2009-04-18 08:41:33

മാര്‍പാപ്പ തിരുവുത്ഥാനത്തിരുനാളില്‍ ലോകത്തിനു നല്കിയ സന്ദേശം.


റോമിലും ലോകംമുഴുവനും ഉള്ള പ്രിയ സഹോദരന്മാരേ, സഹോദരികളേ,
നിങ്ങള്‍ക്കേവര്‍ക്കും അനുഗ്രഹപ്രദമായ പുനരുത്ഥാനത്തിരുനാള്‍ ഞാ൯ ഹൃദയംഗമായി നേരുന്നു. വിശുദ്ധ അഗസ്റ്റൃന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ കര്‍ത്താവിന്‍റെ പുനരുത്ഥാനം നമ്മുടെ പ്രത്യാശയാണ്. നാം മരിക്കാ൯ വിധിക്കപ്പെട്ടവരെങ്കിലും മരണത്തോടെ ജീവിതം പൂര്‍ണ്ണമായി അവസാനിക്കുന്നു എന്ന ചിന്തയാല്‍ നിരാശരാകാതിരിക്കേണ്ടതിനു യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റെന്ന് മഹാനായ ആ മെത്രാ൯ വിശ്വാസികള്‍ക്ക് ഈ വാക്കുകളിലുടെ വിശദീകരിച്ചുകൊടുത്തു. നമുക്കു പ്രത്യാശ പകരുന്നതിനാണ് ക്രിസ്തു മരിച്ചവരില്‍നിന്ന് പുനരുത്ഥാനംചെയ്തത്.
വാസ്തവത്തില്‍, പുരുഷന്മാരെയും സ്ത്രീകളെയും ഏറ്റവും ആശങ്കാകുലരാക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്:മരണാനന്തരം എന്ത്? ഈ പ്രഹേളികയ്ക്കുള്ള അന്തിമ വാക്ക് മരണത്തിന്‍റെ പക്കലില്ല എന്ന ഉത്തരം നല്കാ൯ ഇന്ന് ആഘോഷിക്കപ്പെടുന്ന രഹസ്യം നമ്മെ പ്രാപ്തരാക്കുന്നു. കാരണം അന്തിമ വിജയം ജീവന്‍റേതാണ്. നമ്മുടെ ഈ ഉറപ്പ് കേവല മനുഷ്യയുക്തിയില്‍ അല്ല, പ്രത്യുത വിശ്വാസത്തിന്‍റെ ഒരു ചരിത്ര വസ്തുതയില്‍ അധിഷ്ഠിതമാണ്. അതായത്, കുരിശില്‍ മരിച്ചവനും കല്ലറയില്‍ സംസ്കരിക്കപ്പെട്ടവനുമായ യേശുക്രിസ്തു തന്‍റെ മഹത്വീകൃത ശരീരത്തോടെ പുനരുത്ഥാനം ചെയ്തു. യേശു ഉയിര്‍ത്തെഴുന്നേറ്റത് അവിടുന്നില്‍ വിശ്വസിക്കുന്ന നാമും നിത്യജീവ൯ പ്രാപിക്കേണ്ടതിനാണ്. ഈ പ്രഘോഷണമാണ് സുവിശേഷ സന്ദേശത്തിന്‍റെ മര്‍മ്മം. വിശുദ്ധ പൗലോസ് ശക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുന്നു:"ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം". അപ്പസ്തോല൯ ഇപ്രകാരം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു:"ഈ ജീവിത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്"(1കോറി.15:14,19). പുനരുത്ഥാന പുലരിയോടെ ഒരു നവ പ്രത്യാശാവസന്തം ലോകത്തില്‍ പൊട്ടിവിടര്‍ന്നു. ആ ദിനത്തോടെ നമ്മുടെ ഉയിര്‍പ്പിനും തുടക്കം കുറിക്കപ്പെട്ടു. കാരണം പുനരുത്ഥാനം ഒരു ചരിത്ര മുഹുര്‍ത്തം കുറിക്കലല്ല, പ്രത്യുത, ഒരു നവീന അവസ്ഥയുടെ ആരംഭമാണ്. യേശു പുനരുത്ഥാനംചെയ്തത് അവിടുത്തെ ശിഷ്യരുടെ ഹൃദയത്തില്‍ അവിടുത്തെ സ്മരണ സജീവമായിരിക്കുന്നതിനുവേണ്ടിയല്ല, മറിച്ച്, അവിടുന്നു നമ്മില്‍ ജീവിക്കുന്നതിനും അവിടുന്നില്‍ നിത്യജീവന്‍റെ ആനന്ദം ഇപ്പോള്‍തന്നെ നമുക്ക് അനുഭവിക്കാ൯ കഴിയുന്നതിനും വേണ്ടിയാണ്.
