2009-02-16 16:06:40

അനുരഞ്ജനകുദാശയുടെ പ്രസക്തി വീണ്ടും കണ്ടെത്തുവാന്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു


ദൈവത്തില്‍ നിന്നു് വിശ്വാസിയെ പാപം അകറ്റുന്നു. എന്നാല്‍ അനുരഞ്ജനകുദാശ അവരെ ഒന്നിപ്പിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ലത്തീന്‍ ക്രമമനുസരിച്ച് വി.കുര്‍ബാനയില്‍ വായിച്ച, വി.മര്‍ക്കോസ് എഴുതിയ, യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്ന ഭാഗം മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തില്‍ വിശദീകരിക്കവെ പാപ്പാ പറഞ്ഞു. പുരാതനനിയമമനുസരിച്ചു് കുഷ്ഠം വെറും ഒരു രോഗം മാത്രമല്ലായിരുന്നു. അശുദ്ധിയുടെ ഒരു വലിയ അടയാളം കുടിയായിരുന്നു അത് പ.പിതാവ് സുവിശേഷവിചിന്തനം തുടര്‍ന്നു- ആ രോഗം ഒരുതരം മതപരവും, സാമൂഹികവും ആയ മരണമായി കരുതപ്പെട്ടു. അതിന്‍െറ സൗഖ്യമാക്കല്‍ ഒരുത്തരം ഉത്ഥാനമായിരുന്നു. ദൈവത്തില്‍ നിന്നു് നമ്മെ അകറ്റുന്ന ഹൃദയത്തിന്‍െറ അശുദ്ധിയാകുന്ന പാപത്തിന്‍െറ ഒരടയാളം ആ രോഗത്തില്‍ നമുക്കു് കാണാനാവും. ഭൗതികരോഗങ്ങളല്ല പ്രത്യുത ആത്മീയവും, ധാര്‍മ്മികവും ആയ തിന്മകളാണ് നമ്മെ ദൈവത്തില്‍ നിന്നകറ്റുക. നാം ചെയ്യുന്ന പാപങ്ങള്‍ നമ്മെ ദൈവത്തില്‍ നിന്നകറ്റുന്നു. ദൈവകാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചു് വിനയപൂര്‍വ്വം അത് ഏറ്റുപറയുന്നില്ലായെങ്കില്‍, അത് ആത്മാവിന്‍െറ മരണത്തിലേയ്ക്കു് നയിക്കും. അനുരഞ്ജനകുദാശയില്‍ ക്രൂശിതനായി മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തു, തന്‍െറ ശുശ്രൂഷികളിലൂടെ, തന്‍െറ അനന്തകാരുണ്യത്തില്‍ നമ്മെ വിശുദ്ധീകരിക്കുകയും, സ്വര്‍ഗ്ഗീയപിതാവിനോടും നമ്മുടെ സഹോദരമാരോടുമുള്ള കുട്ടായ്മ പുനസ്ഥാപിക്കുകയും, തന്‍െറ സ്നേഹത്തിന്‍െറയും, സന്തോഷത്തിന്‍െറയും, സമാധാനത്തിന്‍െറയും ദാനങ്ങളാല്‍ നമ്മെ നിറയ്ക്കുകയും ചെയ്യും.







All the contents on this site are copyrighted ©.