighted ©.