ആകയാല്‍, പുനരുത്ഥാനം ഒരു സിദ്ധാന്തമല്ല, പ്രത്യുത യേശു ക്രിസ്തു എന്ന മനുഷ്യ൯ തന്‍റെ പെസഹായിലൂടെ വെളിപ്പെടുത്തിയ ഒരു യാഥാര്‍ത്ഥ്യമാണ്. അവിടുത്തെ "കടന്നുപോക്ക്" സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു "പുതിയ പാത" തുറന്നു. പുനരുത്ഥാനം ഒരു പുരാണ കഥയോ സ്വപ്നമോ അല്ല; അതൊരു ദര്‍ശനമോ, സങ്കല്പമോ, യക്ഷിക്കഥയോ അല്ല, മറിച്ച്, അനന്യവും അനാവൃത്തവുമായ ഒരു സംഭവമാണ്. അതായത്, വെള്ളിയാഴ്ച സന്ധ്യയില്‍ മൃതനായി കുരിശില്‍നിന്ന് ഇറക്കപ്പെടുകയും കല്ലറയില്‍ അടക്കപ്പെടുകയും ചെയ്ത നസ്രത്തിലെ യേശു, മറിയത്തിന്‍റെ മക൯, വിജയശ്രീലാളിതനായി കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവിടുത്തെ സംസ്കരിച്ച കല്ലറ ശൂന്യമാണെന്ന്, സാബത്താനന്തരം, ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ, പത്രോസും യോഹന്നാനും കണ്ടു. മഗാദലേന മറിയത്തിനും മറ്റു സ്ത്രീകള്‍ക്കും ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെട്ടു. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാര്‍ അവിടുന്ന് അപ്പം മുറിക്കുമ്പോള്‍ അവിടുത്തെ തിരിച്ചറിഞ്ഞു. അന്നു സായംസന്ധ്യയില്‍ മുകളിലത്തെ മുറിയില്‍ സമ്മേളിച്ചിരുന്ന അപ്പസ്തോലന്മാര്‍ക്ക് ഉത്ഥിത൯ പ്രത്യക്ഷപ്പെട്ടു;മറ്റ് അനവധി ശിഷ്യര്‍ക്ക് ഗലീലിയില്‍ അവിടുന്നു പ്രത്യക്ഷനായി.
കര്‍ത്താവിന്‍റെ പുനരുത്ഥാനത്തിന്‍റെ പ്രഘോഷണം നാം ജീവിക്കുന്ന ലോകത്തിലെ ഇരുളടഞ്ഞ പ്രദേശങ്ങളെ പ്രദീപ്തമാക്കുന്നു. ഭൗതികവാദം, ശൂന്യതാവാദം എന്നിവയും, ശാസ്ത്രീയമായി തെളിയിക്കപ്പെടാ൯ കഴിയാത്ത യാതൊന്നിനും അപ്പുറത്തേക്കു കടക്കാത്ത വിശ്വത്തെ സംബന്ധിച്ച ഒരു വീക്ഷണവുമാണ്, പ്രത്യേകമായി ഇവിടെ ഞാ൯ വിവക്ഷിക്കുന്നത്. ക്രിസ്തു പുനരുത്ഥാനം ചെയ്തിരുന്നില്ലേങ്കില്‍ "ശൂന്യത" പ്രബലപ്പെട്ടേനേം. ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനത്തെയും നാം നീക്കിക്കളയുന്നപക്ഷം മനുഷ്യനു രക്ഷാമാര്‍ഗ്ഗമില്ലാതാകും. അവന്‍റെ സര്‍വ്വ പ്രത്യാശയും മിഥ്യാദര്‍ശനമായി അവശേഷിക്കും. എന്നാല്‍ കര്‍ത്താവിന്‍റ‍െ പുനരുത്ഥാനത്തിന്‍റെ പ്രഖ്യാപനം ദിഗന്തങ്ങളില്‍ ശക്തിയായി മാറ്റൊലികൊള്ളുന്ന ദിനമാണിന്ന്. സംശയാലുക്കളുടെ,സഭാപസംഗകന്‍റെ ഗ്രന്ഥത്തില്‍ നാം കാണുത്തതുപോലുള്ള, ആവര്‍ത്തിക്കപ്പെടുന്ന ചോദ്യത്തിനുള്ള ഉത്തരമാണത്:"സൂര്യനുകീഴെ പുതിയതായി ഒന്നുമില്ല. പുതിയതെന്നു പറയാ൯ എന്തുണ്ട്?