2009-01-26 17:01:17

വത്തിക്കാന്‍റെ ചാനല്‍ "യുട്യൂബ്" വെബ്സൈറ്റില്‍ തുടങ്ങി.


മാര്‍പാപ്പയുടെ ഔദ്യോഗിക ച‍െയ്തികളെയും വത്തിക്കാ൯ വൃത്താന്തങ്ങളെയും സംബന്ധിച്ച ഹ്രസ്വ വീഡിയോ വാര്‍ത്തകള്‍ വത്തിക്കാ൯ സ്വന്തമായ ചാനലില്‍ "യുട്യൂബില്‍" സംപ്രേക്ഷണം ചെയ്തു തുടങ്ങി. രണ്ടു മിനിട്ടില്‍ കവിയാത്ത ഒന്നോ രണ്ടോ ഇനങ്ങള്‍ ഓരോ ദിവസവും ചേര്‍ത്തു വത്തിക്കാ൯ വെബ്സൈറ്റ് പുതുക്കിക്കൊണ്ടിരിക്കും. ഇപ്പോള്‍ ഇംഗ്ലീഷ്, സ്പാനീഷ്, ജര്‍മ്മ൯, ഇറ്റാലിയ൯ ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. വെബ് സൈറ്റിന്‍റെ മേല്‍വിലാസം ‌> http.//www.youtube.com/vatican.
കത്തോലിക്കാസഭ ഇക്കൊല്ലം ആചരിക്കുന്ന ലോക സാമൂഹ്യസമ്പര്‍ക്കമാധ്യമദിനം പ്രമാണിച്ചു പതിനാറാം ബനഡിക്ട് മാര്‍പാപ്പ നല്കിയ സന്ദേശം പ്രകാശനം ചെയ്യുന്നതിനു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ വിളിച്ചുകൂട്ടിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് വത്തിക്കാ൯ ചാനലിന്‍റെ "യുട്യൂബി"ലെ അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. വത്തിക്കാ൯ പ്രസ്സ് ഓഫീസിന്‍റെ മേധാവി, വത്തിക്കാ൯ ടെലവിഷ൯ കേന്ദ്ര(സി.റ്റി.വി.)ത്തിന്‍റെ ഡയറക്ടര്‍, വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന ഈശോസഭാ വൈദിക൯ ഫെദരീകൊ ലൊമ്പാര്‍ദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
വത്തിക്കാ൯ ചാനലിന്‍റെ "യുട്യൂബ്" രംഗത്തേക്കുള്ള പ്രവേശത്തെ ദേശ, സംസ്കാരഭേദമെന്യേ ആഗോള പ്രേക്ഷകരിലെത്തുന്നതിനു പുതിയ വിവരസാങ്കേതിക വിദ്യകളുടെ മേഖലയിലെ സഭയുടെ പ്രതിബദ്ധതയുടെ യഥാര്‍ത്ഥവും തൊട്ടറിയാവുന്നതുമായ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. "വത്തിക്കാ൯ റേഡിയോ അതിന്‍റെ വെബ്സൈറ്റില്‍ ഏതാണ്ട് ഒന്നര വര്‍ഷമായി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വാര്‍ത്തകള്‍ വേണ്ടത്ര സ്ഥിരത കൈവരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, മുഖ്യമായും കത്തോലിക്കാവിശ്വാസികളായ പ്രേക്ഷകരെ ലക്ഷൃമാക്കിയിരുന്ന ആ സേവനം, ആഗോള പ്രേക്ഷകര്‍ക്കു സംലഭ്യമാക്കുമാറ് ഒരു പടികൂടി മുന്നോട്ടു കടക്കാ൯ അഭിലഷിച്ചു", ഫാദര്‍ ലൊമ്പാര്‍ദി തുടര്‍ന്നു. "കാരണം ലോകത്തിലെ ഇന്നത്തെ നീറുന്ന പ്രശ്നങ്ങളെ സംബന്ധിച്ചു മാര്‍പാപ്പയെ, പൊതുവെ പറഞ്ഞാല്‍ കത്തോലിക്കാസഭയെ, പോലെയുള്ള ഒരു ഉന്നത ധാര്‍മ്മിക അധികാരസ്ഥാനത്തിന്‍റെ പ്രഖ്യാപനങ്ങളും നിലപാടുകളും അറിയാ൯ കാതോര്‍ക്കുന്നവരും അവ ചെവിക്കൊള്ളാ൯ സന്നദ്ധരും അവയില്‍ തല്പരരുമായ വ്യക്തികള്‍ സര്‍വ്വത്രയുണ്ട് എന്ന അവബോധം സഭ പുലര്‍ത്തുന്നു. ആകയാല്‍ ആധുനിക സമ്പര്‍ക്കമാധ്യമങ്ങളുടേതായ മഹാ "അരെയോപ്പാഗസു"കളില്‍ ഒന്നായ വെബ്സൈറ്റിലും സാന്നിധ്യമുണ്ടായിരിക്കുന്നതിനുള്ള ഉചിത വേദിയായി "യുട്യുബ്" വത്തിക്കാ൯ തിരഞ്ഞെടുത്തു. മാര്‍പാപ്പയെയും വത്തിക്കാനെയും സംബന്ധിച്ച ഏറെ വിവരങ്ങള്‍ തുണ്ടുതുണ്ടുകളായും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി മാറ്റിയ രൂപത്തിലും നിരവധി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ സാന്നിധ്യത്തിനു വിശ്വാസ്യവും തുടര്‍ച്ചയുള്ളതുമായ ഒരു സംശോധക കേന്ദ്രമായിരിക്കാ൯ സാധിക്കും.
"യുട്യൂബി"ലെ വത്തിക്കാ൯ ചാനലിന്‍റെ "ഹോം പേജി"ല്‍ പാപ്പായെയും വത്തിക്കാനെയും കത്തോലിക്കാസഭയെയുംപ്പറ്റി സവിസ്തരങ്ങളും സര്‍വ്വവിശദാംശങ്ങളും അടങ്ങിയിട്ടുള്ളവയുമായ നിരവധി രേഖകളിലേക്കു ബന്ധിപ്പിക്കുന്ന കണ്ണികളും "ലിങ്ക്സും" ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ "ലിങ്ക്സു"കളില്‍ ഏറ്റവും പ്രധാനപ്പെട്ടവ, സ്വാഭാവികമായും, വത്തിക്കാ൯ ടെലവിഷ൯, വത്തിക്കാ൯ റേഡിയോ (38 ഭാഷകളില്‍), വത്തിക്കാന്‍റെ ഔദ്യോഗിക വെബ്സൈറ്റ്, വത്തിക്കാ൯ രാഷ്ട്രത്തിന്‍റെ പുതിയ സൈറ്റ് ഇവയിലേക്കുള്ളവയാണ്.
"യുട്യൂബി"ന്‍റെ അതിവിശാല ലോകത്തിലേക്കു കടക്കുന്നതുവഴി വത്തിക്കാനില്‍നിന്നു ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കും മറിച്ചും ഉള്ള വിവരവിനിമയ സാധ്യതകള്‍ വര്‍ദ്ധമാനമാക്കുന്നു. ഇത് ആശയവിനിമയും ബന്ധങ്ങളുടെ സ്ഥാപനവും അനായാസമാക്കുന്നു; സന്ദേശങ്ങള്‍ അയക്കുന്നതിനും, അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും, ഇഷ്ടപ്പെടുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കുന്നു, "യുട്യൂബ്" വേദിയിലെ വത്തിക്കാന്‍റെ സാന്നിധ്യം എല്ലാവശങ്ങളിലേക്കുള്ള ഈ വിനിമയ സംവിധാനത്തില്‍ സംവാദത്തിന്‍റെയും തുറവിന്‍റെയുമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു.
നമ്മെ ബഹുദൂരത്തേക്കാനയിക്കാ൯പോരുന്ന ഒരു പ്രയാണം ഒരു മഹാ ആഗോള വെബ്സൈറ്റില്‍ നാം ആരംഭിക്കുകയാണ്. മാര്‍പാപ്പയും, കത്തോലിക്കാസഭയും, വത്തിക്കാ൯ ടെലവിഷ൯ കേന്ദ്രവും വത്തിക്കാ൯ റേഡിയോയും ഈ പുതിയ ആശയവിനിമയ ശൈലികളിലൂടെ ഇന്നത്തെ മനുഷ്യര്‍ക്ക് സഹാനുഭാവേനയുള്ള ധാരണയോടും പങ്കാളിത്തത്തോടും സഹചാരികളാകുന്നു", ഫാദര്‍ ഫെദരീകോ ലൊമ്പാര്‍ദി പറഞ്ഞു.
വത്തിക്കാന്‍റെ ചാനല്‍ "യുട്യൂബ്" വെബ്സൈറ്റില്‍ ആരംഭിക്കുന്ന പദ്ധതിയെപ്പറ്റി ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയെ മുഖതാവില്‍ ധരിപ്പിച്ചിരുന്നുവെന്നും പാപ്പാ അതിനു സഹര്‍ഷം നല്കിയ അംഗീകാരം തങ്ങള്‍ക്ക് വലിയ പ്രോത്സാഹനം പകര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.







All the contents on this site are copyrighted ©.