2009-03-30 14:22:40

പാപ്പാ ഇറ്റലിയിലെ പൗരസന്നദ്ധസവേകരോട്


നീതിയുടെ പാത തെളിക്കുന്ന അധികൃതമാനസാന്തരത്തിന് മാത്രമേ നമ്മെയും മാനവകുലം മുഴുവനെയും നാമാഗ്രഹിക്കുന്ന സമാധാനത്തിലേയ്ക്കു് ആനയിക്കാനാവൂയെന്ന് ഇറ്റലിയിലെ ഏതാണ്ടു ഏഴായിരം പൗരസന്നദ്ധസവേകരെ വത്തിക്കാനിലെ പൗലോസ് ആറാമന്‍ ശാലയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു.
പ്രപഞ്പത്തിന്‍െറ രാജാവായ യേശു സൈന്യത്തിന്‍െറ പിന്‍ബലത്തിലല്ല പ്രത്യുത സ്നേഹത്തിന്‍െറയും, അക്രമരാഹിത്യത്തിന്‍െറയും ചൈതന്യത്തില്‍ സമാധാനം സ്ഥാപിക്കാനാണ് ഈ ലോകത്തില്‍ വന്നത്. അവിടുന്ന് ഗതസേമനിയില്‍ വച്ച് പത്രോസിനോട് വളരെ വ്യക്തമായി പറഞ്ഞു “വാള്‍ ഉറയിലിടുക വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും”. അതിന് മുന്‍പ് അവിടുന്ന് പന്തിയോസ് പീലാത്തോസിനോടായി പറയുകയുണ്ടായി “എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹുദര്‍ക്ക് ഏല്പിക്കപ്പെടാതെയിരിക്കാന്‍ എന്‍െറ സേവകര്‍ പോരാടുമായിരുന്നു”. ഇന്ന് നിരവധി രാജ്യങ്ങള്‍ നടത്തുന്ന ആയുധമല്‍സരം സമാധാനം സ്ഥാപിക്കുവാനുള്ള സുരക്ഷിതമാര്‍ഗ്ഗമല്ല. പ.പിതാവ് തുടര്‍ന്നു- അത് ഒരു കൊടുംപാതകവും, പാവപ്പെട്ടവരോട് ചെയ്യുന്ന ഒരു അസഹനീയ ഉപദ്രവവും ആണ്. അക്രമമാര്‍ഗ്ഗങ്ങള്‍ നിരാകരിച്ച് സ്നേഹത്തിന്‍െറ മാര്‍ഗ്ഗത്തിലൂടെ സമാധാനം സ്ഥാപിക്കാനും, അവകാശങ്ങള്‍ നേടിയെടുക്കുവാനും ശ്രമിക്കുന്നവര്‍ പ്രശംസനീയരാണ്. ആ വിഭാഗത്തില്‍ പെടുന്നവരാണ് നിങ്ങള്‍. പ്രിയ യുവസ്നേഹിതരെ, എല്ലായിടത്തും എപ്പോഴും നിങ്ങള്‍ സമാധാനത്തിന്‍െറ ഉപകരണമാകുക. പാവപ്പെട്ടവരുടെ ആവശ്യങ്ങളോട് സമൂര്‍ത്തമായി പ്രതികരിക്കുന്നതിനു് അവരുടെ ആവശ്യങ്ങളിലേയ്ക്ക് ഹൃദയങ്ങളെ തുറക്കുക. സ്വാര്‍ത്ഥതയുടെ തീരുമാനങ്ങളും അനീതിയും, നിസ്സംഗത്വവും, വൈരാഗ്യവും നിരാകരിച്ച് ക്ഷമയും, നീതിയും, സമത്വഭാവനയും, അനുരഞ്നവും എല്ലാ സമൂഹത്തിലും കെട്ടിപടുക്കുവാന്‍ യത്നിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് സാമൂഹിക അവബോധം കൈവരികയും, അപരരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ പ്രാപ്തരാകുകയും ചെയ്യും. “സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. ആരെങ്കിലും എനിക്കു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും എന്ന ക്രിസ്തുസൂക്തം ക്രൈസ്തവര്‍ക്ക് മാത്രമല്ല മാനവകുലം മുഴുവനും അര്‍ത്ഥവത്തായ ഒരു സത്യമാണ്. ജീവനില്‍ സ്നേഹത്തിന്‍െറ ഒരു രഹസ്യമുണ്ട്. ആ സ്നേഹം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് ആനുപാതികമായി അത് നമ്മില്‍ വര്‍ദ്ധിക്കും. അതിനെ ജീവിതത്തിലെ യുക്തിയായി സ്വീകരിക്കുക. ഇന്ന് മാത്രമല്ല നാളെയും എന്നും. മറ്റുള്ളവര്‍ക്കായി സ്വയം വ്യയം ചെയ്യുവാന്‍ സന്നദ്ധമാകുക. നീതിയ്ക്കായി സഹിക്കുവാനും തയ്യാറാവുക.
 







All the contents on this site are copyrighted ©.