(സഭാ.1,10). എന്നാല്‍, പുതിയവ ഉണ്ട് എന്നാണ് നമ്മുടെ ഉത്തരം. പുനരുത്ഥാനപ്പുലരിയില്‍ സര്‍വ്വവും നവീകരിക്കപ്പെട്ടു. "മരണവും ജീവനും ഏറ്റുമുട്ടി. ജീവന്‍റെ നാഥ൯ വധിക്കപ്പെട്ടു. എന്നാല്‍ അവിടുന്ന് ഇപ്പോള്‍ വിജയശ്രീലാളിതനായി വാഴുന്നു." ഇതാണു പുതുമ! ജീവിതത്തെ സമൂലം പരിവര്‍ത്തിപ്പിക്കുന്ന ഒരു നവീനത്വമാണത്. അതുതന്നെയാണ്, ആരുടെ രണ്ടായിരാം ജന്മവാര്‍ഷികം പ്രമാണിച്ച് നാം ജൂബിലി വത്സരം ആചരിക്കുന്നുവോ ആ വിശുദ്ധ പൗലോസിന്‍റെ ജീവിതത്തിലും സംഭവിച്ചത്. ക്രിസ്താനികളെ നിഷ്കരുണം പീഡിപ്പിച്ചിരുന്ന താര്‍സോസുകാര൯ സാവൂള്‍ ദമാസ്ക്കസിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ഉത്ഥിതനായ ക്രുസ്തുവിനെ ദര്‍ശിക്കുകയും അവിടുന്ന് അവനെ കീഴടക്കുകയും ചെയ്തു. തന്നില്‍ സംഭവിച്ചതെന്താണെന്നു അപ്പസ്തോലന്‍ പിന്നീടു കോറിന്തോസിലെ ക്രിസ്താനികള്‍ക്ക് എഴുതി: "ക്രിസ്തുവില്‍ ആയിരിക്കുന്നവ൯ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു"(2കോറി.5,17). ആ മഹാപ്രേഷിത൯ സുധീരമായ ആവേശത്തോടും അപ്പസ്തോലിക തീക്ഷണതയോടുംകൂടെ സുവിശേഷം അന്നത്തെ ലോകത്തെ അനവധി ജനതകള്‍ക്ക് എത്തിച്ചു. ഈ അപ്പസ്തോലന്‍റെ പ്രബോധിപ്പിക്കലുകളും മാതൃകയും കര്‍ത്താവായ യേശു ക്രിസ്തുവിനെ അടുത്തറിയാ൯ നമ്മെ ഉത്തേജിപ്പിക്കട്ടെ. കാരണം മനുഷ്യകുലത്തെ ലഹരിപിടിപ്പിച്ചുകൊണ്ടിരിക്കുന്ന ശൂന്യതാബോധത്തെ പുനരുത്ഥാനത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന പ്രകാശവും പ്രത്യാശയും അകറ്റേണ്ടിയിരിക്കുന്നു. "ഇരുട്ടുപോലും അങ്ങേയ്ക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശപൂര്‍ണ്ണമായിരിക്കും"(സങ്കീ.139,12) എന്ന സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ഇനിമേല്‍ ശൂന്യതയായിരിക്കില്ല എല്ലാറ്റിനെയും ആവരണം ചെയ്യുന്നത്, മറിച്ച്, ദൈവത്തിന്‍റെ സ്നേഹനിര്‍ഭര സാന്നിദ്ധ്യമായിരിക്കും. മരണത്തിന്‍റെ ഭരണം എന്നെന്നേക്കുമായി അവസാനിച്ചു. കാരണം അരൂപിയുടെ നിശ്വാസം ജീവന്‍റെ വചനം പാതാളത്തില്‍വരെയും എത്തിച്ചിരിക്കുന്നു.
