2009-01-30 15:49:46

ക്രൈസ്തവവിവാഹത്തിന്‍െറ മൂല്യം ഉയര്‍ത്തിക്കാട്ടുക, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
മുടന്തന്‍ന്യായങ്ങളുടെ മറപിടിച്ചു് വിവാഹമെന്ന കുദാശ അസാധുവായി പ്രഖ്യാപിക്കുന്നപക്ഷം അതു് ക്രൈസ്തവവിവാഹത്തിന്‍െറ മൂല്യംചോര്‍ത്തിക്കളയുമെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മുന്നറിയിപ്പു നല്‍കുന്നു. റോമന്‍ റോത്താ കോടതിയുടെ 2009 ലെ പ്രവര്‍ത്തനാരംഭത്തില്‍ അതിന്‍െറ അംഗങ്ങളെ വത്തിക്കാനിലെ പേപ്പല്‍വസതിയില്‍ സ്വീകരിച്ചു് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. റോമന്‍ റോത്താ കോടതിയൂടെ പ്രത്യേക സവിശേഷതയായ ഉപവിയുടെയും, സത്യത്തിന്‍െറയും ശുശ്രൂഷ വ്യവസ്ഥ ചെയ്യുന്ന ഗൗരവത്തോടെ കേസ്സുകള്‍ കോടതി കൈക്കാര്യം ചെയ്യണമെന്നു് ഉദ്ബോധിപ്പിച്ച പാപ്പാ, മാനവവികസനത്തിന്‍െറ അടയാളമായി കരുതപ്പെടുന്ന വൈകാരികപക്വതയും, വിവാഹത്തിന്‍െറ സാധുത സ്ഥിരീകരിക്കുന്നതിനാവശ്യമായ ഏറ്റം താണ വ്യവസ്ഥയായി കാനന്‍നിയമം അനുശാസിക്കുന്ന മാനസികപക്വതയും തമ്മിലുള്ള വിത്യാസം ചൂണ്ടിക്കാട്ടിക്കാണ്ടു്, കഴിവില്ലായ്മയും ദുഷ്കരത്വവും തമ്മിലുള്ള അന്തരം വിശദീകരിച്ചു. ദുഷ്കരത്വമല്ല പ്രത്യുത അധികൃതജീവന്‍െറ സമൂഹവും സ്നേഹവും കെട്ടിപ്പടുക്കുന്നതിലും, പരസ്പരം സ്നേഹത്തില്‍ കഴിയുന്നതിലും ഉള്ള കഴിവില്ലായ്മ മാത്രമേ വിവാഹത്തെ അസാധുവാക്കുകയുള്ളൂ. സ്ത്രീയും, പുരുഷനുമെന്ന അവളുടെയോ അവന്‍െറയോ സ്വഭാവത്തിന്‍െറ യോഗ്യതയാല്‍ എല്ലാ മനുഷ്യവ്യക്തികള്‍ക്കും വിവാഹിതരാകുന്നതിനു് തത്വത്തില്‍ കഴിവുണ്ടെന്ന യാഥാര്‍ത്ഥ്യം വീണ്ടും കണ്ടെത്തുകയാവശ്യമാണ്. വിവാഹം കഴിക്കുക ഏതാണ്ടു അസാധ്യമാണെന്നു് കരുതുന്ന ആനുകാലിക സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നരവംശശാസ്ത്രപരമായ ദോഷാനുദര്‍ശനത്തില്‍ നിപതിക്കാതെയിരിക്കാന്‍ ജാഗ്രതയാവശ്യമാണ്. വിവാഹത്തിന്‍െറ സ്ഥിരവും, കൗദാശികവുമായ സ്വഭാവം സംരക്ഷിക്കുവാന്‍ ശ്രമിക്കുമ്പാള്‍ കോടതി വിവാഹമോചിതരാകാന്‍ ആഗ്രഹിക്കുന്നവരുടെ ജീവിതത്തെ ആയാസകരമാക്കുകയല്ല മറിച്ചു് സ്നേഹിക്കുവാനും, മറ്റെരാള്‍ക്കായി സ്വയം സമര്‍പ്പിക്കുവാനുള്ള കഴിവു് മനുഷ്യസ്വഭാവത്തിന്‍െറ ഒരു സവിശേഷതയാണെന്നു് കാട്ടുകയാണ്. സ്ഥിരമായ സമര്‍പ്പണപ്രതിബദ്ധത ബഹുഭൂരിപക്ഷം ആളുകള്‍ക്കു് സാധ്യമാണെന്ന സഭാനിലപാട്, വിവാഹത്തിന്‍െറ സ്വാഭാവികയാഥാര്‍ത്ഥ്യവും, രക്ഷാകരപദ്ധതിയിലെ അതിന്‍െറ പ്രാധാന്യവും ഗ്രഹിക്കാന്‍ ദമ്പതികളെ സഹായിക്കും.







All the contents on this site are copyrighted ©.