2009-02-03 15:11:07

 വി.പൗലോസിനെ പോലെ ജീവിക്കുക പാപ്പാ സമര്‍പ്പിതരോട്


 
ദൈവത്തിന്‍െറയും, സഭയുടെയും സേവനാര്‍ത്ഥം തങ്ങളുടെ ജീവിതങ്ങളെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ വി.പൗലോസിനെ പോലെ ക്രിസ്തുവിനായി ക്രിസ്തുവിനോടുകുടെ ക്രിസ്തുവില്‍ ജീവിക്കണമെന്നു് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സമര്‍പ്പിതരുടെ ദിനമായി ആചരിച്ച ഫെബ്രുവരി രണ്ടാം തീയതി വത്തിക്കാനിലെ വി.പത്രോസിന്‍െറ ബസലിക്കായിലെ, സമര്‍പ്പിത അപ്പസ്തോലിക ജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫ്രാങ്ക് റോഡെയുടെ മുഖ്യകാര്‍മ്മികത്വത്തിലെ ദിവ്യബലിയ്ക്കു ശേഷം ആ തിരുകര്‍മ്മത്തില്‍ പങ്കെടുത്ത സമര്‍പ്പിതരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. എല്ലാ ക്രൈസ്തവരുടെയും പ്രത്യേകിച്ചു് ദാരിദ്ര്യ, ബ്രഹ്മചര്യ, അനുസരണ വ്രതങ്ങള്‍ എടുത്ത സമര്‍പ്പിതരുടെ മാതൃകയാണ് വി.പൗലോസ്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- ആവശ്യത്തിലിരിക്കുന്ന സഹോദരീ സഹോദരമാരോട് ഐക്യദാര്‍ഢ്യം കാട്ടികൊണ്ട് സമ്പൂര്‍ണ്ണ ദാനമെന്ന നിലയില്‍ സുവിശേഷപ്രഘോഷണം നടത്തുവാനുള്ള വ്യവസ്ഥ ദാരിദ്ര്യവൃതജീവിതത്തില്‍ അപ്പസ്തോലന്‍ ദര്‍ശിച്ചു. ബ്രഹ്മചര്യത്തിലേയ്ക്കുള്ള ദൈവത്തിന്‍െറ വിളി സ്വീകരിച്ചുകൊണ്ട് വിശുദ്ധന്‍ ഉപരി സമര്‍പ്പണത്തിന്‍െറയും, സ്വാതന്ത്ര്യത്തിന്‍െറയും ചൈതന്യത്തില്‍ സഹോദരിസഹോദരന്‍മാര്‍ക്കു് സേവനമേകുന്നതിനു് തന്‍െറ ഹൃദയത്തെ അവിഭക്തമായി ദൈവത്തിനു് സമര്‍പ്പിച്ചു.ദൈവതിരുമനസ്സിന്‍െറ നിര്‍വഹണവും, സഭാസേവനവും ദൈവത്തിനു പ്രീതികരമായ ഒരു ബലിയായി രുപാന്തരപ്പെടുത്തുവാന്‍ അനുസരണം അപ്പസ്തോലനു് കഴിവു പകര്‍ന്നു. ധ്യാനാത്മകതയും, ദൗത്യവും അതായതു് ദൈവാരാധനയും, മനുഷ്യസേവനവും ഒന്നിപ്പിക്കുന്നതിനായുള്ള ശ്രമത്തിലും വിശുദ്ധനാണ് അവരുടെ മാതൃക. തങ്ങളുടെ സിദ്ധിയെ മറ്റുള്ളവര്‍ക്കായി നല്‍കിയും ഏറ്റവും വലിയ സിദ്ധിയായ സ്നേഹത്തിനു് സാക്ഷൃമേകിയും നിരുപാധിക കുട്ടായ്മയുടെ ചൈതന്യത്തില്‍, സഭയിലും സഭയോടെത്തും തങ്ങളുടെ അപ്പസ്തോലികസേവനം നിര്‍വഹിച്ചും, അനുദിനം ദൈവവചനം വായിച്ചും, പൗലോസ്ശ്ലീഹയ്ക്കായി പ്രത്യേകം നിയോഗിതമായിരിക്കുന്ന ഈ വര്‍ഷത്തില്‍ അപ്പസ്തോലന്‍െറ സാക്ഷൃത്തെ സമര്‍പ്പിതര്‍ മാതൃകയാക്കണം.







All the contents on this site are copyrighted ©.