2009-04-23 07:50:11

മാര്‍പാപ്പ ലോക യുവജനദിന കുരിശ് ലോകത്തിലെ യുവജനങ്ങളെ ഒരിക്കല്‍ക്കൂടി ഏല്പിച്ചു.


1983-84 പ്രത്യേക വിശുദ്ധ വത്സരത്തിന്‍റെ, ജോണ്‍ പോള്‍ രണ്ടാമ൯ മാര്‍പാപ്പ 1984 ഏപ്രില്‍ 22-ന് ലോക യുവജനതയെ ഏല്പിച്ച, കുരിശ് പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഏപ്രില്‍ 22 ബുധനാഴ്ച, ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍, വീണ്ടും ലോകത്തിലെ യുവജനങ്ങളെ ഏല്പിച്ചു. പതിവുപോലെ ബുധനാഴ്ച അനുവദിച്ച പൊതുദര്‍ശനത്തിന്‍റെ അവസാനമായിരുന്നു ലോക യുവദിന കുരിശ് പുനരേല്പിച്ച ചടങ്ങു നടന്നത്. തദ്ദവസരത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു: "പ്രിയ സുഹൃത്തുക്കളേ, ഈ കുരിശ് നിങ്ങളെ ഞാ൯ വീണ്ടും ഏല്പിക്കുന്നു. വരും തലമുറകളും ദൈവത്തിന്‍റെ കാരുണ്യം കണ്ടെത്തുന്നതിനും ക്രൂശിക്കപ്പെട്ടവനും പുനരുത്ഥാനംചെയ്തവനുമായ ക്രിസ്തുവിലുള്ള പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍ സജീവമായി നിലനിര്‍ത്തുന്നതിനുംവേണ്ടി ഇതു ലോകത്തിന്‍റെ എല്ലാ കോണുകളിലേക്കും തുടര്‍ന്നും സംവഹിക്കുവി൯."
സാര്‍വ്വത്രിക കത്തോലിക്കാസഭ 1983-84 വര്‍ഷങ്ങളിലായി ആചരിച്ച മനുഷ്യ വീണ്ടെടുപ്പിന്‍റെ പ്രത്യേക ജൂബിലി വത്സരത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍, പേപ്പല്‍ അള്‍ത്താരയുടെ ചാരേ, സ്ഥാപിച്ചിരുന്ന വലിയ മരക്കുരിശ് ആ വിശുദ്ധ വത്സരത്തിന്‍റെ 1984 ഏപ്രില്‍ 22-ലെ സമാപന തിരുക്കര്‍മ്മങ്ങളുടെ അവസാനം രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ യുവജനങ്ങളെ ഏല്പിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തിനു സമീപമുള്ള സെന്‍റ് ലോറ൯സ് അന്താരാഷ്ട്ര യുവജന കേന്ദ്രത്തിലേക്ക് സാഘോഷം കൊണ്ടുവന്ന ആ കുരിശ് പിന്നീട് അവിടെനിന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും, സര്‍വ്വോപരി ലോക യുവജനസംഗമത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി, സംവഹിക്കപ്പെട്ടു. അങ്ങനെ അതു ലോക യുവജന കുരിശായി അറിയപ്പെടാ൯ തുടങ്ങി. വിശുദ്ധ വത്സരത്തിന്‍റ‍െ കുരിശ് യുവജനങ്ങളെ ഏല്പിച്ചുകൊണ്ട് പോപ്പ് ജോണ്‍ പോള്‍ രണ്ടാമ൯ ഇങ്ങനെ ഉദ്ബോധിപ്പിച്ചു:"കര്‍ത്താവായ യേശുവിനു മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ അടയാളമായി ഇതു ലോകത്തിലേക്കു കൊണ്ടുപോകുവി൯. കുരിശില്‍ മരിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുയുംചെയ്ത ക്രിസ്തുവിലൂടെ മാത്രമേ രക്ഷയും വീണ്ടെടുപ്പും കൈവരികയുള്ളുവെന്ന് സകലരോടും പറയുവി൯."
ലോക യുവജനദിന കുരിശ് 2008-ലെ ലോകയുവജനസമ്മേളനത്തിന്‍റെ വേദിയായിരുന്ന ഓസ്ട്രേലിയയിലെ യുവജനങ്ങളുടെ പ്രതിനിധികള്‍ ഏപ്രില്‍ 5-ന്, ഓശാനഞായറാഴ്ച, രൂപതാതലത്തില്‍ ആചരിക്കപ്പെട്ട ഇരുപത്തിനാലാം ലോക യുവജനദിനത്തില്‍, വത്തിക്കാനില്‍ മാര്‍പാപ്പ പ്രധാന കാര്‍മ്മികത്വം വഹിച്ച തിരുക്കര്‍മ്മങ്ങളുടെ അവസാനം, സ്പെയിനിലെ യുവജനങ്ങളുടെ പ്രതിനിധികള്‍ക്കു കൈമാറി. 2011-ല്‍ സാര്‍വ്വത്രികസഭാതലത്തില്‍ ആചരിക്കപ്പെടുന്ന ഇരുപത്തിയാറാം ലോക യുവജനസംഗമത്തിന് ആതിഥ്യം വഹിക്കുന്നത് സ്പെയിനിന്‍റെ തലസ്ഥാനനഗരിയായ മഡ്രിഡ് ആണ്. പ്രസ്തുത യുവജനസമ്മേളത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ലോക യുവജനദിന കുരിശ് സ്പെയിനിലെ ഏല്ലാ കത്തോലിക്കാ രൂപതകളിലൂടെയും സംവഹിക്കപ്പെടുന്നതാണ്.







All the contents on this site are copyrighted ©.