മരണത്തിന് ഇനിമേല്‍ മനുഷ്യന്‍റെയും ലോകത്തിന്‍റെയും മേല്‍ അധികാരമില്ല എന്നതു സത്യമാണ്. പക്ഷേ അതിന്‍റെ പഴയ ആധിപത്യത്തിന്‍റെ അനവധി അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തന്‍റെ പുനരുത്ഥാനംവഴി ക്രിസ്തു തിന്മയുടെ വേരുകള്‍ അറുത്തു. എങ്കിലും തന്‍റെ വിജയം തന്‍റെ തനതായ, നീതി, സത്യം, കരുണ, മാപ്പുനല്കല്‍, സ്നേഹം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നതിന് എല്ലാകാലത്തെയും എല്ലാസ്ഥലത്തെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും സഹായസഹകരണങ്ങള്‍ അവിടുന്ന് അഭിലഷിക്കുന്നു. ഈ സന്ദേശമാണ്, കാമറൂണിലെയും അംഗോളയിലെയും അടുത്ത സമയത്തെ എന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ആഫ്രിക്കഭൂഖണ്ഡത്തിനുമുഴുവ൯ നല്കിയത്. ക്രൂരങ്ങളും അവസാനമില്ലാത്തവയുമായ, പലപ്പോഴും വിസ്മരിക്കപ്പെടുന്ന, സംഘര്‍ഷ സംഘട്ടനങ്ങളാല്‍ ആഫ്രിക്ക അനാനുപാതികമായവിധത്തില്‍ കഷ്ടപ്പെടുന്നു. അവ ആ ഭൂഖണ്ഡത്തിലെ അനവധി രാജ്യങ്ങളില്‍ രക്തപ്പുഴ ഒഴുക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും അവളുടെ പുത്രന്മാരെയും പുത്രികളെയും കൂടുതല്‍ കൂടുതലായി പട്ടിണി, ദാരിദ്ര്യം, രോഗങ്ങള്‍ എന്നിവയുടെ ഇരകളാക്കുകയും ചെയ്യുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിശുദ്ധ നാട്ടില്‍ നടത്തുന്ന സന്ദര്‍ശനത്തിലും ഈ സന്ദേശംതന്നെ ഞാന്‍ ശക്തമായി ആവര്‍ത്തിക്കും. ദുഷ്കരമെങ്കിലും അത്യന്താപേക്ഷിതമായ അനുരഞ്ജനം എല്ലാവിധ സുരക്ഷയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റയുമായ ഒരു ഭാവിയ്ക്ക് ഒരു മു൯വ്യവസ്ഥയാണ്. ഇസ്രയേലി-പലസ്തീനിയ൯ സംഘര്‍ഷം ദൂരീകരിക്കുന്നതിനുള്ള നവീകൃതവും സ്ഥരോത്സാഹത്തോടുകൂടിയതും ആത്മാര്‍ത്ഥവുമായ പരിശ്രമങ്ങളിലൂടെ മാത്രമേ അതു നേടിയെടുക്കാ൯ കഴിയുകയുള്ളു. എന്‍റെ ചിന്തകള്‍ വിശുദ്ധ നാട്ടില്‍നിന്ന് അയല്‍ രാജ്യങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കും പായുന്നു. ആഗോള ഭക്ഷൃദൗര്‍ലഭ്യം, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യത്തിന്‍റെ പഴയവയും പുതിയവയുമായ രൂപഭാവങ്ങള്‍, ആശങ്കാജനകമായ കാലാവസ്ഥാവ്യതിയാനം, അക്രമങ്ങള്‍, സദാ നിലനില്ക്കുന്ന ഭീകരാക്രമണഭീഷണി, ഭാവിയെ സംബന്ധിച്ച് അനുസ്യൂതം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഭീതി എന്നിവയുടേതായ ഇക്കാലത്ത് പ്രത്യാശയ്ക്ക് അടിസ്ഥാനങ്ങള്‍ വീണ്ടും കണ്ടെത്തേണ്ടത് അടിയന്തരാവശ്യമാണ്. ക്രിസ്തുവിന്‍റെ തിരുവുത്ഥാനത്തോട‍െ തുടക്കംകുറിച്ച സമാധാനപരമായ ഈ സമരത്തില്‍നിന്ന് ആരും പിന്തിരിയാതിരിക്കട്ടെ. നേരത്തെ ഞാ൯ പറഞ്ഞതുപോല‍െ, താ൯ വരിച്ച വിജയം, തന്‍റെ സ്വന്തമായ ആയുധങ്ങള്‍, നീതി, സത്യം, കരുണ, മാപ്പുനല്കല്‍, സ്നേഹം എന്നീ ആയുധങ്ങള്‍, ഉപയോഗിച്ചു സ്ഥിരപ്പെടുത്തുന്നതിനു തന്നെ സഹായിക്കാ൯ ക്രിസ്തു പുരുഷന്മാരെയും സ്ത്രീകളെയും തേടുന്നു.
ക്രിസ്തുവിന്‍റെ പുനരുത്ഥാനം ആണ് നമ്മുടെ പ്രത്യാശ! ഈ സന്ദേശം സഭ ഇന്നു സഹര്‍ഷം പ്രഘോഷിക്കുന്നു. ദൈവം യേശു ക്രിസ്തുവിനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ചതിനാല്‍ ഇപ്പോള്‍ സുസ്ഥിരവും അജയ്യവുമായ ഈ പ്രത്യാശ അവള്‍ പ്രഖ്യാപിക്കുന്നു. തന്‍റെ ഹൃദയത്തില്‍ വഹിക്കുന്ന ഈ പ്രത്യാശ എല്ലാ സ്ഥലത്തുമുള്ള എല്ലാവരുമായി, വിശിഷ്യ, തങ്ങളുടെ വിശ്വാസം, നീതിയ്ക്കും സമാധാനത്തിനുമായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇവയെപ്രതി ക്രിസ്താനികള്‍ പീഡനങ്ങള്‍ സഹിക്കുന്ന സ്ഥലങ്ങളില്‍, പങ്കുവയ്ക്കാ൯ സഭ അഭിലഷിക്കുന്നു. നന്മ ചെയ്യാനുള്ള, വില കൊടുക്കേണ്ടി വരുമ്പോഴും, പ്രത്യേകിച്ചു വലിയ വില കൊടുത്തുതന്നെയും നന്മ ചെയ്യാനുള്ള, ധീരത അവള്‍ പ്രാര്‍ത്ഥിക്കുന്നു. "കര്‍ത്താവ് ഒരുക്കിയ ദിവസമാണ് ഇന്ന്" എന്നാലപിച്ചുകൊണ്ട് അവള്‍ ആഹ്ലാദിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഇന്നു സഭ പ്രത്യാശാതാരമായ മറിയത്തെ വിളിച്ചപേക്ഷിക്കുകയും പെസഹാ ബലിമൃഗമായ, "ലോകത്തെ വീണ്ടെടുത്ത" കുഞ്ഞാടായ, പാപികളായ നമ്മെ പിതാവിനോടു രമ്യതപ്പെടുത്തിയ നിഷ്കളങ്കനായ, ക്രിസ്തുവിന്‍റെ ഹൃദയമാകുന്ന രക്ഷയുടെ സുരക്ഷിതമായ സങ്കേതത്തിലേക്കു മനുഷ്യകുലത്തെ നയിക്കാ൯ അവളോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ വിജയശ്രീലാളിതനായ രാജാവിന്, ക്രൂശിക്കപ്പെട്ടവനും പുനരുത്ഥാനംചെയതവനുമായവന് നാം ആഹ്ലാദപൂര്‍വ്വം ഹല്ലേലുയ്യ ആലപിക്കുന്നു!
 







All the contents on this site are copyrighted ©.