2009-02-13 15:01:31

അമേരിക്കയിലെ പ്രമുഖ യഹുദനേതാക്കന്മാര്‍ വത്തിക്കാനില്‍


 
അമേരിക്കയിലെ മുഖ്യ യഹുദസംഘടനകളുടെ പ്രസിഡന്‍റുമാരുടെ സഖ്യത്തിന്‍െറ ഒരു പ്രതിനിധിസംഘം വത്തിക്കാനിലെത്തി പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. യഹുദന്‍മാരോടുള്ള സഭയുടെയും, തന്‍െറയും സൗഹൃദം തദവസരത്തിലെ പ്രഭാഷണത്തില്‍ വെളിപെടുത്തിക്കൊണ്ട് പാപ്പാ പറഞ്ഞു- നാസ്സികള്‍ നടത്തിയ യഹുദക്കുട്ടക്കുരുതിയില്‍ പ്രകടമായ സ്ത്രീകളോടും, പുരുഷന്‍മാരോടും, കുട്ടികളോടും ഉള്ള ശത്രുതയും, അവജ്ഞയും ദൈവത്തോടും, മാനവകുലത്തോടും ഉള്ള വലിയ പാപമാണ്. അതിലൂടെ മാനവകുലം മുഴുവന്‍ അപമാനിതയായി. ആ യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ആ ഭീകരക്കുറ്റകൃത്യത്തിന്‍െറ നിരാകരണവും ,അതുപോലെ അതിനെ ലഘൂകരിച്ചു് അവതരിപ്പിക്കുന്നതും ഗര്‍ഹണീയവും, അസ്വീകാര്യവും ആണ്. നാസ്സിഭരണക്കുടം യഹുദജനതയെ മുഴുവനും നശിപ്പിക്കുവാനും, ഭൂമിയിലെ ജനതകളുടെ പട്ടികയില്‍ നിന്നു് അവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ആഗ്രഹിച്ചു. “ഞങ്ങള്‍ അങ്ങയെ പ്രതി വധിക്കപ്പെടുന്നു. അറക്കാനുള്ള ആടുകളായി ഞങ്ങള്‍ കരുതപ്പെടുന്നു” എന്ന സങ്കീര്‍ത്തനവാക്യം ഭീകരമാംവിധം അങ്ങനെ അന്വര്‍ത്ഥമായി. നമ്മുടെ ചരിത്രത്തിലെ ആ ഭീകര അദ്ധ്യായം ഒരിക്കലും വിസ്മരിക്കപ്പെടരുത്. ആ അനുസ്മരണ അനുര്ജ്ഞനത്തിനായുള്ള ഒരു ആഹ്വാനമാണ്, ഒരു മുന്നറിയിപ്പാണ്. സൗഹൃദത്തിന്‍െറ പാലങ്ങള്‍ പണിത് മാനവകുടുംബത്തില്‍ അത്തരം ദുരന്തങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതെയിരിക്കുന്നതിനു് സാധ്യമായവയെല്ലാം ചെയ്യുവാന്‍ ആ അനുസ്മരണ നമ്മെ പ്രചോദിപ്പിക്കണം. തുടര്‍ന്ന് പാപ്പാ കത്തോലിക്കാ യഹുദബന്ധത്തെ പരാമര്‍ശവിഷയമാക്കി. എല്ലാവിധ യഹുദവിരുദ്ധതയും നിരാകരിക്കുവാനും, യഹുദസമൂഹവുമായി സ്ഥിരവും, ആരോഗ്യപരവുമായ ബന്ധം കെട്ടിപടുക്കുവാനും സഭ പ്രതിബന്ധയാണ്. ഗതക്കാലത്ത് വേദനിപ്പിക്കുന്ന പല അനുദവങ്ങിലൂടെ നാം കടന്നുപോയിട്ടുണ്ട്. വേദനയുടെയും, സംഘര്‍ഷത്തിന്‍െറയും അനുഭവമില്ലാത്ത ഒരു കുടുംബവും ഉണ്ടായിരിക്കില്ല. ഇന്നു് നമുക്കു് അനുരഞ്നചൈതന്യത്തില്‍ പരസ്പരം കാണാന്‍ സാധിക്കുന്നു. നമ്മുടെ സൗഹൃദബന്ധത്തിന്‍െറ തിളക്കം കുറയ്ക്കാന്‍ ഗതക്കാലാനുഭവങ്ങളെ നാം ഒരിക്കലും അനുവദിക്കരുത്.







All the contents on this site are copyrighted ©.