2009-04-09 13:28:39

മാര്‍പാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നയിക്കുന്ന കുരിശിന്‍റെ വഴിയില്‍ ഇന്ത്യയില‍െ ക്രൈസ്തവ പീഡനങ്ങളും അനുസ്മരിക്കും.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ പ്രാദേശിക സമയം രാത്രി 9.15-ന് നയിക്കാ൯ ആരംഭിക്കുന്ന കുരിശിന്‍റെ വഴിയിലെ, ഗോഹട്ടി ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ തയ്യാറിക്കിയിരിക്കുന്ന, ചിന്തകളും പ്രാര്‍ത്ഥനകളും ലോകത്തിലെ തിന്മ, സഹനത്തിന്‍റെ ഭിന്ന രൂപഭാവങ്ങള്‍ ഇവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ഒരൗദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളേയും, അതുപോലെ വംശങ്ങളെയും മതാത്മക സമൂഹങ്ങളെയും ഉത്മൂലനം ചെയ്യാ൯ ഉദ്യമിക്കുന്ന അക്രമങ്ങള്‍, സാമ്പത്തിക താല്പര്യങ്ങള്‍ മു൯നിര്‍ത്തി സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ എന്നിവയേയുംപ്പറ്റി അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പ് അറിയിക്കുന്നു.
പാലാ രൂപതയിലിലെ വെള്ളിയേപ്പള്ളി ഇടവകയില്‍പ്പെട്ട, 72 വയസ്സു പ്രായമുള്ള,സലേഷ്യ൯ സന്ന്യാസസമൂഹാംഗമായ ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ 1965 മേയ് 2-ന് പൗരോഹിത്യം സ്വീകരിച്ചു. 1981 നവംബര്‍ 29-ന് ഡിബ്രുഘട്ട് രൂപതയുടെ മെത്രാനായി അഭിഷിക്തനായ അദ്ദേഹം 1992 മാര്‍ച്ചു 30-ന് ഗോഹട്ടി രുപതയുടെ ബിഷപ്പായി സ്ഥലംമാറ്റപ്പെട്ടു. 1995 ജൂലൈ 10-ന് പ്രസ്തുത രൂപത മെത്രാപ്പോലീത്ത൯ അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ അതിന്‍റെ പ്രഥമ ആര്‍ച്ചുബിഷപ്പായി ബിഷപ്പ് തോമസ് മേനാംപറമ്പില്‍. ഏഷ്യയിലെ കത്തോലിക്കാ മെത്രാ൯സംഘങ്ങളുടെ ഫെഡറേഷന്‍റെ സുവിശേഷവത്ക്കരണത്തിനായുള്ള കമ്മീഷന്‍റെ അദ്ധ്യക്ഷനാണ് ആര്‍ച്ചുബിഷപ്പ്.
പാപ്പാ നയിക്കുന്ന കുരിശിന്‍റെ വഴിയില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്കു വിതരണംചെയ്യുന്നതിന് പുസ്തകരൂപത്തില്‍ അച്ചടിച്ചിരിക്കുന്ന കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളിലെയും വിചിന്തന,പ്രാര്‍ത്ഥനകളോടൊപ്പം ബാംഗ്ളൂരിലെ സ്വര്‍ഗ്ഗാരോപിത നാഥയുടെ ദേവാലയത്തില്‍ ഇന്ത്യ൯ ചിത്രകലാശൈലിയില്‍ സിസ്റ്റര്‍ മേരി ക്ലാര നായിഡു രചിച്ചിട്ടുള്ള ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു.
കുരിശിന്‍റെ വഴിയില്‍ കുരിശു മാറിമാറി വഹിക്കുന്നവരില്‍ ഇന്ത്യയില്‍നിന്നുള്ള രണ്ടു സന്ന്യാസിനികളും ഒരു യുവതിയും ഉണ്ടായിരിക്കും.
2008-ലെ ദുഃഖവെള്ളിയാഴ്ച പാപ്പാ നയിച്ച കുരിശിന്‍റെ വഴിയുടെ ഹോങ്കോങ് കത്തോലിക്കാരൂപതയുടെ മെത്രാ൯ കര്‍ദ്ദിനാള്‍ ജോസഫ് സെ൯ തയ്യാറാക്കിയ ധ്യാനങ്ങളിലെയും പ്രാര്‍ത്ഥകളിലെയും കേന്ദ്ര പ്രമേയം
ലോകത്തില്‍ ക്രൈസ്തവര്‍ സഹിക്കുന്ന പീഡനമായിരുന്നു. മാര്‍പാപ്പയോടും വത്തിക്കാനോടും കൂറും വിശ്വസ്തയും പുലര്‍ത്തുന്ന കത്തോലിക്കാവിശ്വാസികള്‍ക്കു മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്ന ചൈനയുടെ ഭാഗമാണ് ഹോങ്കോങ്.







All the contents on this site are copyrighted ©.