2009-02-02 14:57:57

കാരുണ്യവധം മനുഷ്യ സഹനത്തിനു തെറ്റായതും മനുഷ്യോചിതമല്ലാത്തതുമായ ഒരു പരിഹാരമാണെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ.


സഹനം എന്ന നാടകീയ യാഥാര്‍ത്ഥ്യത്തിനു തെറ്റായതും മനുഷ്യന്‍റെ മഹത്വത്തിനു നിരക്കാത്തതുമായ ഒരു പരിഹൃതിയാണ് കാരുണ്യവധമെന്നു ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ. സഹനത്തിനു യഥാര്‍ത്ഥ പ്രതിവിധി അതീവ "കാരുണ്യ"ത്തോടെ ആയാലുംശരി ഒരു വ്യക്തിയെ കൊല്ലുകയല്ല, മറിച്ചു വേദനയും യാതനയും മാനുഷികമായ രീതിയില്‍ അഭിമുഖീകരിക്കുന്നതിനു സഹായിക്കുന്ന സ്നേഹത്തിന്‍റെ സാക്ഷൃം നല്കുകയാണെന്നു പാപ്പാ പ്രബോധിപ്പിച്ചു. സഹിക്കുന്നവരുടെയാകട്ടേ, അവരുടെ ചാരേ നിലയുറപ്പിക്കു നിലയുറപ്പിക്കുന്നവരുടെയാകട്ടേ ഒരു തുള്ളി കണ്ണീര്‍പോലും ദൈവതിരുമുമ്പില്‍ വൃഥാവിലാവില്ലയെന്നു നമുക്കുറപ്പുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാപ്രഭാഷണത്തിലാണു പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഈ ഉദ്ബോധനങ്ങള്‍ നല്കിയത്. അന്നു ഇറ്റലിയിലെ കത്തോലിക്കാസഭ ആചരിച്ച ജീവനുവേണ്ടിയുള്ള ദീനംപ്രമാണിച്ചു രാജ്യത്തെ മെത്രാന്മാര്‍ നല്കിയ സന്ദേശത്തിന്‍റെ "ജീവന്‍റെ ശക്തി സഹനത്തില്‍" എന്ന പരിചിന്തന പ്രമേയത്തെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു പാപ്പാ. സഹനം യേശുവിന്‍റെ ദൗത്യത്തിന്‍റെ ഒരവിഭാജ്യ ഘടകമായിരുന്നെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. "മനുഷ്യവര്‍ഗ്ഗത്തെ പാപത്തിന്‍റെ ആധിപത്യത്തില്‍നിന്നു വീണ്ടെടുക്കുന്നതിനു കുരിശില്‍ യഥാര്‍ത്ഥ പെസഹാ കുഞ്ഞാടായി താ൯ ബലിയര്‍പ്പിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് അവിടുത്തേക്കറിയാമായിരുന്നു", ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ തുടര്‍ന്നു. "എന്നാല്‍, സാത്താ൯, അവന്‍റെ ഭാഗത്തുനിന്നാകട്ടെ, ശക്തനും വിജയിയുമായ ഒരു മിശിഹായുടെ മനുഷ്യയുക്തിയിലേക്കു അവിടുത്തെ ശ്രദ്ധ തിരിച്ചുവിടാ൯ പരിശ്രമിക്കുന്നു. ക്രിസ്തുവിന്‍റെ കുരിശ് പിശാചിന് വിനാശകമായിരിക്കും. തന്മൂലമാണു യേശു തനിക്കു മഹത്വത്തിലേക്കു പ്രവേശിക്കുന്നതിനു വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നുവെന്നും, താ൯ ഉപേക്ഷിക്കപ്പെടുകയും, വിധിക്കപ്പെടുകയും, കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്യേണ്ടിയരിക്കുന്നുവെന്നും തന്‍റെ ശിഷ്യന്മാരോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.
യേശു സഹിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തതു സ്നേഹംമൂലമാണ്. ഇതു നാം പരിഗണിക്കുമ്പോള്‍, ഇപ്രകാരമാണ് അവിടുന്നു നമ്മുടെ സഹനത്തിന് അര്‍ത്ഥം പകര്‍ന്നത് എന്ന് നാം ഗ്രഹിക്കുന്നു. ശാരീരികവും ധാര്‍മ്മികവുമായ കഠോര വേദനകളില്‍പോലും ആഴമായ പ്രശാന്തത അനുഭവിച്ച എക്കാലത്തെയും അസംഖ്യം പുരുഷന്മാരും സ്ത്രീകളും സഹനത്തിന്‍റെ ഈ അര്‍ത്ഥം മനസ്സിലാക്കിയവരും സ്വായത്തമാക്കിയവരുമാണ്."







All the contents on this site are copyrighted ©.