2009-04-10 14:19:09

പ്രത്യാശ മുറുകെ പിടിക്കുക, പാപ്പാ ഭൂകമ്പദുരന്തവിധേയരോട്


ഇറ്റലിയിലെ അക്വീലാ പ്രദേശത്തുണ്ടായ ഭൂകമ്പദുരന്തത്തില്‍ മരണമടഞ്ഞവരുടെ ശവസംസ്ക്കാരം വെള്ളിയാഴ്ച വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. അക്വീലാ രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജൂസേപ്പേ മോളിനാരിയും, സമീപരുപതകളിലെ പല മെത്രാന്‍മാരും, അനേകം വൈദികരും ആ തിരുകര്‍മ്മത്തില്‍ സഹകാര്‍മ്മികരായിരുന്നു. പാപ്പായുടെ ഒരു അനുശോചനസന്ദേശം വായിച്ചുകൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ആ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്ത പാപ്പായുടെ സ്വകാര്യസെക്രട്ടറി മോണ്‍സിഞ്ഞോര്‍ ഗയോര്‍ഗ് ഗെന്‍സ്വെയിന്‍ ആ സന്ദേശം വായിച്ചു. അതില്‍ പ്രത്യാശ മുറുകെ പിടിക്കുവാന്‍ ആ പ്രദേശത്തെയെല്ലാവരെയും പ്രത്യേകിച്ച് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ ഉദ്ബോധിപ്പിക്കുന്ന പാപ്പാ ഇപ്രകാരം തുടരുന്നു- നിങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതിനും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിനും, നഷ്ടധൈര്യരാകാതെ പ്രത്യാശ മുറുകെ പിടിക്കുന്നതിന് നിങ്ങള്‍ക്ക് പ്രചോദനം പകരുന്നതിനുമായി ഞാന്‍ നിങ്ങളുടെ ചാരെ ആത്മീയമായി സന്നിഹിതനാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്ക്കാര തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതിനും ,എന്‍െറ അനുശോചനം നേരിട്ട് നിങ്ങളെ അറിയിക്കുന്നതിനും ആയി എന്‍െറ സംസ്ഥാനസെക്രട്ടറിയെ ഞാന്‍ നിയോഗിച്ചിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ പ്രകാശത്തിന്‍െറയും, പ്രത്യാശയുടെയും ആധാരം വിശ്വാസമാണ്. നമുക്കായി മനുഷ്യവതാരം ചെയ്ത ദൈവപുത്രന്‍െറ സഹനങ്ങളെ പറ്റി ഈ ദിവസങ്ങളില്‍ വിശ്വാസം നമ്മെ അനുസ്മരിപ്പിക്കുന്നു. അവിടത്തെ സഹനങ്ങളും, മരണവും, ഉത്ഥാനവും എല്ലാവര്‍ക്കും ആശ്വാസത്തിന്‍െറ സ്രോതസ്സാണ്. ഒപ്പം പഴയതെല്ലാം കടന്നുപോയതിനാല്‍ മരണമോ, ദുഖമോ, മുറവിളിയോ ഉണ്ടാകാത്ത ജീവിതത്തെ പറ്റി ധ്യാനിക്കുവാന്‍ വിശ്വാസം നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും ചെയ്യുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഭയുടെ സഹകാരിത്വമുണ്ടായിരിക്കുമെന്ന് സന്ദേശത്തില്‍ ഉറപ്പു നല്‍കുന്ന പ.പിതാവ്, ഇപ്പോള്‍ തീക്ഷ്ണതാപൂര്‍വ്വകമായ പ്രവര്‍ത്തനത്തിന്‍െറ സമയമാണെന്നും അതിനു് എല്ലാവരും പ്രതിബദ്ധരാകണമെന്നും ഉദ്ബോധിപ്പിക്കുന്നു. ദുഖവെള്ളിയാഴ്ച ദിവ്യബലിയര്‍പ്പണം ഇല്ലെങ്കിലും അക്വീലാ പ്രദേശത്തുണ്ടായ ഭൂകമ്പത്തിന്‍െറ ദുരന്തം കാരണമാക്കിയിരിക്കുന്ന പ്രത്യേകപരിതോവസ്ഥ പരിഗണിച്ച് ദിവ്യബലി അര്‍പ്പിക്കാന്‍ ആരാധനക്രമത്തിനും കുദാശകള്‍ക്കും ആയുള്ള വത്തിക്കാന്‍ സംഘം പ്രത്യേക അനുവാദം നല്‍കുകയായിരുന്നു.







All the contents on this site are copyrighted ©.