2009-05-05 16:21:00

പ്രേഷിതരാകുവാനുള്ള സമയം ഇപ്പേള്‍ തന്നെയെന്ന് പാപ്പാ കുട്ടികളെ അനുസ്മരിപ്പിക്കുന്നു.


 

പ്രേഷിതരാകുവാനുള്ള സമയം ഇപ്പോള്‍ തന്നെ. തീക്ഷണതയുള്ള പ്രേഷിതരാകൂ. സുവിശേഷപ്രകാശത്തിലേയ്ക്ക് എല്ലാവരെയും ആനയിക്കുന്നതിന് കണ്ടുമുട്ടുന്നയെല്ലാവരോടും യേശുവിനെ പറ്റി ആവേശത്തോടെ സംസാരിക്കൂ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്നു. അടുത്തയിട സ്പെയിനില്‍ നടന്ന മൂന്നാം പ്രേഷിത സംഗമത്തിന് പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അന്നാട്ടിലെ പൊന്തിഫിക്കല്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രന്‍ച്ചേസ്കോ പെരേസ് ഗോണ്‍സാലസിന്‍െറ പേരിലയച്ച കമ്പി സന്ദേശത്തിലാണ് പാപ്പായുടെ ആ ആഹ്വാനം കാണുന്നത്. ഒരിക്കലും നമ്മെ കൈവെടിയാത്ത, വഞ്ചിക്കാത്ത യേശുവായുള്ള സൗഹൃദത്തില്‍ പ്രാര്‍ത്ഥനയിലൂടെയും കുദാശാസ്വീകരണത്തിലൂടെയും വളരുക. യേശുവിനെ അറിയുന്നതിലെ ആനന്ദവും, ആത്മസംതൃപ്തിയും ഇനിയും ലഭിച്ചിട്ടില്ലാത്ത അനേകര്‍ക്കു് അവിടുത്തെ സന്ദേശം പ്രേഷണം ചെയ്യുവാന്‍, അങ്ങനെ അവരെ യഥാര്‍ത്ഥ സന്തോഷത്തിലേയ്ക്ക് ആനയിക്കുവാന്‍ നിങ്ങള്‍ പ്രാപ്തരാകും. ഒപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുവാനും, അവര്‍ക്ക് ഭ്രാതൃത്വ സഹായമേകുവാനും നിങ്ങള്‍ കഴിവുറ്റവരാകുമെന്നും പ.പിതാവ് കുട്ടികളെ ഉദ്ബോധിപ്പിക്കുന്നതായി കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ തുടര്‍ന്നെഴുതുന്നു. പ്രേഷിതപ്രവര്‍ത്തനം പ്രായമായവരുടെ മാത്രം ഒരു ദൗത്യമായി കരുതാതെ ഇപ്പോള്‍ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ പാപ്പാ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നതായും സന്ദേശം പറയുന്നു. എട്ടിനും പതിമൂന്നിനും ഇടയ്ക്ക് വയസ്സ് പ്രായമുള്ള 4500 കുട്ടികള്‍ ആ പ്രേഷിതസംഗമത്തില്‍ പങ്കെടുത്തു.







All the contents on this site are copyrighted ©.