2009-04-25 16:35:18

വിദ്യാലയങ്ങളിലെ മതാധ്യാപനം സമൂഹത്തിനു് അനിവാര്യമെന്ന്, പാപ്പാ,


 
വിദ്യാലയങ്ങളിലെ മതാധ്യാപനം വിദ്യാഭ്യാസംവിധാനത്തിന്‍െറ ഒരു അനുബന്ധമല്ല പ്രത്യുത സമ്പൂര്‍ണ്ണ മനുഷ്യന് രുപമേകുവാന്‍ സഹായിക്കുന്നതുകൊണ്ട് അത് സംസ്ക്കാരത്തിന്‍െറ ഒരു അവശ്യഘടകമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ഇറ്റലിയിലെ ഏതാണ്ടു 8000 മതാധ്യാപകരെ ശനിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്. മതാത്മകമാനം മനുഷ്യന്‍െറ ബാല്യക്കാലം മുതല്‍ അവന്‍െറ വ്യക്തിത്വത്തിന്‍െറ ഒരവശ്യഘടകമാണ് പാപ്പാ തുടര്‍ന്നു അത് മറ്റുള്ളവരിലേയ്ക്കും, മനുഷ്യവ്യക്തിളുടെ എല്ലാ ബന്ധങ്ങളിലേയ്ക്കും ഉള്ള തുറവാണ് . ദൈവത്തിന്‍െറ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ എല്ലാത്തിന്‍െറയും മദ്ധ്യത്തില്‍ പ്രതിഷ്ഠിക്കുന്നതാണ് മതാദ്ധ്യാപകരും ഇതര അദ്ധ്യാപകരും തമ്മിലുള്ള മുഖ്യ വിത്യാസം. എല്ലാ സംസ്ക്കാരത്തിനും സഹജമായ മതാത്മകമാനം വ്യക്തികളുടെ സമഗ്രപരിശീലനത്തിന് സഹായിക്കുകയും, അറിവിനെ ജീവിതത്തിന്‍െറ വിജ്ഞാനമായി രുപാന്തരപ്പെടുത്തുകയും ചെയ്യും. വിശുദ്ധപൗലോസിനെ മതാദ്ധ്യാപകരുടെ മാതൃകയായി ചൂണ്ടിക്കാട്ടിക്കൊണ്ടു പാപ്പാ പറഞ്ഞു വിശുദ്ധനില്‍ വിനയാന്വിതനും വിശ്വസ്തനും ആയ ഒരു ക്രിസ്തുശിഷ്യനെയെയും, ധീരതയാര്‍ന്ന ഒരു പ്രഘോഷകനെയും നാം ദര്‍ശിക്കുന്നു. അദ്ദേഹത്തിന്‍െറ മതപരമായ പ്രബോധന ശൈലി മാനവപ്രബോധനശൈലിയില്‍ നിന്നും വിത്യസ്തമായിരുന്നില്ല. വിശുദ്ധന്‍െറ ലേഖനങ്ങള്‍ സാമൂഹികവും, പൗരധര്‍മ്മപരവും ആയ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവയാണ്. മതാത്മകമാനം മനുഷ്യനെ ഉപരി മനുഷ്യത്വമുള്ളവനാക്കും. എല്ലാ രാഷ്ട്രങ്ങള്‍ക്കും അനിവാര്യമായ പരസ്പരാദരവിലും ആത്മാര്‍ത്ഥമായ സംവാദത്തിലും അധിഷ്ഠിതമായ സമാധാനപരവും രചനാത്മകവും ആയ സഹജീവനം പരിപോഷിപ്പിക്കുവാന്‍ സഹായിക്കുന്ന ഭാവാത്മകമായ അല്മായ ചൈതന്യത്തിന്‍െറ മാതൃകയാണ് കത്തോലിക്കാ മതാദ്ധ്യാപകരുടെ സ്ക്കുളിലെ സാന്നിദ്ധ്യം.







All the contents on this site are copyrighted ©.