2009-02-10 15:21:08

യഥാര്‍ത്ഥ സൗഖ്യമാക്കല്‍ സത്യത്തിലൂടെയും ദൈവസ്നേഹത്തിലൂടെയുമാണ് സംഭവിക്കുക


 യേശുവിന്‍െറ സൗഖ്യദായകപ്രവര്‍ത്തനങ്ങള്‍ സഭയില്‍ കുദാശകളിലൂടെയും, സമൂഹത്തിന്‍െറ ഉപവിപ്രവര്‍ത്തനങ്ങളിലൂടെയും, സഹനത്തിന്‍െറ അര്‍ത്ഥത്തെയും മൂല്യങ്ങളെയും അധികരിച്ച ധാരണയിലൂടെയും തുടരുന്നു. ഞായറാഴ്ച ലത്തീന്‍ ആരാധനക്രമത്തില്‍ വായിക്കപ്പെട്ട വി.മര്‍ക്കോസ് എഴുതിയ സുവിശേഷം ഒന്നാം അദ്ധ്യായം 29 മുതല്‍ 39 വരെയുള്ള വാക്യങ്ങള്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തില്‍ വിശദീകരിക്കവെ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. ആ സുവിശേഷഭാഗം പറയുന്ന യേശു അനേകം രോഗികളെ സൗഖ്യമാക്കിയ സംഭവം മനുഷ്യവ്യക്തി അഭിമുഖീകരിക്കുന്ന രോഗങ്ങളുടെ അര്‍ത്ഥവും, മൂല്യവും വിചിന്തനവിഷയമാക്കുവാന്‍ നമ്മെ ക്ഷണിക്കുകയാണ് പാപ്പാ തുടര്‍ന്നു രോഗം മനുഷ്യജീവിതത്തിന്‍െറ ഏതാണ്ടു ഒരു അവശ്യഭാഗമാണ്.എന്നിട്ടും മനുഷ്യനു് അതുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. രോഗത്തിന്‍െറ ഗുരുതരാവസ്ഥയും, ബുദ്ധിമുട്ടും മാത്രമല്ല അതിന്‍െറ കാരണം. നാം ജീവനായി, സമ്പൂര്‍ണ്ണ ജിവനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അതിന്‍െറ പ്രധാനകാരണം .നാം ദൈവത്തെ സമൃദ്ധമായ ജീവനായി കരുതുന്നു. രോഗത്താല്‍ പരീക്ഷിക്കപ്പെടുകയും, പ്രാര്‍ത്ഥന വൃഥാവിലാണെന്നു് തോന്നുകയും ചെയ്യുമ്പാള്‍ നമ്മുടെ ഹൃദയങ്ങളില്‍ സംശയങ്ങള്‍ ഉയരും, വേദന നിറയും, നാം നമ്മോട് തന്നെ ചോദിക്കും ‘എന്താണ് ദൈവഹിതം’. അതിന്‍െറ ഉത്തരം നാം സുവിശേഷത്തില്‍ കണ്ടെത്തുന്നു. ദൈവം നമ്മെ സംശയത്തിന്‍െറ തണലില്‍ ഉപേക്ഷിക്കുന്നില്ല. യേശു തന്നെ അവതരിപ്പിച്ച ദൈവം, നമ്മെയെല്ലാ തിന്മയില്‍ നിന്നും വിമോചിപ്പിക്കുന്ന ജീവന്‍െറ ദൈവമാണ്. അതിന്‍െറ അടയാളമാണ്, സ്നേഹത്തിന്‍െറ അവിടത്തെ ശക്തിയാണ് അവിടുന്നു് പ്രവര്‍ത്തിച്ച സൗഖ്യദായക അത്ഭുതങ്ങള്‍. ദൈവരാജ്യം സമീപസ്ഥമാണെന്ന സന്ദേശമാണ് അതു് നല്‍കുക. സത്യത്തിന്‍െറയും, സ്നേഹത്തിന്‍െറയും ഉറവിടമായ അവിടത്തെ അസാന്നിദ്ധ്യമാണ് മനുഷ്യന്‍െറ യഥാര്‍ത്ഥവും ആഴവുമായ രോഗങ്ങള്‍. ദൈവത്തോടുള്ള അനുരഞ്നത്തിനു മാത്രമേ യഥാര്‍ത്ഥ സൗഖ്യവും, അധികൃതജിവനും നമ്മുക്കു് തരാനാവൂ. കാരണം സ്നേഹവും, സത്യവും കുടാതെയുള്ള ജീവിതം ആ പേരിനു പോലും അര്‍ഹമല്ല. സത്യത്തിന്‍െറയും, സ്നേഹത്തിന്‍െറയും സാന്നിദ്ധ്യമാണ് ദൈവരാജ്യം. അതാണ് നമ്മുടെ വ്യക്തിത്വത്തെ സൗഖ്യപ്പെടുത്തുക.







All the contents on this site are copyrighted ©.